
സ്ത്രീപീഡനത്തിന്റെ തുടർവർത്തമാനങ്ങൾ അവസാനിക്കുന്നതേയില്ല. ലിംഗസമത്വവും നിയമങ്ങളുടെ സമമായ സംരക്ഷണവും ഭരണഘടന ഉറപ്പുനൽകുകയും, നിയമ നിർമ്മാണ സഭകൾ സ്ത്രീസംരക്ഷണം ലക്ഷ്യമിട്ട് നിരവധി നിയമങ്ങൾ പാസാക്കുകയും ചെയ്തിട്ടും പീഡനപർവത്തിന് അറുതിയില്ലാത്തത് എന്തുകൊണ്ടാണ്? ഭരണഘടന നൽകുന്ന, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നത്, ജീവൻ നിലനിറുത്താനുള്ള അവകാശമല്ല; സ്‌ത്രീയായാലും പുരുഷനായാലും അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്.
സ്‌ത്രീകൾ ഇന്നു നേരിടുന്ന പീഡനങ്ങൾക്ക് ബലാത്സംഗം മുതൽ സ്‌ത്രീത്വത്തെ അപമാനിക്കൽ വരെ പല മുഖങ്ങളുണ്ട്. ഇതിനെല്ലാം എതിരായ നിയമങ്ങൾ നിരവധിയാണ്. സ്‌ത്രീക്കെതിരെ അവരെ അപമാനിക്കുംവിധം പെരുമാറുകയോ, വാക്കുകൊണ്ടോ അതിക്രമം കൊണ്ടോ ആംഗ്യം കൊണ്ടോ സ്‌ത്രീത്വത്തെ അപമാനിക്കുകയോ ചെയ്താലും ജാമ്യമില്ലാ കുറ്റകൃത്യമാണെന്ന് നിലവിലുള്ള നിയമങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്‌ത്രീപീഡനങ്ങളിൽ ഏറ്റവും ക്രൂരമായത് ബലാത്സംഗം ആണ്. അത്, ജീവിക്കുവാനുള്ള അവകാശത്തിന്റെ നിഷേധമാണ്. ഭാരതീയ ന്യായ സംഹിതയിൽ (BNS) സെക്ഷൻ 63-ൽ (ഐ.പി.സി 375) ബലാത്സംഗം നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഒരു സ്‌ത്രീയുടെ സമ്മതമില്ലാതെയോ, അവരുടെ ഇഷ്ടത്തിനു വിപരീതമായോ,
(1) അവൾക്കോ അവൾക്കു താത്പര്യമുള്ളവർക്കോ മരണമോ ശാരീരിക പീഡനമോ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തി അവളുടെ കൃത്രിമ സമ്മതം നേടിയെടുത്തോ,
(2) ഭർത്താവ് എന്ന വ്യാജേന സമ്മതം നേടിയെടുത്തോ,
(3) മദ്യമോ മയക്കുമരുന്നോ നൽകി സമ്മതം നേടിയെടുത്തോ,
(4) 18 വയസിനു താഴെയാണ് പ്രായമെങ്കിൽ അവളുടെ സമ്മതമോ വിസമ്മതമോ കാര്യമാക്കാതെയോ,
(5) ഒരു സ്‌ത്രീക്ക് സമ്മതം അറിയിക്കാൻ ശേഷിയില്ലാത്ത അവസ്ഥയിലോ ഏർപ്പെടുന്ന ലൈംഗിക ബന്ധം ബലാത്സംഗ നിർവചനത്തിൽപ്പെടും.
മേൽ വിശദമാക്കിയ അവസ്ഥയിലുള്ള സ്‌ത്രീയെ, ബലാത്സംഗം ചെയ്യുന്ന വ്യക്തിയുമായോ മറ്റാരെങ്കിലുമായോ ലൈംഗികബന്ധം ചെയ്യിപ്പിച്ചാലും അത് ബലാത്സംഗ നിർവചനത്തിൽ വരും. കൂടാതെ, ബലാത്സംഗം ചെയ്യുന്നയാൾ, സ്‌ത്രീയുടെ സ്വകാര്യഭാഗങ്ങളിൽ തന്റെ മറ്റേതെങ്കിലും ശരീരഭാഗമോ വസ്‌തുവോ കടത്തുകയോ, അയാളുമായോ മറ്റാരെങ്കിലുമായോ അപ്രകാരം ചെയ്യിക്കുവാൻ ഇടയാകുകയോ ചെയ്താലും അതും ബലാത്സംഗ നിർവചന പരിധിയിൽ വരുന്നു. ഈ വിധത്തിലുള്ള കുറ്റത്തിന് പത്തുവർഷത്തിൽ കുറയാത്തതും, ജീവപര്യന്തം വരെയുള്ളതുമായ കഠിനതടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.
ബലാത്സംഗക്കുറ്റം പലവിധമാണ്, അതനുസരിച്ച് ശിക്ഷകളും വ്യത്യസ്തമാണ്. (1) ഒരു പൊതുജന സേവകൻ- അതായത് ഒരു പൊലീസ് ഉദ്യോഗസ്ഥൻ, തന്റെ അധികാര അതിർത്തിക്കുള്ളിലോ, മറ്റേതെങ്കിലും സ്റ്റേഷന്റെ പരിസരത്തു വച്ചോ, അതുമല്ലെങ്കിൽ തന്റെയോ കീഴുദ്യോഗസ്ഥന്റെയോ കസ്റ്റഡിയിലുള്ളതോ ആയ സ്ത്രീയെ ബലാത്സംഗം ചെയ്താൽ,
(2) സായുധസേനയിലെ അംഗം അയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പ്രദേശത്തു വച്ച് ബലാത്സംഗം ചെയ്താൽ,
(3) ഒരു ജനസേവകൻ തന്റെയോ കീഴ്ജീവനക്കാരന്റെയോ അധീനതയിലുള്ള സ്‌ത്രീയെ ബലാത്സംഗം ചെയ്താൽ,
(4) ആശുപ്രതിയിലുള്ള സ്‌ത്രീയെ അവിടത്തെ ഭരണ നിർവഹണത്തിലുള്ളതോ ഉദ്യോഗവൃന്ദത്തിലുള്ളതോ ആയ വ്യക്തി ബലാത്സംഗം ചെയ്താൽ,
(5) ഒരു സ്‌ത്രീയുടെ ബന്ധുവോ അദ്ധ്യാപകനോ രക്ഷകർത്താവോ ആയിരിക്കെ, ആ സ്‌ത്രീയെ ബലാത്സംഗം ചെയ്താൽ,
(6) ഒരു ജയിലിന്റെയോ, റിമാൻഡ് ഭവനം തുടങ്ങിയവയുടെയോ ഉദ്യോഗസ്ഥൻ അവിടത്തെ അന്തേവാസിയെ ബലാത്സംഗം ചെയ്താൽ... ഇങ്ങനെയുള്ള ബലാത്സംഗ കുറ്റത്തിന് പത്തുവർഷം മുതൽ ജീവിതാവസാനം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ.
പതിനാറു വയസിൽ താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ ഇരുപതു വർഷത്തിൽ കുറയാത്ത കഠിന തടവോ ജീവിതാവസാനം വരെയുള്ള കഠിനതടവോ കൂടാതെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. (ഇവിടെ അറിഞ്ഞിരിക്കേണ്ടത്, ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾ 14 വർഷം ജയിലിൽ കഴിഞ്ഞാൽ മിക്കപ്പോഴും ജയിൽ മോചിതനായേക്കും. അതേസമയം ജീവിതാവസാനം വരെ ജയിൽശിക്ഷ ലഭിക്കുന്നയാൾ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ടി വരും).
പന്ത്രണ്ട് വയസിനു താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയോ, അതിനിടെ അവൾ കൊല്ലപ്പെടുകയോ. അതുമല്ലെങ്കിൽ ചലനശേഷി സ്ഥിരമായി നഷ്ടപ്പെടുകയോ ചെയ്താൽ, കുറ്റക്കാരന് ഇരുപതു വർഷത്തിൽ കുറയാത്ത കഠിന തടവോ, അല്ലെങ്കിൽ മരണം വരെയുള്ള കഠനിതടവോ, അതുമല്ലെങ്കിൽ വധശിക്ഷ പോലുമോ ലഭിക്കാവുന്നതാണ്.
ഒരു സ്‌ത്രീയെ സംഘത്തിൽപ്പെട്ട ഒന്നോ അതിലധികമോ ആളുകൾ ബലാത്സംഗം ചെയ്താൽ, അവരിൽ ഓരോ വ്യക്തിയും ബലാത്സംഗം ചെയ്തതായി കണക്കാക്കി ഓരോരുത്തർക്കും ഇരുപതു വർഷത്തിൽ കുറയാത്ത കഠിനതടവോ, ജീവിതാവസാനം വരെയുള്ള കഠിന തടവോ കൂടാതെ പിഴയും ലഭിക്കാവുന്നതാണ്. അങ്ങനെ ബലാത്സംഗത്തിന് വിധേയയാകുന്ന സ്‌ത്രീ പതിനെട്ട് വയസിനു താഴെയാണെങ്കിൽ ഓരോ കുറ്റക്കാരനും മരണം വരെയുള്ള കഠിന തടവോ വധശിക്ഷയോ ലഭിക്കാവുന്നതാണ്.
ബലാത്സംഗത്തിനു പുറമേ സ്‌ത്രീകൾ മറ്റുപല തരം പീഡനങ്ങൾക്കും വിധേയരാകുന്നുണ്ട്. അതായത്, നിയമപരമായോ അല്ലാതെയോ വേർപിരിഞ്ഞു കഴിയുന്ന ഭാര്യയുമായി ലൈംഗികബന്ധം പുലർത്തുന്നത് ബലാത്സംഗം അല്ലെങ്കിലും കുറ്റകരമാണ്. അങ്ങനെ ചെയ്യുന്ന ഭർത്താവിന് രണ്ടുമുതൽ ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാം. ഒരു സ്‌ത്രീയോട് വിവാഹം കഴിക്കാം എന്ന് വ്യാജ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് പത്തു വർഷം വരെ തടവും പിഴയും ലഭിക്കാം.
ഈ അവസരത്തിൽ എടുത്തുപറയേണ്ട ഒരു വസ്തുത, മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾക്ക് വിധേയരാവുന്നവരുടെ പേരു വിവരമോ, സ്വഭാവത്തെക്കുറിച്ചുള്ള വിവരമോ അച്ചടിക്കുകയോ പ്രസിദ്ധപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാണ് എന്നതാണ്. ഇങ്ങനെയുള്ള കുറ്റകൃത്യത്തിന് രണ്ടുവർഷം വരെയുള്ള തടവും പിഴയും ശിക്ഷയായി ലഭിക്കാം. എന്നാൽ, ഇത്തരം കേസുമായി ബന്ധപ്പെട്ടുള്ള കോടതി നടപടികൾ കോടതിയുടെ അനുവാദത്തോടെ പ്രസിദ്ധീകരിക്കാവുന്നതുമാണ്.
മേൽ വിവരിച്ച സ്‌ത്രീപീഡനങ്ങൾക്കു പുറമേ, താഴെ പറയുന്ന പ്രവൃത്തികളും സ്‌ത്രീപീഡനത്തിന്റെ പരിധിയിൽ വരും. സ്ത്രീക്ക് ഇഷ്ടപ്പെടാത്ത അശ്ളീലചിത്രമോ അശ്ളീല സാഹിത്യമോ അവളെ കാണിക്കൽ, ആസക്തിയോടെയുള്ള ശരീര സ്പർശനം, ലൈംഗിക ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുവേണ്ടിയുള്ള ആവശ്യപ്പെടൽ, ലൈംഗിക സ്പർശമുള്ള അഭിപ്രായ പ്രകടനങ്ങൾ ഇവയെല്ലാം ശിക്ഷാർഹമായ കുറ്റങ്ങളാണ്. മൂന്നുവർഷം വരെ കഠിനതടവും പിഴയുമാണ് ഈ കുറ്റങ്ങൾക്കുള്ള ശിക്ഷ.
മാന്യമല്ലാത്ത രീതിയിൽ സ്ത്രീകളുടെ ശരീരഭാഗമോ രൂപമോ ചിത്രീകരിച്ചാൽ രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഒരു സ്‌ത്രീ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതോ, വസ്ത്രം മാറുന്നതോ ഒളിഞ്ഞുനോക്കിയാൽ അങ്ങനെ ചെയ്യുന്നയാൾക്ക് ഒരുവർഷം മുതൽ മൂന്നുവർഷം വരെ ശിക്ഷ ലഭിക്കാം. ഈയിടെ മദ്രാസ് ഹൈക്കോടതി വിധിച്ചത്, ജോലിസ്ഥലത്ത് സ്ത്രീകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതു പ്രവൃത്തിയും അത്തരം സംസാരവും ലൈംഗികപീഡനമായി കണക്കാക്കാം എന്നാണ്.
മേൽവിവരിച്ച രീതിയിൽ സ്‌ത്രീപീഡനങ്ങളും അവയ്ക്കുള്ള ശിക്ഷകളും വ്യക്തമായ രീതിയിൽ നിലനിൽക്കേ, അവയെ സ്വാർത്ഥമതികളും ദുർബുദ്ധികളുമായ അപൂർവം ചില സ്ത്രീകൾ പലവിധത്തിൽ ദുരുപയോഗം ചെയ്യുന്നതായും കാണുന്നുണ്ട്. സ്ത്രീ അനുകൂല നിയമങ്ങളെ പുരുഷനെ പീഡിപ്പിക്കുന്നതിനും ശിക്ഷിപ്പിക്കുന്നതിനുമുള്ള ഉപകരണമാക്കുവാൻ ശ്രമിക്കുന്ന സംഭവങ്ങൾ നിർബന്ധമായും തടയേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |