
ചെറിയ മുറുമുറുപ്പുണ്ടായി, ചില ആശങ്കകളും! പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം അതിലൊതുങ്ങി. സി.പി.എമ്മിന്റെ നയംമാറ്റത്തെ അംഗീകരിച്ചുകൊണ്ട് പ്രതിപക്ഷം നിശബ്ദത പാലിച്ചപ്പോൾ ശബ്ദവോട്ടോടെ 2025 ലെ കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും )ബിൽ നിയമസഭ പാസാക്കി. പ്രതിപക്ഷത്തെ മൂർച്ചയുള്ള നാവായ കെ.കെ. രമ പക്ഷെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് എടുത്തത്. ബിൽ പൂർണമായി പിൻവലിക്കണമെന്ന അഭിപ്രായമാണ് ആർ.എം.പി അംഗം പ്രകടിപ്പിച്ചത്. വിദ്യാഭ്യാസ കച്ചവടമാണ് നടക്കാൻ പോകുന്നതെന്നും പണക്കാർക്കു മാത്രം പഠിക്കാൻ കഴിയുന്ന സ്ഥിതിയാണ് ഉണ്ടാവാൻ പോകുന്നതെന്നും അവർ കട്ടായം പറഞ്ഞു.
ബില്ലിനെ തത്വത്തിൽ എതിർക്കുന്നില്ലെങ്കിലും പൊതുമേഖലയിലെ സർവകലാശാലകളെയും കോളേജുകളെയും സ്വകാര്യ സർവകലാശാല എങ്ങനെ ബാധിക്കുമെന്ന് പഠിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിപ്രായം. പക്ഷെ രമേശ് ചെന്നിത്തലയ്ക്ക് സംശയം, സ്റ്രുഡന്റ് മൈഗ്രേഷൻ തടയാൻ ഉതകുന്നതാണോ ഈ നിയമം എന്നാണ്. വിശദമായ പഠനം നടത്തി മാത്രമേ നിയമം നടപ്പാക്കാവൂ എന്നും സ്വകാര്യ സ്ഥാപനങ്ങളും കോളേജുകളും സർവകലാശാലകളായി മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വിദഗ്ദ്ധോപദേശം നൽകി.
നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന വിഷയത്തിനനുസരിച്ച് ശബ്ദവും അവതരണ ശൈലിയും ക്രമപ്പെടുത്തുന്നത് കോൺഗ്രസ് അഗം പി.സി വിഷ്ണുനാഥിന്റെ സവിശേഷതയാണ്. നർമ്മത്തിന്റെ മോമ്പൊടിയുമുണ്ടാവും. കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന (ഭേദഗതി) ബില്ലിനോട് വിയോജിപ്പ് രേഖപ്പെടുത്തി സംസാരിച്ചപ്പോഴും ഇതെല്ലാം അദ്ദേഹം സൂക്ഷിച്ചു. കശുഅണ്ടി വ്യവസായത്തിന്റെ ഇപ്പോഴത്തെ ദയനീയ അവസ്ഥയെക്കുറിച്ച് വിശദമാക്കാൻ വിഷ്ണുനാഥ് ചില്ലറ ദൂരമല്ല സഞ്ചരിച്ചത്. ടി.കെ. എം. എൻജിനിയറിംഗ് കോളേജിന്റെ സ്ഥാപകൻ തങ്ങൾകുഞ്ഞ് മുസലിയാരും, അരവിന്ദനും അടൂർ ഗോപാലകൃഷ്ണനുമൊക്കെ സംവിധാനം ചെയ്ത കലാ മൂല്യമുള്ള സിനിമകളുടെ നിർമാതാവ് രവീന്ദ്രനാഥൻ നായരും (അച്ചാണി രവി) ഉൾപ്പെടെയുള്ളവരുടെ കശുഅണ്ടി വ്യവസായ ബന്ധത്തെക്കുറിച്ച് അദ്ദേഹം കഷ്ടപ്പെട്ട് വിശദീകരിച്ചു. കശു അണ്ടി വ്യവസായത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലമെന്നതും അടിവരയിട്ട് ബോദ്ധ്യപ്പെടുത്തി.
പക്ഷേ, ഈ മേഖല ഇപ്പോൾ വലിയ തകർച്ചിയിലാണ്. ബാങ്ക് ഗ്യാരണ്ടി കൊടുത്താൽ പല കശുഅണ്ടി ഫാക്ടറികളും തുറന്നു പ്രവർത്തിപ്പിക്കാനാവും. ഈസ് ഒഫ് ഡൂയിംഗ് ബിസിനസിനെക്കുറിച്ച് എപ്പോഴും പറയുന്നുണ്ടെങ്കിലും ഇപ്പോൾ 'ഈസ് ഒഫ് ഡൈയിംഗാ"ണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞതു കേൾക്കാൻ മന്ത്രി പി. രാജീവ് സഭയിലില്ലാതെ പോയി. ബേക്കറിയും മൈക്ക് സെറ്റ് കടയും തേപ്പുകടയുമൊക്കെ ചേർത്താണ് ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ എന്ന കണക്കൊപ്പിച്ചതെന്ന് ചെറിയ പരിഹാസവും. അടുത്ത തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ ഒരുങ്ങി നിൽക്കുന്ന പ്രതിപക്ഷം ഇതൊന്നും പറഞ്ഞു തരേണ്ടതല്ല, എങ്കിലും വ്യവസായത്തിന്റെ നന്മയ്ക്കു വേണ്ടി കൈവിട്ട ഉപദേശം നൽകുകയാണെന്നു കൂടി അദ്ദേഹം ഭരണപക്ഷത്തെ ഓർമിപ്പിച്ചത് മനസിൽ ഒട്ടും കളങ്കമില്ലാത്തതു കൊണ്ടാണ്.
കയർ മേഖലയിലെ ജോലിക്കാർ കയർ എടുക്കേണ്ട ഗതികേടിലാണെന്ന കാര്യവും വിഷ്ണുനാഥ് സഭയെ അറിയിച്ചു.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് മലർപ്പൊടിക്കാരന്റെ സ്വപ്നം കണ്ടുനടന്ന കാര്യം വിഷ്ണുനാഥിനെ ഓർമിപ്പിച്ചത് തൊട്ടു പിന്നാലെ സംസാരിച്ച സി.പി.എം അംഗം യു. പ്രതിഭയാണ്. പറഞ്ഞു പറഞ്ഞ് അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റും തങ്ങൾക്ക് തന്നുകളയരുതെന്നും അവർ എളിമയായി അഭ്യർത്ഥിച്ചു. കപ്പലണ്ടി കച്ചവടം മുതൽ ക്ളൗഡ് കിച്ചൺ വരെ തുടങ്ങാൻ സർക്കാരിനായത് നിശ്ചയദാർഢ്യം കൊണ്ടാണെന്നും പ്രതിഭ അഭിമാനത്തോടെ പറഞ്ഞു. പ്രസംഗം നടത്തുമ്പോൾ പുറംതിരിഞ്ഞു നിന്ന് മറ്റൊരു സാമാജികനോട് സംസാരിക്കുകയായിരുന്ന വിഷ്ണുനാഥിന്റെ പേരെടുത്തു പറഞ്ഞ് അവർ അടുത്ത അമ്പെയ്തു; താൻ പറയുന്നത് കേൾക്കാൻ വയ്യാതെ അദ്ദേഹം പുറംതിരിഞ്ഞു നിൽക്കുകയാണെന്ന്!
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയുമൊക്കെ തൊട്ടടുത്തിരുന്നിട്ടോ എന്തോ, മുതിർന്ന കോൺഗ്രസ് അംഗം തിരുവഞ്ചൂർ രാധാകൃഷ്ണനും ഇപ്പോൾ പരന്ന വായനയിലാണ്. പശ്ചിമബംഗാളിലെ സി.പി.എമ്മിന്റെ ഉയർച്ചയും തകർച്ചയുമൊക്കെ പ്രതിപാദിക്കുന്ന 'ഗാംഗ്സ്റ്രർ സ്റ്റേറ്റ്" എന്ന പുസ്തകമാണ് തിരുവഞ്ചൂർ ഇപ്പോൾ കാണ്ഡം കാണ്ഡമായി വായിച്ചുതള്ളുന്നത്. ഇന്നലെ സഭയിൽ പുസ്തകവുമായാണ് അദ്ദേഹം എത്തിയത്. നിങ്ങൾ എങ്ങനെ തകർന്നുവെന്ന് അറിയാനും ഇനി തകരാതിരിക്കാനും ഈ പുസ്തകം വായിക്കണമെന്ന് അദ്ദേഹം ഭരണപക്ഷത്തെ ഉപദേശിച്ചു. 'നിങ്ങൾ തകരരുത്, ഞങ്ങളുടെ ബെസ്റ്റ് ഫ്രണ്ടാണ് നിങ്ങൾ..." എന്നുകൂടി തിരുവഞ്ചൂർ പറഞ്ഞപ്പോൾ സ്പീക്കർ എ. എൻ. ഷംസീറും ചിരിച്ചുപോയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |