SignIn
Kerala Kaumudi Online
Friday, 23 October 2026 5.28 PM IST

പ്രോത്സാഹിപ്പിക്കാനെങ്കിൽ ബെല്ലടി സന്തോഷകരം!

niyamasabha

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെങ്കിലും അതുമായി ബന്ധപ്പെട്ട നടപടികൾക്ക് വേണ്ടത്ര ആരോഗ്യമുണ്ടായില്ല. ഉപക്ഷേപം നൽകിയ പി. സി. വിഷ്ണുനാഥ് ഭരണപക്ഷത്തെ ചൊടിപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളുമായാണ് എത്തിയത്. സാംക്രമിക രോഗങ്ങളുടെ തലസ്ഥാനമായി കേരളം മാറിയെന്നതായിരുന്നു വിഷ്ണുനാഥിന്റെ പ്രധാന സങ്കടം. ഇവിടെ നിന്ന് നിഷ്കാസനം ചെയ്ത പല സാംക്രമിക രോഗങ്ങളും തിരിച്ചെത്തുകയാണെന്നും അതിനെ ചെറുക്കാൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്നുമെല്ലാം ധ്വനിക്കും വിധമാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്.

ആരോഗ്യമന്ത്രി വീണാ ജോർജിനു പകരം മന്ത്രി എം.ബി. രാജേഷാണ് വിശദീകരണം നൽകിയത്. കരളിൽ തൊട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഏറെ ചെലവേറിയ കരൾ മാറ്രിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ വിജയകരമായി നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മറ്റേതു സംസ്ഥാനത്താണ് സർക്കാർ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് എന്നൊരു ചോദ്യവും. അതുകൊണ്ടു തീർന്നില്ല, ഹൃദയ വാൽവ് മാറ്റി വയ്ക്കൽ എറണാകുളം ജില്ലാ ആശുപത്രിയിൽ നടത്തിയതും അദ്ദേഹം വിശദമാക്കി.

യു.ഡി.എഫ് ഭരണകാലത്ത് പ്രസിദ്ധീകരിച്ച ചില പേപ്പർ കട്ടിംഗുകളും ആയുധമാക്കിയാണ് രാജേഷ് പ്രതിപക്ഷത്തെ അടിച്ചത്. 'യു.ഡി.എഫ് ഐ.സിയു"വിൽ എന്ന പത്ര കട്ടിംഗ് കാട്ടിയിട്ട് രാജേഷിന്റെ വക കമന്റ്- 'ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനാലാണ് വെന്റിലേറ്ററിലേക്ക് പോകാതിരുന്ന"തെന്ന്. യു.ഡി.എഫ് ഭരണകാലത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ വന്നിട്ടുള്ള വാർത്തകളുടെ എക്സിബിഷൻ തന്നെ നടത്താമെന്നും മന്ത്രി പരിഹസിച്ചു.

അതുകൊണ്ടരിശം തീരാഞ്ഞിട്ടെന്നവണ്ണം ഒരു കൂത്തുകൂടി- 'അന്നത്തെ ആരോഗ്യമന്ത്രി ഇ.ഡിയുടെ അന്വേഷണം നേരിടുന്നു, തൊപ്പിയിൽ ഒരു പൊൻതൂവൽ പോലെ" എന്ന്. കൊവിഡിനെ ഇടതു സർക്കാർ എങ്ങനെ നേരിട്ടുവെന്നത് ലോകം മുഴുവൻ അറിഞ്ഞതാണ്. ഇകഴ്ത്തുമ്പോൾ മലർന്നുകിടന്ന് തുപ്പുകയാണെന്ന് ഓർക്കണം. ഇനി ഒരു പനി കൂടിയുണ്ട്, അധികാരം കണ്ടുള്ള നിങ്ങളുടെ പനി. അതിനുള്ള മരുന്ന് ആരോഗ്യവകുപ്പിന്റെ കൈവശമില്ലെന്നും രാജേഷ് ഓർമിപ്പിച്ചു. എന്നാൽ അതിനേക്കാൾ ഗ്രേഡ് കൂടിയ പരിഹാസം പ്രതിപക്ഷ നേതാവും കരുതിയിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള ആരോഗ്യമന്ത്രിയുടെ അന്വേഷണ ഉത്തരവുകൾ ചേർത്തുവച്ച് ഒരു പുസ്തകമിറക്കാമെന്നായിരുന്നു സതീശന്റെ മറുപടി.

മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ഇതെന്തുപറ്റിയെന്ന സംശയമാണ് ചില അംഗങ്ങൾ ഉന്നയിച്ചത്. കാരണം സഭയിൽ ആരെ അദ്ദേഹം സംബോധന ചെയ്താലും പേരിന് മുമ്പ് 'മിസ്റ്റർ" പ്രയോഗം ചേർക്കുന്നത് ഇപ്പോൾ പതിവാണ്. മുഖ്യമന്ത്രിയെ ആവർത്തിച്ച് 'മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നു പരാമർശിച്ചത് ഒരു ദിവസം സഭയെ നന്നേ ചൂടുപിടിപ്പിച്ചതുമാണ്. ഇന്നലെ ധനവിനിയോഗ ബില്ലിന്റെ ചർച്ചയ്ക്ക് തുടക്കമിട്ട സി.പി.എം അംഗം എ. പ്രഭാകരനെ മിസ്റ്റർ പ്രഭാകരൻ എന്നാണ് ചെന്നിത്തല സംബോധന ചെയ്തത്. ഡൽഹിയിൽ കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലെ 'ബ്രേക്ക് ഫാസ്റ്റ് ഡിപ്ളമസി'യുടെ ദുരൂഹതയാണ് ചെന്നിത്തലയെ അസ്വസ്ഥനാക്കുന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ ഒഴിവാക്കി മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിലുള്ള സങ്കടവും അദ്ദേഹം മറച്ചുവച്ചില്ല.

പക്ഷെ ഒരു കാര്യത്തിൽ ചെന്നിത്തലയുടെ ആത്മവിശ്വാസം വളരെ കടുത്തതാണ്. രാജീവ് ചന്ദ്രശേഖറല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാലും കേരളത്തിൽ ബി.ജെ.പി ക്ളച്ച് പിടിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ 100 സീറ്റുകളോടെയാവും യു.ഡി.എഫ് അധികാരത്തിൽ വരികയെന്നും അദ്ദേഹം പ്രവചിച്ചു. ചെന്നിത്തലയുടെ മിസ്റ്രർ പ്രയോഗം അത്രയ്ക്കങ്ങ് പിടിച്ചില്ലെന്ന മട്ടിലായിരുന്നു, കേരള കോൺഗ്രസ് അംഗം സെബാസ്റ്ര്യൻ കുളത്തുങ്കലിന്റെ ബഹുമാനപുരസരമുള്ള പരാമർശം. മിസ്റ്റർ ചേർത്ത് വിളിച്ചാൽ മുഖ്യമന്ത്രി മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടുമെന്നാണ് ചെന്നിത്തല കരുതുന്നതെന്നായിരുന്നു കുളത്തിങ്കലിന്റെ അമ്പ്.

തുടക്കം പാളിയതാണ് പിണറായി സർക്കാരിന്റെ കുഴപ്പമെന്നാണ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിദഗ്ദ്ധാഭിപ്രായം. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ആ പാളൽ നന്നായി ബാധിച്ചു. ജി.എസ്.ടി വരട്ടെ എല്ലാം ശരിയാവുമെന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നത്. ജി.എസ്.ടി വന്നു, പക്ഷെ വേണ്ട സംവിധാനങ്ങളൊന്നുമുണ്ടായില്ല. ബി.ജെ.പി കുറച്ച് വോട്ടുകൾ അടിച്ചു മാറ്റും, അതിലൂടെ രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് മൂന്നാം തവണ അധികാരത്തിൽ വരുന്നതിനെക്കുറിച്ച് ഇടതുപക്ഷം പറയുന്നത്. മുനമ്പം വിഷയം നീട്ടുന്നത് അതിനായിട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തനിക്ക് അനുവദിക്കപ്പെട്ട സമയം കഴിയും മുമ്പ് സ്പീക്കർ ബെൽ മുഴക്കിയത് മുതിർന്ന അംഗം തിരുവഞ്ചൂരിനെ വല്ലാതെ ചൊടിപ്പിച്ചു. എന്നാൽ നീരസം പ്രകടമാക്കാതെ, പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ബെല്ലടിച്ചതെങ്കിൽ സന്തോഷം എന്നു പറഞ്ഞാണ് തിരുവഞ്ചൂർ സ്പീക്കറെ അതൃപ്തി അറിയിച്ചത്. 'അങ്ങ് നല്ല കാൽക്കുലേഷൻ ഉള്ള ആളാണെന്നും അസമയത്ത് ബെല്ലടിച്ച് ഇൻസൾട്ട് ചെയ്യരുതെന്നും' കൂടി തിരുവഞ്ചൂർ പറഞ്ഞപ്പോൾ സ്പീക്കർക്കും കാര്യം പിടികിട്ടി. ശരിയായ സമയത്താണ് തിരുവഞ്ചൂർ പ്രസംഗിച്ചു തുടങ്ങിയതെന്നും സമയനഷ്ടം ഉണ്ടായിട്ടില്ലെന്നും സ്പീക്കർ വിശദമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION