SignIn
Kerala Kaumudi Online
Saturday, 24 October 2026 2.10 PM IST

രോഗിയായി ചെന്നാൽ 'ബോഡി'യായി ഇറങ്ങാം

sabha

പൊതുവെ സൗമ്യനും മിതഭാഷിയും രാഷ്ട്രീയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കുന്നതിൽ പ്രത്യേക കരുതലുമുള്ള കേരള കോൺഗ്രസ് അംഗം ഡോ. എൻ. ജയരാജിന് സഭയിലെ ചർച്ചാവേളകളിൽ ദീ‍ർഘിച്ച സമയം കിട്ടാറില്ല,​ കിട്ടുമ്പോൾ കാര്യമാത്ര പ്രസക്തമായ കാര്യങ്ങളാവും അദ്ദേഹം പറയാറ്. പക്ഷെ,​ ഇന്നലെ അദ്ദേഹത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ സിനിമയും കവിതയുമൊക്കെ പെയ്തിറങ്ങി. മഹാകവി കുമാരാനാശാന്റെ 'വണ്ടേ നീ തുലയുന്നു,​ വീണയീ വിളക്കും നീ കെടുക്കുന്നിതേ"എന്ന് അദ്ദേഹം ഉദ്ധരിച്ചത് ഡ്രൈവിംഗ് ലൈസൻസ് നൽകാൻ കൊണ്ടുവന്ന പുതിയ മാനദണ്ഡങ്ങളെ പ്രശംസിക്കാനാണ്.

മന്ത്രിമാരായ കെ.ബി. ഗണേഷ് കുമാറിനും വീണാ ജോർജിനുമാണ് ജയരാജന്റെ പിശുക്കില്ലാത്ത പ്രശംസ ഇന്നലെ കിട്ടിയത്. 'ജേക്കബിന്റെ സ്വർഗരാജ്യം" എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രം പറയുന്ന,​ 'ഒരു മലയാളി മലയാളി ആവണമെങ്കിൽ ഈ വണ്ടിയിൽ യാത്ര ചെയ്യണ"മെന്ന സംഭാഷണശകലവും അദ്ദേഹം കടമെടുത്തു. കെ.എസ്.ആർ.ടി.സി ബസുകളുടെ മഹത്വവും പാരമ്പര്യവും വർണിക്കാൻ അതും പോരെന്നു തോന്നിയപ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം" എന്ന ചിത്രത്തിൽ മധുവും ശാരദയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ബസിൽ സഞ്ചരിക്കുന്ന സന്ദർഭവും വിശദമാക്കി. വിവാഹാവശ്യങ്ങൾക്ക് വാടകയ്ക്കു നൽകുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ നിരക്ക് അല്പം കുറയ്ക്കണമെന്ന ലഘു നിർദ്ദേശവും വച്ചു.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് 'രോഗി"യായി ചെന്നാൽ 'ബോഡി"യായി തിരിച്ചിറങ്ങാമെന്ന് അല്പം അതിശയോക്തി സ്വരത്തിൽ കോൺഗ്രസ് അംഗം സനീഷ് കുമാർ ജോസഫ് വിശദീകരിച്ചത് ജനങ്ങളുടെ ആരോഗ്യാവസ്ഥയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ടാണ്. പല ഡിപ്പാർട്ടുമെന്റുകളിലും ആവശ്യത്തിന് ഡോക്ടർമാരില്ല, ജീവനക്കാരില്ല. ഒ.പി സമയം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയാണ്. സ്കാനിംഗ് നടത്തണമെങ്കിൽ രണ്ടുമാസം കാത്തിരിക്കണം, അതിന്റെ റിപ്പോർട്ട് കിട്ടാൻ പിന്നൊരു പത്ത് ദിവസം. സനീഷ് കുമാറിന്റെ ആവലാതികൾ കേട്ടപ്പോൾ മന്ത്രി വീണാജോർജിന്റെ മുഖത്തും ചിരി പടർന്നു.

കോൺഗ്രസ് അംഗം രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച സഭയിൽ നടത്തിയ പ്രസംഗത്തിൽ എ.കെ.ജി സെന്ററിനെപ്പറ്രിയൊക്കെ പരാമർശിച്ചത് കറകളഞ്ഞ കമ്യൂണിസ്റ്റായ കെ. ശാന്തകുമാരിക്ക് അത്ര പിടിച്ചില്ല. ഇന്നലെ തന്റെ ഊഴത്തിൽ അവർ കണക്ക് തീർത്തു. പുത്തനച്ചി പുരപ്പുറം തൂക്കുംപോലെയാണ് രാഹുലിന്റെ പ്രസംഗമെന്നാണ് അവർ പറഞ്ഞത്. പ്രതിപക്ഷ നേതാവിനേക്കാൾ വലിയ നേതാവെന്ന മട്ടും ഭാവവുമാണ് മാങ്കൂട്ടത്തിലിനെന്ന് അവർ തുറന്നടിച്ചു. നിയമസഭയുടെ രീതികളൊക്കെ സ്പീക്കർ രാഹുൽ മാങ്കൂട്ടത്തിലിനെ പഠിപ്പിക്കണമെന്നും നിർദ്ദേശിച്ചു. തങ്ങളൊക്കെ സഭയിൽ വരുന്നത് ഏറെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഹോംവർക്കും ചെയ്തിട്ടാണെന്ന കാര്യവും ശാന്തകുമാരി ഓർമ്മപ്പെടുത്തി.

സി.പി.എം സംസ്ഥാന സമ്മേളനം നല്ല നിലയിൽ നടന്നതിന്റെ കണ്ണുകടിയോ എന്തോ, അന്നുതൊട്ട് തുടങ്ങിയതാണ് പ്രതിപക്ഷാംഗങ്ങൾ സമ്മേളനത്തെക്കറിച്ചുള്ള കുറ്റംപറച്ചിലുകൾ. മുൻ തൊഴിലാളി പ്രസ്ഥാനം എന്ന് കഴിഞ്ഞ ദിവസം ഒരു പ്രതിപക്ഷാംഗം കളിയാക്കി. ഇന്നലെ അതാ വരുന്നു, ലീഗ് അംഗം പി. ഉബൈദുള്ളയുടെ വക പുതിയൊരു പേര്- ക്യാപ്പിറ്റലിസ്റ്റ് പാർട്ടി ഒഫ് ഇൻവെസ്റ്റേഴ്സ്! പാർട്ടിയുടെ പേര് അങ്ങനെ മാറ്റണമെന്നാണ് ഉബൈദുള്ളയുടെ ഉപദേശം. പാർട്ടി പതാകയിലെ അരിവാൾ ചുറ്റിക ഇപ്പോൾ എവിടെ എത്തിനിൽക്കുന്നുവെന്ന് ഒരു ആത്മഗതവും.

സെൽഭരണം സെസ് ഭരണത്തിനു വഴിമാറി എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. 1964-ൽ വി.എസ് അച്യുതാനന്ദൻ പിടിച്ചുകൊണ്ടിറങ്ങിയ കൊടി അവസാനമായി പിടിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നു പറഞ്ഞത്, കൊല്ലം സമ്മേളനത്തിൽ പതാക ഉയർത്തിയതു സൂചിപ്പിച്ചാണ്. വെള്ളക്കടലാസിൽ പേരെഴുതി കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ പോലും നിങ്ങൾക്ക് കഴിയുമോ എന്ന വെല്ലുവിളി ഉയർത്തിയത് സി.പി.എമ്മിലെ ജനീഷ് കുമാറാണ്.

മാലപ്പടക്കത്തിന് തീകൊളുത്തും പോലെയായിരുന്നു കെ.കെ. രമയുടെ തകർപ്പ്. ആശാ വർക്കർമാരുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ആരോഗ്യമന്ത്രിയോടുള്ള എല്ലാ പ്രതിഷേധവും സ്ഫുരിക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. ആർക്കും ഒരു ഇടപെടലിനും അവസരം നൽകാതെ രമ അങ്ങനെ കത്തിക്കയറിയപ്പോൾ പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷവും അന്തംവിട്ടിരുന്നു. 'ഇരട്ടച്ചങ്കുണ്ടായാൽ പോരാ, ചങ്കിൽ ഇത്തിരി മനുഷ്യത്വം വേണം" എന്ന രമയുടെ വാക്കുകൾ എവിടെയൊക്കെയോ തറച്ചുകാണും. ആശാ വർക്കർമാരുടെ ആനുകൂല്യം നൽകാതെ കേന്ദ്രത്തെ കുറ്രം പറയുന്നു. ആശാ വർക്കർമാർ പണിയെടുക്കുന്നത് കേന്ദ്രത്തിനു വേണ്ടിയാണോ എന്നൊരു ചോദ്യവും കെ.കെ രമ ഉയർത്തി.

പാനൽ അവതരിപ്പിക്കുക, കുറച്ചുപേർ കൈയടിച്ചു പാസാക്കുക, കുറച്ചുപേർ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുക... എം. വിൻസെന്റിന്റെ അഭിപ്രായത്തിൽ ഇതാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിൽ നടന്നത്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഒന്നാം തീയതി കിട്ടിയില്ല. പക്ഷെ ഏപ്രിലിൽ കിട്ടും. അത് റഫറണ്ടം ശമ്പളമാണെന്നും വിൻസെന്റ് പരിഹസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION