
സിനിമാരംഗത്ത് ഒരിടവേളയ്ക്ക് ശേഷം സമരപ്രഖ്യാപനമുണ്ടായിരിക്കുന്നു. നിർമ്മാതാക്കളുടെ സംഘടനയാണ് ജൂൺ ഒന്നുമുതൽ പണിമുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി. പ്രൊഡ്യൂസർമാരെ പാപ്പരാക്കുന്നതാണ് മിക്ക സിനിമകളുമെന്ന് സംഘടനാ നേതാക്കൾ തുറന്നുപറഞ്ഞു. ബെൻസിൽ പോയി തൊഴുത്തിലായ നിർമ്മാതാവും രണ്ടരക്കോടി മുടക്കി 10,000 രൂപ മാത്രം കളക്ഷൻ നേടിയ സിനിമയും പരാമർശിക്കപ്പെട്ടു
സിനിമാ നിർമ്മാതാക്കളെ 'മുതലാളി' എന്നു വിളിക്കുന്ന പതിവ് മുമ്പുണ്ടായിരുന്നു. ഇക്കാലത്തും ഇവരെ കാണുമ്പോൾ ഇതേ കെട്ടും മട്ടും തന്നെയാണ്. ഒറ്റ സിനിമകൊണ്ട് തന്നെ ശതകോടി ക്ലബിൽ കയറിയവരുമുണ്ട്. എന്നാൽ പലതും 'തള്ളാണെന്നാണ്' ഇപ്പോൾ വ്യക്തമാകുന്നത്. അത് തെളിയിക്കുന്ന കണക്കുകളാണ് കഴിഞ്ഞദിവസം നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ടത്. പടം 100 കോടി ക്ലബ്ബിൽ കയറിയെന്ന് പറയിപ്പിക്കുന്നത് താരങ്ങളാണെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ അദ്ധ്യക്ഷൻ ജി. സുരേഷ്കുമാർ പറഞ്ഞു. പരമാവധി 40 കോടിവരെ കിട്ടിയ നിർമ്മാതാക്കളുണ്ട്. 100 കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്ന് താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തു. സ്വന്തം ഗതികേട് അറിയുന്ന നിർമാതാക്കൾ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഏതായാലും സിനിമയെ ഊതിപ്പെരുപ്പിക്കുന്നതുകൊണ്ട് ഗുണമുള്ളവരുണ്ട്. അടുത്ത ചിത്രത്തിൽ അതുപറഞ്ഞ് പ്രതിഫലം കൂട്ടാനാകും. ഇനി അത് പറ്റില്ലെന്നാണ് കാശ് മുടക്കുന്നവരുടെ അന്ത്യശാസനം. താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം കൂടി നിർമ്മാതാക്കളുടെ സമരപ്രഖ്യാപനത്തിലുണ്ട്. ''നിർമാതാവ് വെറും കാഷ്യറായി മാറി. ഈ ഗതി തുടർന്നാൽ താരങ്ങളുടെ നിർമാണക്കമ്പനികളും പൂട്ടും''. എന്നാണ് സുരേഷ്‌കുമാർ മുന്നറിയിപ്പുനൽകുന്നത്.
കണക്കുകൾ
കഥപറയുന്നു
പുതുവർഷപ്പിറവിയിൽ പൊളിഞ്ഞ സിനിമകൾ നിരവധിയാണ്. ജനുവരിയിൽ 28 മലയാള സിനിമകളും ഒരു റീ റിലീസും 12 അന്യഭാഷ സിനിമകളും പ്രദർശനത്തിനെത്തി. ഇതിൽ നിന്നെല്ലാമുണ്ടായ നഷ്ടം 110 കോടിയാണെന്നാണ് നിർമ്മാതാക്കളുടെ സംഘടനയുടെ കണക്കുകൾ പറയുന്നത്. ടൊവിനോ തോമസ് ചിത്രമായ ഐഡന്റിറ്റിയുടെ നിർമ്മാണചെലവ് 30 കോടിയാണ്. എന്നാൽ തിയേറ്ററിൽ നിന്ന് നേടിയത് മൂന്നരക്കോടി മാത്രം. ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റിൽ ഒരുക്കിയ ഒരുമ്പെട്ടവൻ മൂന്നുലക്ഷം മാത്രമാണ് നേടിയത്. ആസിഫ് അലിയും അനശ്വര രാജനും കേന്ദ്രകഥാപാത്രങ്ങളായ രേഖാചിത്രം മാത്രമാണ് ലാഭം നേടിയ സിനിമ. എട്ടരക്കോടി ബജറ്റിൽ നിർമിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്നും പന്ത്രണ്ടരക്കോടി കളക്ഷൻ നേടി.
മമ്മൂട്ടി ചിത്രമായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്‌സ്, ബേസിൽ ജോസഫിന്റെ പൊൻമാൻ, വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം എന്നീ സിനിമകൾ തിയേറ്റർ വരുമാനം കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നു നഷ്ടം നികത്തി.
കഴിഞ്ഞ വർഷം 200 സിനിമകൾ ഇറങ്ങിയതിൽ ആകെ 24 സിനിമകൾ മാത്രമാണ് ഓടിയത്. വിജയം 12ശതമാനം. 176 ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ തകർന്നു. 700 കോടിയോളം രൂപയാണ് കഴിഞ്ഞ വർഷത്തെ നിർമാതാക്കളുടെ നഷ്ടം. പല നിർമാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണെന്നാണ് സംഘടന പറയുന്നത്.
തൊഴുത്തും
പതിനായിരവും
ജനുവരി മാസം ആനുപാതികമായി ഏറെ നഷ്ടം സംഭവിച്ച സിനിമയായി മാറി 4 സീസൺസ്. രണ്ടരക്കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണ്. സിനിമ നിർമ്മിച്ച് ജീവിതം തകർന്ന ഒരു പ്രൊഡ്യൂസർ ഇപ്പോൾ തൊഴുത്തിലാണ് ജീവിക്കുന്നതെന്നും പരാമർസമുണ്ടായിരുന്നു. 'ബെൻസിൽ പോയി തൊഴുത്തിലായ' ഈ നിർമ്മാതാവിനെ മാദ്ധ്യമങ്ങൾ കണ്ടെത്തുകയും ചെയ്തു. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയാണ് വിവാദത്തിലായത്. ഇവിടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് പഴികേട്ടത്.
നാലു കോടിയിൽ ബജറ്റിൽ തീർക്കേണ്ട സിനിമയുടെ ചിത്രീകരണം പൂർത്തിയാകാൻ 20 കോടി വേണ്ടി വന്നുവെന്നുവെന്നാണ് ആരോപണം. ചിത്രം പരാജയമായതിനെ തുടർന്ന് നിർമ്മാതാവ് പാപ്പരായെന്നു കാണിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂരടക്കം രംഗത്തുവന്നു. ഇതിന് പിന്നാലെ നിർമ്മാതാവ് അജിത് തലപ്പള്ളിയുടെ വിശദീകരണമെത്തി. ചെലവു ചുരുക്കാനോ നിശ്ചിത സമയത്ത് പൂർത്തിയാക്കാനോ സംവിധായകൻ ശ്രദ്ധിച്ചില്ലെന്നാണ് ആരോപണം. ഷൂട്ടിംഗിന് പറഞ്ഞതിലും ഇരട്ടി ദിവസമെടുത്തതോടെ കടബാദ്ധ്യതയേറി. എന്നാൽ ഭാഗ്യംകൊണ്ട് തൊഴുത്തിലായില്ലെന്നും നിർമ്മാതാവ് പറഞ്ഞു. പ്രമുഖ പ്രൊഡക്ഷൻ കമ്പനി സഹായിച്ചതുകൊണ്ടാണ് ഇദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടത്.
സിനിമ മിക്കതും നഷ്ടമാണെന്ന വെളിപ്പെടുത്തൽ വന്നതോടെ സിനിമാപ്രവർത്തകരും സംഘടനകളും സ്വയം തിരുത്തേണ്ട സ്ഥിതിയാണെന്നതിൽ തർക്കമില്ല. എന്നാൽ സിനിമാക്കാരുടെ ഇതുവരെയുള്ള ഇരുപ്പുവശം വച്ച് പ്രശ്നം കോംപ്രമൈസാകുമെന്ന് കരുതുകവയ്യ. അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമ നിർമാണം നിറുത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷൻ നേരത്തെ തന്നെ താരസംഘടനയായ അമ്മയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നിരുന്നില്ല. മാത്രമല്ല, താരങ്ങളേയും സാങ്കേതിക വിദഗ്ദ്ധരെയും പഴി ചാരുന്ന നിർമ്മാതാക്കളുടെ നിലപാട് മറ്റുള്ളവർ അംഗീകരിക്കാനുമിടയില്ല. പൊട്ടിത്തെറികൾ തുടങ്ങിയിട്ടുണ്ട്. ആദ്യ വെടി നടൻ വിനായകൻ പൊട്ടിച്ചുകഴിഞ്ഞു. സിനിമയെന്നത് നിർമ്മാതാക്കളുടെ സംഘടനയുടെ കുടുംബസ്വത്തല്ലെന്നും താരങ്ങൾ സിനിമ നിർമ്മിക്കേണ്ടെന്ന വിമർശനം വീട്ടിൽപ്പോയി പറഞ്ഞാൽ മതിയെന്നുമാണ് വിനായകന്റെ വാദം. ഈ സാഹചര്യത്തിൽ എല്ലാം പഴയപടി തന്നെ നീങ്ങാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |