SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

നിങ്ങളിട്ടാൽ ബർമൂഡ, ഞങ്ങളിട്ടാൽ വള്ളിക്കളസം!

e

മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനോ അതോ സ്വന്തം സംബോധനാ ശൈലി അരക്കിട്ടുറപ്പിക്കാനോ എന്നറിയില്ല,​ മുതിർന്ന കോൺഗ്രസ് അംഗം രമേശ് ചെന്നിത്തല ഇന്നലെയും നിയമസഭയിൽ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തത് 'മിസ്റ്രർ ചീഫ് മിനിസ്റ്റർ' എന്നു തന്നെ. അതും ഒന്നിലേറെ തവണ. പക്ഷെ മുഖ്യമന്ത്രി മുൻപേ പോലെ ആ ചൂണ്ടയിൽ കൊത്തിയില്ല. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യർത്ഥന ചർച്ചയാണ് ഇന്നലെ നടന്നത്.

ഡൽഹി കേരള ഹൗസിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമനുമായി എന്ത് അനൗദ്യോഗിക ചർച്ചയാണ് മുഖ്യമന്ത്രി നടത്തിയതെന്നതാണ് ചെന്നിത്തലയ്ക്ക് അറിയേണ്ടത്. കേരള ഗവർണർ ഇതിനു പാലമായി പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞാൽ തെറ്രുപറയാനാവുമോ എന്നും ചെന്നിത്തലയുടെ ചോദ്യം.

ബി.ജെ.പിയുമായി സി.പി.എം കൈകോർക്കുന്നതിന്റെ റിഹേഴ്സലാണ് ഇതെന്നും,​ അതൊന്നും ഇനി നടക്കാൻ പോകുന്നില്ലെന്നും ചെന്നിത്തല കട്ടായം പറഞ്ഞു. ആഭ്യന്തര വകുപ്പ് ആകെ നിറംകെട്ടിരിക്കുന്നു. കുറെ ഐ.എ.എസ് ഓഫീസർമാർ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നു. ഒരാൾ ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുന്നു, വേറൊരാൾ ആർ.എസ്.എസ് നേതാവിനെ കാണാൻ പോകുന്നു. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും. ക്രമസമാധാനം പൂർണ്ണമായി തകർന്നു. കോടിയേരി തുടങ്ങിയ ജനമൈത്രി പൊലീസിനെ ജനവിരുദ്ധ പൊലീസാക്കിയെന്നു കൂടി പറഞ്ഞപ്പോഴാണ് ചെന്നിത്തലയുടെ ദൗത്യം ഏറെക്കുറെ പൂർത്തിയായത്.

പക്ഷെ ഉരുളയ്ക്ക് ഉപ്പേരിയും കരുതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാനെത്തിയത്. ചെന്നിത്തല നിഗ്രഹത്തിലായിരുന്നു മുഖ്യന്റെ തുടക്കം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ഐ.പി.എസ് തലപ്പത്ത് നടന്നതെല്ലാം ഓർക്കുമല്ലോ എന്ന് ആമുഖം. ഡി.ജി.പിയുടെ ഫോൺ എസ്.പി ചോർത്തിയതും,​ ചട്ടം ഓർമിപ്പിച്ച് രണ്ട് ഡി.ജി.പിമാർ പരസ്പരം കലഹിച്ചതും,​ കോപ്പി യടിച്ചതിന് ഐ.ജിയെ പിടികൂടിയതും,​ ഫോറൻസിക് ലാബിനു തീ പിടിച്ച് തെളിവുകൾ നഷ്ടമായതും,​ ആ കേസ് തേഞ്ഞുമാഞ്ഞു പോയതുമൊക്കെ പിണറായി അക്കമിട്ടു നിരത്തിയതോടെ മിസ്റ്റർ ചെന്നിത്തലയ്ക്ക് തൃപ്തിയായി. കൂടുതലൊന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ സമാശ്വാസവും.

ഉറങ്ങാൻ കിടന്നിട്ട്,​ പിറ്റേന്നു കാലത്ത് എഴുന്നേൽക്കുമ്പോൾ തല ഉണ്ടാവുമെന്ന് ഉറപ്പില്ലെന്നു പറഞ്ഞാണ് കെ.കെ. രമ ആഭ്യന്തര വകുപ്പിന്റെ പോരായ്മ ചൂണ്ടിക്കാട്ടിയത്. പൊലീസും എക്സൈസും സമ്പൂർണപരാജയമാണ്. ലഹരി പാർട്ടികളും ലഹരിക്കടത്തും അറിയുന്നില്ലെങ്കിൽ ഇന്റലിജൻസ് വിഭാഗം എന്തിനെന്നാണ് രമയുടെ സംശയം. കുടിവെള്ളം മുടക്കിയും മദ്യം ഒഴുക്കുന്നത് എന്തു കമ്യൂണിസമെന്നാണ്, പാലക്കാട് മദ്യനിർമാണ ശാലയുടെ കാര്യം പരാമർശിക്കാതെ രമയുടെ ചോദ്യം. ടി.പി വധക്കേസ് പ്രതികൾക്ക് ആയിരത്തിലധികം ദിവസങ്ങൾ പരോൾ അനുവദിച്ചതിലുള്ള രോഷവും അവർ പ്രകടമാക്കി.

വാളയാർ കുട്ടികളുടെ മാതാവിനെ തല മുണ്ഡനം ചെയ്യിച്ച് ധർമടത്ത് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിട്ട് ഇപ്പോഴെന്തായി എന്ന സി.പി.എം അംഗം കാനത്തിൽ ജമീലയുടെ ചോദ്യം പ്രതിപക്ഷത്തെ കുഴക്കി. ജിഷ വധക്കേസ് സമയത്ത് മരക്കൊമ്പിൽ ചെരിപ്പ് കെട്ടിത്തൂക്കിയിട്ടിട്ട് , ചെരിപ്പെടുക്കാൻ വരുമ്പോൾ പ്രതിയെ പിടികൂടാൻ കാത്തിരുന്ന അന്നത്തെ ആഭ്യന്തര മന്ത്രിയുടെ കാര്യം കൂടി ജമീല സരസമായി പറഞ്ഞതും പ്രതിപക്ഷത്തിന് ക്ഷീണമായി.

മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകുമ്പോൾ കൊടി നോക്കിയാണ് പൊലീസ് നടപടിയെടുക്കുന്നതെന്നായിരുന്നു ലീഗ് അംഗം നജീബ് കാന്തപുരത്തിന്റെ ആക്ഷേപം. കാമ്പസുകളിൽ എസ്.എഫ്.ഐക്കാർ പോലും കൊല്ലപ്പെടരുതെന്നതാണ് തങ്ങളുടെ ആഗ്രഹം. രാഷ്ട്രീയത്തെ സർഗാത്മകമാക്കാവുന്ന കാമ്പസ് വരണം. എൽ.ഡി.എഫിന് ഭരണത്തുടർച്ച കിട്ടിയതോടെ സി.പി.എമ്മിന്റെ വിദ്യാർത്ഥി, യുവജന സംഘടനകൾ ഫ്രീസറിലായിരിക്കുകയാണ്. സ്വന്തം പൊലീസിനു പോലും സംരക്ഷണം കൊടുക്കാൻ സർക്കാരിനാവുന്നില്ലെന്നും കാന്തപുരം തുറന്നടിച്ചു.

ലീഗിന്റെ യോഗത്തിൽ ചിക്കൻ ബിരിയാണി വിളമ്പിയെന്ന് കഴിഞ്ഞൊരു ദിവസം പരിഹസിച്ച സി.പി.എം അംഗം എച്ച് .സലാമിന് ഇന്നലെ എൻ.എ. നെല്ലിക്കുന്ന് മറുപടി നൽകി- ചിക്കൻ ബിരിയാണിയല്ല, അതിലും കൂടിയ സാധനമാണ് വിളമ്പുന്നത്. അതെന്താണെന്നറിഞ്ഞാൽ, സലാം പാണക്കാട്ടു ചെന്ന് ലീഗ് അംഗത്വമെടുക്കുമെന്നും വിശദമാക്കി. പക്ഷെ കൊവിഡിന്റെ മുഖ്യശത്രു പിണറായി ആണെന്നും കൊവിഡിനെ ആട്ടിപ്പായിച്ചത് അദ്ദേഹമാണെന്നും പറഞ്ഞത് എന്തുദ്ദേശിച്ചാണെന്ന് അറിയില്ല, ഏതായാലും അതിന്റെ ഗുണം കിട്ടിയത് മുഖ്യമന്ത്രിക്കാണ്.

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചതിനെ പ്രതിപക്ഷം വിമർശിച്ചത് മുൻ മന്ത്രി കൂടിയായ ആന്റണി രാജുവിന് അത്ര പിടിച്ചില്ല. യു.ഡി.എഫ് എം.പിമാർ കേന്ദ്രമന്ത്രിയുടെ ഓഫീസ് വരാന്തയിലെത്തി കൂടിക്കാഴ്ച നടത്തിയതിനെ വലിയ കാര്യമായാണ് പറയുന്നത്. 'നിങ്ങൾ ഇടുമ്പോൾ ബർമൂഡ,​ ഞങ്ങളിട്ടാൽ വള്ളിക്കളസം" എന്ന നിലപാട് ശരിയല്ലെന്നും ആന്റണി രാജു പറഞ്ഞു. കേരള ചരിത്രത്തിലെ നീതിമാനായ മന്ത്രി എന്ന് മുൻ മന്ത്രി ജി.സുധാകരനെ പുകഴ്ത്തിയ പ്രതിപക്ഷ നേതാവിന് നാളെ പിണറായിയെക്കുറിച്ച് നീതിമാനായ മുഖ്യമന്ത്രി എന്ന് പറയേണ്ടിവരുമെന്നും ഓർമിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION