SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

സന്ധ്യാനേരത്തെ ഇന്ദിരാഭവനും എ.കെ. ആന്റണിയും

d

പ്രവൃത്തിദിനങ്ങളിൽ വൈകിട്ട് കൃത്യം 5.45 എന്നൊരു സമയമുണ്ടെങ്കിൽ, എ.കെ.ആന്റണി സാർ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ എത്തിയിരിക്കും. വിശ്രമജീവിതം നയിക്കുമ്പോഴും തന്റെ പ്രിയപ്പെട്ട പ്രസ്ഥാനത്തോടും സഹപ്രവർത്തകരോടുമുള്ള അടങ്ങാത്ത പ്രതിബദ്ധതയുടെ ഏറ്റവും മനോഹരമായ അടയാളമാണ് ഈ ദിനചര്യ. അവിടെയെത്തുന്ന ഏത് സാധാരണ പ്രവർത്തകനും മുൻകൂട്ടി നിശ്ചയിച്ച അനുമതിയില്ലാതെ അദ്ദേഹത്തെ നേരിൽ കാണാം. വിശേഷങ്ങൾ പങ്കുവയ്ക്കാം.

ചെറുപ്പകാലം മുതൽ താൻ വളർന്നതും പ്രസ്ഥാനത്തിനായി വിയർപ്പൊഴുക്കിയതുമായ ആ മണ്ണുമായി അദ്ദേഹം പുലർത്തുന്ന ആത്മബന്ധം വാക്കുകൾക്കതീതമാണ്. തിരക്കുകളുടെയും അധികാരത്തിന്റെയും മാമാങ്കങ്ങൾ അരങ്ങുവാഴുന്ന ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ, തികച്ചും വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുന്ന അപൂർവ വ്യക്തിത്വമാണ് എ.കെ.ആന്റണി.

ലളിതമായ ജീവിതശൈലി. ആദർശധന്യമായ നിലപാടുകൾ. എല്ലാവിധ പദവികളോടും വിടപറഞ്ഞ് വിശ്രമത്തിലേക്ക് പിന്മാറിയിട്ടും, രാഷ്ട്രീയ കേരളത്തിന്റെ മനസ്സാക്ഷിയായും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഉറച്ച ശബ്ദമായും അദ്ദേഹം ജ്വലിച്ചു നിൽക്കുകയാണ്.

ഗാന്ധി കുടുംബവുമായും ദേശീയ കോൺഗ്രസ് നേതൃത്വവുമായും കാലങ്ങളായി അദ്ദേഹം പുലർത്തുന്ന ബന്ധം കേവലം രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു ആത്മാർത്ഥതയുടെ സാക്ഷ്യപത്രമാണ്.

പാർട്ടിയെ ഉലയ്ക്കുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പതറാതെ, കോൺഗ്രസ് പ്രസ്ഥാനത്തിനും അതിന്റെ അടിത്തട്ടിലുള്ള പ്രവർത്തകർക്കും ഒരുപോലെ ഗുണകരമാകുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹം എന്നും മുൻപിലുണ്ടായിരുന്നു. ഒരു പരിധി കഴിഞ്ഞാൽ പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കണമെന്ന വലിയ മനസ് കാട്ടിയ നേതാവാണ് അദ്ദേഹം. 'എനിക്ക് ഈ പ്രസ്ഥാനം ധാരാളം അവസരങ്ങൾ തന്നു; ഇനി എനിക്ക് പിന്നിൽ അർഹതയുള്ള ലക്ഷക്കണക്കിന് ചെറുപ്പക്കാരുണ്ട്' എന്ന അദ്ദേഹത്തിന്റെ ചിന്താഗതി ഇന്നത്തെ രാഷ്ട്രീയ തലമുറയ്ക്ക് മാതൃകയാക്കാവുന്നതാണ്.


കോൺഗ്രസിന്റെ ദേശീയ നേതൃത്വവും ഗാന്ധി കുടുംബവും പോലും നിർണായക സന്ധികളിൽ ഉപദേശങ്ങൾ തേടിയെത്തുന്ന മുഖ്യ വ്യക്തിത്വമായി മാറുന്നത് അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനം കൊണ്ടു മാത്രമാണ്. പാർട്ടിക്കോ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കോ ദോഷകരമാകുന്ന ഒരു വാക്കുപോലും പൊതുവേദികളിലോ പത്രസമ്മേളനങ്ങളിലോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകാറില്ല. എന്നാൽ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന ഗുരുതരമായ വിഷയങ്ങളും ഭരണാധികാരികളുടെ കൊള്ളരുതായ്മകളും വരുമ്പോൾ അദ്ദേഹം ശക്തമായ പ്രതികരണവുമായി രംഗത്തിറങ്ങാറുണ്ട്.

കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് അദ്ദേഹം നടത്തിയ അതിരൂക്ഷമായ വിമർശനങ്ങളും പത്രസമ്മേളനങ്ങളും കേരളരാഷ്ട്രീയത്തിൽ വലിയ ഭൂകമ്പങ്ങളാണ് സൃഷ്ടിച്ചത്. വിശ്രമവേളയിലും നാടിന്റെയും ജനങ്ങളുടെയും ഉന്നമനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി ശബ്ദമുയർത്താൻ അദ്ദേഹം ഒരിക്കലും മടിച്ചിട്ടില്ല. ​

രാഷ്ട്രീയ എതിരാളികൾ പോലും ആദരിക്കുന്ന സമചിത്തതയും പക്വതയും യാഥാർത്ഥ്യബോധവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. എന്നാൽ, ഇതുവരെ തന്റെ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഒരു ആത്മകഥ എഴുതാൻ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വരുംതലമുറയ്ക്കായി ഒരു ഗ്രന്ഥമായി രേഖപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

രാഷ്ട്രീയത്തിലെ നേരും നെറിയും എന്താണെന്ന് അടുത്തറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഗവേഷകനും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നായിരിക്കും അദ്ദേഹത്തിന്റെ ആത്മകഥ. അദ്ദേഹം തന്റെ ആത്മകഥ വൈകാതെ എഴുതണമെന്നും, ആ ചരിത്രങ്ങൾ വരുംതലമുറയിലേക്ക് ഉപകാരപ്പെടണമെന്നും നാമെല്ലാം ആഗ്രഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY