SignIn
Kerala Kaumudi Online
Thursday, 22 October 2026 11.02 PM IST

മുതലമട മാമ്പഴം; കെഡാവറുകളുടെ ക്ഷാമവും

sabha

അടിയന്തര പ്രമേയത്തിന്മേലുള്ള ഭരണ-പ്രതിപക്ഷ ഗുസ്തിപിടിത്തം ഇല്ലാതിരുന്നതിനാൽ ഏറെക്കുറെ ശാന്തമായിരുന്നു ഇന്നലെ നിയമസഭാ സമ്മേളനം. സഭാനടപടികൾക്ക് മാമ്പഴത്തിന്റെ മാധുര്യം പകർന്നത് നെന്മാറയിലെ സി.പി.എം അംഗം കെ.ബാബുവാണ്. കേരളത്തിലെ മാംഗോ സിറ്റിയായ മുതലമടയിൽ 4,000 ഹെക്ടറിലാണ് മാവ് കൃഷി. ഇവിടെ നിന്നുള്ള വിവിധ ഇനങ്ങൾക്ക് 200 മുതൽ 450 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. അത്യന്തം സ്വാദിഷ്ഠമായ മാങ്ങയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. പക്ഷെ മാവിൻ തോട്ടങ്ങളിൽ കാട്ടാന ശല്യം കർഷകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നു. വന്യമൃഗ ശല്യംമൂലം കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാൻ വേണ്ടിയാണ് ബാബു സബ് മിഷൻ കൊണ്ടുവന്നത്. ബാബുവിന്റെ വിശദമായ അവതരണം കേട്ടുകഴിഞ്ഞപ്പോൾ സ്പീക്കർ എ.എൻ.ഷംസീറിന്റെ നിർദ്ദേശം, സഭാംഗങ്ങൾക്കെല്ലാം മാമ്പഴം കൊണ്ടു കൊടുക്കണമെന്ന്!

ഏഴ് അംഗങ്ങൾ കൊണ്ടുവന്ന സ്വകാര്യ ബില്ലുകളാണ് ഇന്നലെ സഭ പരിഗണിച്ചത്. ബില്ലുകൾ കാര്യമാത്ര പ്രസക്തമായതിനാൽ അംഗങ്ങൾ ആത്മാർത്ഥമായിത്തന്നെ അതിൽ ഇടപെട്ടു. 2024-ലെ കേരള പൊതു നിരത്തുകളുടെ പരിപാലനവും സംരക്ഷണവും ബില്ലിന് നോട്ടീസ് നൽകിയ ജി. സ്റ്രീഫന് പക്ഷെ, മനസു തുറന്ന് തന്റെ ഉള്ളിലുള്ള കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിച്ചില്ലെന്നതാണ് സത്യം. അദ്ദേഹത്തിന്റെ വിഷയത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് മറ്ര് അംഗങ്ങൾ ഇടപെടുകയും അദ്ദേഹം വഴങ്ങുകയും ചെയ്തതോടെ പറയേണ്ടത് പാതി വഴിയിൽ നിർത്തേണ്ട അവസ്ഥയിലായി സ്റ്റീഫൻ.

സി.പി.ഐ അംഗം മുഹമ്മദ് മുഹ്സിൻ അവതരിപ്പിച്ച, മെഡിക്കൽ പഠനത്തിന് ആവശ്യമായ മൃതശരീരങ്ങൾ വിട്ടുനൽകലും പ്രോത്സാഹിപ്പിക്കലും- ബില്ലിന്റെ അവതരണം അർഹിക്കുന്ന ഗൗരവത്തിലാണ് സഭ കണ്ടത്. ആലത്തൂർ അംഗം കെ.ഡി പ്രസേനന്റെ വലിയ മനസ് സഭയ്ക്ക് ബോദ്ധ്യപ്പെട്ടതും ഈ സന്ദർഭത്തിലാണ്. കാരണം അദ്ദേഹത്തിന്റെ പിതാവിന്റെ ശരീരം തൃശൂർ മെഡിക്കൽ കോളേജിന് പഠനത്തിനു നൽകിയിട്ടുണ്ട്. പ്രസേനനും ഭാര്യയും അദ്ദേഹത്തിന്റെ മാതാവും പാലക്കാട് മെഡിക്കൽ കോളേജിന് തങ്ങളുടെ സമ്മതപത്രം നൽകിയിരിക്കുകയുമാണ്. വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉതകുമെന്നതിനു പുറമെ,​ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാനും ഇതിലൂടെ സാദ്ധ്യമാവുമെന്നാണ് പ്രസേനന്റെ അഭിപ്രായം.

മെഡിക്കൽ കോളേജുകൾക്ക് മൃതദേഹങ്ങൾ മോഷ്ടിച്ചു നൽകുന്ന ലോബി പ്രവർത്തിക്കുന്നതാണ് എൽദോസ് കുന്നപ്പിള്ളി ചൂണ്ടിക്കാട്ടിയത്. മൃതദേഹ കൈമാറ്റത്തിന് അടുത്ത ബന്ധുവിന്റെ വാക്കാലുള്ള സമ്മതം മതിയെന്ന ഭേദഗതി ചാണ്ടി ഉമ്മനും മുന്നോട്ടു വച്ചു. സ്കോട്ട്ലൻഡിൽ 16 പേരെ കൊലപ്പെടുത്തി ബോഡി വില്പന നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയത് മുഹമ്മദ് മുഹ്സിൻ തന്നെ. മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ 'കെഡാവറു"കൾ കിട്ടുന്നില്ലെന്നതിൽ ഏറെക്കുറെ ഒരേ അഭിപ്രായമാണ് എല്ലാവരും പ്രകടിപ്പിച്ചത്. കാർഷിക ഉത്പന്നങ്ങൾക്ക് അർഹമായ തറവില ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള കുറുക്കോളി മൊയ്തീന്റെ ബില്ലിൽ ഇടപെട്ട് സംസാരിച്ച കോൺഗ്രസ് അംഗം പി.സി വിഷ്ണുനാഥ് ഒടുവിൽ എത്തിയത് ആശാവർക്കർമാരുടെ സമരത്തിൽ! സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയ ആശാവർക്കർമാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപ്പൊളിനുകൾ അഴിച്ചു നീക്കിയ മനുഷ്യത്വമില്ലായ്മയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

വിദേശ പഠന കൺസൽട്ടൻസികളുടെയും ട്രാവൽ ഏജൻസികളുടെയും രജിസ്ട്രേഷനും നിയന്ത്രണവും സംബന്ധിച്ച ബില്ലിന് നോട്ടീസ് നൽകിയ ഡോ.എൻ. ജയരാജിന് ഇന്നലെ പാൽപ്പായസം കുടിച്ച സന്തോഷമായിരുന്നു. കാരണം അദ്ദേഹം ബില്ലിലൂടെ കൊണ്ടുവരാൻ ഉദ്ദേശിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിയമ നിർമാണവുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും അന്തിമഘട്ടത്തിലാണെന്നുമാണ് മന്ത്രി ആർ.ബിന്ദു അറിയിച്ചത്. പ്രൊഫസറായ എം.എൽ.എയും പ്രൊഫസറായ മന്ത്രിയും തമ്മിലാണ് ഗൗരവമുള്ള ബില്ലിനെപ്പറ്റി സംസാരിക്കുന്നതെന്ന് സഭയെ ഓർമ്മപ്പെടുത്തിയത് യു. പ്രതിഭയാണ്. ഏതായാലും മന്ത്രിയുടെ ഉറപ്പോടെ ജയരാജ് ബിൽ പിൻവലിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION