
'രമേശ് ചെന്നിത്തല നല്ലയാളാണ്, മഹാനാണ്. പക്ഷേ, അദ്ദേഹത്തിന്റെ പൊലീസ് മഹാമോശം. വെളുത്ത്, സുന്ദരനായി ഇരുന്നാൽ പോരാ, പൊലീസിനെ നിയന്ത്രിക്കണം'. നിയമസഭയിൽ ജി.സുധാകരൻ ഒരേസമയം തല്ലുകയും തലോടുകയും ചെയ്യുന്നത് നേരിട്ടു കാണാൻ പക്ഷേ, ആ സമയത്ത് ചെന്നിത്തല സഭയിലില്ലാതെ പോയി.യൂണിഫോമിട്ട പൗരന്മാരാണ് പൊലീസെന്നും യൂണിഫോമിടാത്ത പൊലീസാണ് പൗരന്മാരെന്നുമുള്ള തത്വവും അദ്ദേഹം മറ്റു സാമാജികരെ പഠിപ്പിച്ചു.
ധനാഭ്യർത്ഥന ചർച്ചയിലാണ് സുധാകരൻ തൂഫാൻ കണക്കെ ആഞ്ഞടിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യന് മനസിലാവാത്ത, ആവശ്യമില്ലാത്ത പൂജ്യങ്ങൾ കൊണ്ടുള്ള കളിയാണ് ബഡ്ജറ്റ്. മാറ്രുവിൻ ചട്ടങ്ങളെ എന്ന് മഹാകവി കുമാരനാശാൻ പറഞ്ഞത് ഇത്തരം കാര്യങ്ങളുദ്ദേശിച്ചാണെന്നും സമർത്ഥിച്ചു. മനുഷ്യത്വമില്ലാത്ത സ്ഥലമാണ് സെക്രട്ടേറിയറ്റ്.അത് നന്നാവില്ലെന്നും പറഞ്ഞു.
സുധാകരന്റെ അഭിപ്രായത്തിൽ കിഫ്ബി നല്ല പ്രസ്ഥാനമാണ്. പക്ഷേ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്ഥിതി മാറി. റിട്ടയറായി മൂക്കിൽ പല്ലുവന്ന ഒരാളെ അതിന്റെ തലപ്പത്ത് വച്ചതാണ് കഴിഞ്ഞ സർക്കാർ ചെയ്ത കുഴപ്പം. കഴിഞ്ഞ ദിവസം മൂന്ന് മുൻ വനിതാമന്ത്രിമാർ ഒരുമിച്ച് വാർത്താസമ്മേളനം നടത്തിയതിനെയും സുധാകരൻ വിമർശിച്ചു. മഹാമോശം, ബുദ്ധിശൂന്യം.
'വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ, സ്വയം നന്നാവുക'എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത എം.എം.നസീർ ചൊല്ലിയത് പ്രതിപക്ഷത്തെ കുത്തിനോവിക്കാനാണ്. ഡൽഹിയിൽ സമരത്തിനുപോയ പിണറായിയെയും കെ.എൻ.ബാലഗോപാലിനെയും ബ്രിട്ടാസിനെയുമൊക്കെ പൊലീസ് വണ്ടിയിൽ കയറ്റി കറക്കിയ കാര്യമാണ് നസീർ ഓർമ്മിപ്പിച്ചത്.
പിണറായിയുടെ കൈയും പിടിച്ച് ബാലഗോപാൽ രാഹുൽഗാന്ധിയുടെ പിറകിൽ നിന്നിരുന്നെങ്കിൽ എന്തു രസമായിരുന്നേനേ എന്ന അനുബന്ധം ചേർത്തത് കെ.പ്രവീൺകുമാറും. കിഫ്ബിയുടെ ബലത്തിൽ ഇടതുഭരണകാലത്ത് പണിത പാലങ്ങൾ പൊളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ദണ്ഡിക്കാനും പ്രവീൺകുമാർ ദാക്ഷണ്യം കാട്ടിയില്ല. അടിയന്തരപ്രമേയ അവതരണ വേളയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കാട്ടിയ മെയ്‌വഴക്കമായിരുന്നു ഇന്നലെ സഭയിലെ മറ്റൊരു കൗതുകം. സഭാന്തരീക്ഷം ഒരുവേള വഷളാവുമെന്ന് തോന്നിച്ചപ്പോൾ പോലും തന്റെ അലക്കി തേച്ച, പതിഞ്ഞ ശൈലിയിലൂടെ തിരുവഞ്ചൂർ കടിഞ്ഞാൺ കൃത്യമായി പിടിച്ചു.
ചേരാനെല്ലൂർ സംഭവത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ എ.സി.മൊയ്തീനെ സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ച സ്പീക്കറോട് തന്നെ തടസപ്പെടുത്തുന്നുവെന്ന തരത്തിൽ പരിഭവം പ്രകടിപ്പിച്ചപ്പോൾ, തിരുവഞ്ചൂരിന്റെ സരസൻ കമന്റ്, 'മദ്ധ്യസ്ഥത പിടിക്കാൻ വന്നയാളെ പ്രതിയാക്കരുതെന്ന്'. മൊയ്തീന്റെ പ്രസംഗം നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ പിന്നെയും വന്നു തിരുവഞ്ചൂർ സ്റ്റൈലിലെ മറ്റൊരു അഭ്യർത്ഥന, 'ചെയറിലിരുന്ന് എന്റെ കടമ നിറവേറ്റാനുള്ള ചെറിയൊരു പെർമിഷൻ തരണ'മെന്ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |