SignIn
Kerala Kaumudi Online
Sunday, 01 November 2026 4.59 AM IST

കേരളം വളരട്ടെ

keralam

ഇന്ന് നവംബർ ഒന്നിന് കേരളസംസ്ഥാനം 70 വയസിന്റെ നിറവിൽ എത്തിനിൽക്കുകയാണ്. വൈവിദ്ധ്യമാർന്ന നമ്മുടെ സംസ്‌കാരത്തിലെ ഏകത കേരളപ്പിറവിക്ക് മുന്നേ ഉണ്ടായിരുന്നു. ഒരൊറ്റ ഭരണത്തിൽ കീഴിലായപ്പോൾ 'നമ്മൾ മലയാളികൾ' എന്ന അഭിമാനം ഒന്നുകൂടി വളർന്നു. ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും വളർച്ചയ്ക്ക് വളരെയധികം സഹായിച്ചു. 70 വർഷങ്ങൾ പിന്നിടുമ്പോൾ തീർച്ചയായും നമുക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നമ്മൾ നല്ല പുരോഗതി നേടി. ആപത്തുകൾ വരുമ്പോൾ കൈയും മെയ്യും മറന്ന് പരസ്പരം സഹായിക്കുന്ന മലയാളികൂട്ടായ്മ അന്യസംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാണ്.

സാമൂഹ്യരംഗത്തും നമുക്ക് അഭിമാനിക്കാൻ ഏറെ നേട്ടങ്ങളുണ്ടായി. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ മഹാത്മാക്കളുടെയും മറ്റുള്ളവരുടെയും ശ്രമഫലമായി സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ വലിയൊരളവോളം ഇല്ലാതായി. എങ്കിലും ഐക്യവും സ്‌നേഹവും സഹകരണവും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. മതങ്ങൾ മനുഷ്യർക്കിടയിലെ വേലിക്കെട്ടുകളാകാതെ മനുഷ്യഹൃദയങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പാലങ്ങളാകണം.

മലകളും പുഴകളും കാടുകളും ഒക്കെകൊണ്ട് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സംസ്ഥാനമാണ് നമ്മുടെ കേരളം. കേരളത്തിൽ തെക്ക് നിന്ന് വടക്കു വരെ സഞ്ചരിക്കുക എന്നത് തന്നെ ആഹ്ലാദം പകരുന്ന കാര്യമാണ്. എങ്കിലും നമ്മുടെ പരിസ്ഥിതിയും പ്രകൃതിയും ഇന്ന് കടുത്ത വെല്ലുവിളിയിലാണ്. വനങ്ങൾ കുറയുന്നതും വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതും അപകടസൂചനകളാണ്. പക്ഷികളും മൃഗങ്ങളും സസ്യങ്ങളുമൊക്കെ നിലനിൽക്കുന്നത് കൊണ്ടാണ് മനുഷ്യജീവിതം തന്നെ സാദ്ധ്യമാകുന്നത്. അവയില്ലെങ്കിൽ മനുഷ്യനുമില്ല, മനുഷ്യസംസ്‌കാരവുമില്ല.

കെട്ടിടങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും നമ്മുടെ സംസ്ഥാനം മുൻപന്തിയിലാണ്. അതിനുവേണ്ടി പ്രകൃതി വിഭവങ്ങളെ നമ്മൾ ചൂഷണം ചെയ്യുന്നു. മലകൾ പുഴകൾ ജീവജാലങ്ങൾ എല്ലാം നമ്മുടെ ചൂഷണത്തിന് വിധേയമാകുന്നു. ഉരുൾപൊട്ടലുകളും വെള്ളപ്പൊക്കവുമെല്ലാം കൂടുതൽ ജാഗ്രതയോടെ മുന്നോട്ടുപോകാൻ പ്രകുതി നമുക്ക് തരുന്ന താക്കീതുകളാണ്.

ഉള്ളത് പരസ്പരം പങ്കുവയ്ക്കുന്ന മഹത്തായ സംസ്‌കാരം നമുക്കുണ്ടായിരുന്നു. ഒരു വീട്ടിൽ അന്നം ഉണ്ടെങ്കിൽ ഇല്ലാത്ത അയൽവീട്ടുകാരുമായി അത് പങ്കുവെച്ചിരുന്നു. ആ സംസ്‌കാരം മെല്ലെ മെല്ലെ നമ്മുടെ സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാവുകയാണ്. ഓരോരുത്തരും എല്ലാവർക്കും വേണ്ടി, എല്ലാവരും ഓരോരുത്തർക്കും വേണ്ടി ആ ഭാവത്തിൽ നമ്മൾ ജീവിക്കണം. ഉള്ളത് പരസ്പരം പങ്കുവയ്ക്കണം.

നമ്മുടെ കുഞ്ഞുങ്ങൾ മലയാള ഭാഷയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നു എന്നത് ദുഃഖകരമാണ്.നന്നായി മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നത് നമ്മൾ ഗൗരവത്തോടെ കണക്കിലെടുക്കണം.

നമ്മെ നാമാക്കി വളർത്തിയ ഭൂമിയോടും പ്രകൃതിയോടും സംസ്‌കാരത്തോടും നമുക്ക് ഒരു കടപ്പാടുണ്ട്. ഈ ഭൂമി നമുക്ക് അമ്മയാണ്, പ്രകൃതി നമുക്ക് അമ്മയാണ്. ആ അഭിമാനവും ഐക്യവും നമ്മുടെ വളർച്ചയ്ക്ക് അതാവശ്യമാണ്. തള്ളപ്പക്ഷിയുടെ ചിറകിൻ കീഴിൽ വളരുന്നതുകൊണ്ടാണ് കിളിക്കുഞ്ഞുങ്ങൾക്ക് ആകാശത്തിൽ പറന്നുയരാൻ കഴിയുന്നത്. മണ്ണിൽ ആഴത്തിൽ വേരിറങ്ങുന്നതുകൊണ്ടാണ് വൃക്ഷങ്ങൾക്ക് ആകാശത്തിന്റെ ഉയരങ്ങളിലേയ്ക്ക് വളരാൻ കഴിയുന്നത്. ജനിച്ച മണ്ണിന്റെ സംസ്‌കാരത്തിൽ വേര് ഉറപ്പിച്ചു നിന്നുകൊണ്ട് നമ്മൾ എല്ലാ രംഗങ്ങളിലും പുരോഗതി നേടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION