SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

തകരുന്ന മേൽക്കൂര അഴിമതി, നീന്തിക്കേറാതെ അനാസ്ഥകൾ

1

സംസ്ഥാന സ്‌കൂൾ ഗെയിംസിന് കുട്ടികൾ നിരന്നതേയുള്ളൂ. പിഴവുകളുടെ ഘോഷയാത്രയായിരുന്നു പിന്നാലെ. പല ജില്ലകളിൽ നിന്നും തൃശൂരിലെത്തിയവർ. മാതാപിതാക്കൾക്കൊപ്പം ഈ ദിനങ്ങൾക്കായി മാത്രം തയ്യാറെടുത്തു വന്നവർ. അവധിയെടുത്ത്, മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്ത് അങ്ങനെ കുട്ടികളുമായെത്തിയവർ. പക്ഷേ അധികൃതർക്കുണ്ടോ കുലുക്കം. അനാസ്ഥകളുടെ ഘോഷയാത്രയോടെയായിരുന്നു അവരെ വരവേറ്റത്.

അക്ഷരാർത്ഥത്തിൽ അക്വാട്ടിക് കോംപ്ലക്സിന്റെ മേൽക്കൂര തകർന്നത് കായിക പ്രേമികളെയാകെ ഞെട്ടിച്ചു. കായിക മത്സരത്തിൽ പങ്കെടുക്കാനെത്തിയ കൊച്ചു കായികതാരങ്ങളും കാണികളും അധികൃതരും തലനാരിഴയ്ക്കാണ് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. വികസന നേട്ടങ്ങളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും വാചാലരാകുന്ന നാട്ടിൽ കുട്ടികളുടെ ജീവന് പോലും വില കൽപ്പിക്കാത്ത നിർമ്മാണ അനാസ്ഥയാണ് അനാവരണം ചെയ്യപ്പെട്ടത്.

കേരളത്തിലെ പൊതുനിർമ്മാണ മേഖലയിലും കായിക അടിസ്ഥാന സൗകര്യ വികസനത്തിലും വർദ്ധിച്ചുവരുന്ന ഉത്തരവാദിത്വമില്ലായ്മയുടെയും മേൽനോട്ടക്കുറവിന്റെയും ഉദാഹരണമായി ഈ സംഭവം മാറി. ഒരു അപകടം എന്നതിലുപരി, നമ്മുടെ ഭരണസംവിധാനങ്ങളിലെയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലെയും അനാസ്ഥയും ക്രമക്കേടും തുറന്നുകാട്ടി.

കായികമേളയോട് അനുബന്ധിച്ച് തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തോട് ചേർന്നുള്ള അക്വാട്ടിക് കോംപ്ലക്സിൽ ഗെയിംസ് ഇനങ്ങളുടെ ഭാഗമായ നീന്തൽ മത്സരം ആവേശകരമായി പുരോഗമിക്കവേയായിരുന്നു നാടിനെ നടുക്കിയ അപകടം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ നൂറുകണക്കിന് കായികപ്രതിഭകളും പരിശീലകരും രക്ഷിതാക്കളും സ്ഥലത്തുണ്ടായിരുന്നു. മേൽക്കൂര പെട്ടെന്ന് വലിയ ശബ്ദത്തോടെ നിലംപതിച്ചു. വൻ ജീവഹാനി ഒഴിവായത് ഭാഗ്യം. നിരവധി വിദ്യാർത്ഥികൾക്കും പരിശീലകർക്കും പരിക്കേറ്റു. സന്തോഷത്തിന്റെയും കായിക മാമാങ്കത്തിന്റെയും അന്തരീക്ഷം നിമിഷനേരം കൊണ്ട് ഭീതിയുടെയും നിലവിളിയുടെയും വേദിയായി മാറി.


 നിർമ്മാണത്തിലാകെ അഴിമതി....

മേൽക്കൂരയുടെ നിർമ്മാണത്തിന് ഉപയോഗിച്ച പൈപ്പും ഷീറ്റും കേവലം ചുരുങ്ങിയ കാലയളവിനുള്ളിൽ തുരുമ്പെടുത്ത് നശിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആർക്കിടെക്ചറൽ മാനദണ്ഡം പാലിക്കാതെയാണ് നിർമ്മാണം നടത്തിയതെന്ന ആരോപണവും ഉയർന്നു. വൻതോതിൽ ആളുകൾ തടിച്ചുകൂടുന്ന ഒരു കായികമേള സംഘടിപ്പിക്കുന്നതിന് മുൻപ് കെട്ടിടങ്ങളുടെയും അനുബന്ധ ഘടനകളുടെയും സുരക്ഷാ പരിശോധന ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരം അടിസ്ഥാന പരിശോധന നടത്തുന്നതിൽ സംഘാടകർക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ഗുരുതര വീഴ്ച പറ്റി.

സ്‌പോർട്‌സ് കൗൺസിലിന്റെയും കായിക വകുപ്പിന്റെയും അനാസ്ഥ മറച്ചുവയ്ക്കാനാകില്ല. കൗൺസിലിന്റെ കീഴിലാണ് കോംപ്ലക്‌സ്. കായിക വികസനത്തിന് മാത്രമല്ല സുരക്ഷയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ട് എന്ന് ആരും മറക്കരുത്. മത്സരങ്ങൾ തട്ടിക്കൂട്ടിക്കൂട്ടി നടത്തുന്നതിലല്ല, സുരക്ഷിതമായി സംഘടിപ്പിക്കുന്നതിലാണ് കാര്യം. സ്റ്റേഡിയത്തിന്റെയും പരിസരത്തിന്റെയും നിയന്ത്രണമുള്ള കോർപ്പറേഷൻ നിർമ്മാണ പ്രവൃത്തികളിലും പരിപാലനത്തിലും കാട്ടിയ ജാഗ്രതക്കുറവ് മാപ്പുനൽകാനാകാത്തതാണ്. സാങ്കേതിക അനുമതി നൽകിയ ഉദ്യോഗസ്ഥർക്കും ഈ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നൊഴിയാനാകില്ല.

കുട്ടികളുടെ സുരക്ഷ, മാനസികാഘാതം


സ്‌കൂൾ ഗെയിംസ് എന്നത് കേവലം ഒരു മത്സരമല്ല കുട്ടികളുടെ സ്വപ്നങ്ങളുടെയും വേദിയാണ്. മാസങ്ങളോളം കഠിനപരിശീലനം നടത്തി മത്സരത്തിനെത്തുന്ന കുട്ടികളുടെ മനസിൽ ഈ സംഭവം സൃഷ്ടിച്ച ഭയവും മാനസികാഘാതവും ചെറുതല്ല. പരിക്കേറ്റ കുട്ടികളുടെ കായിക ജീവിതത്തെത്തന്നെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച കാരണം കുട്ടികൾക്ക് അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരം നഷ്ടപ്പെടുകയോ ഭയത്തോടെ മത്സരരംഗത്ത് നിന്ന് പിൻവാങ്ങുകയോ ചെയ്യും. തൃശൂർ അക്വാട്ടിക് കോംപ്ലക്സ് മേൽക്കൂര തകർച്ച കേവലം ഒരു സാങ്കേതിക തകരാറല്ല മറിച്ച്, നമ്മുടെ വ്യവസ്ഥിതിയിലെ അനാസ്ഥയുടെയും അഴിമതിയുടെയും തെളിവാണ്. വൻ ദുരന്തം ഒഴിവായി എന്നത് ആശ്വാസകരമാണെങ്കിലും, അപകടത്തിന്റെ വ്യാപ്തി നമ്മെ ഓർമ്മിപ്പിക്കുന്നത് ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ചാണ്.

അന്വേഷണ പ്രഖ്യാപനങ്ങളിലും പത്രക്കുറിപ്പുകളിലും ഒതുങ്ങരുത് ഭരണകൂടത്തിന്റെ പ്രതികരണം. കരാറുകാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതൃത്വത്തിനും ഒരുപോലെ ഉത്തരവാദിത്വമുള്ള ഈ വിഷയത്തിൽ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിച്ചാലേ ഭാവി തലമുറയുടെ ജീവനെങ്കിലും നമുക്ക് സംരക്ഷിക്കാനാകൂ. അല്ലാത്തപക്ഷം, ഇനിയും വലിയ ദുരന്തങ്ങൾക്ക് നമ്മൾ സാക്ഷിയാകും.

ആരോപണങ്ങൾ ഏറെ....

സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും യാതൊരു കൂട്ടുത്തരവാദിത്വവുമില്ലെന്നും, തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കായിക മേളയുമായി (നീന്തൽ മത്സരം) ബന്ധപ്പെട്ട വലിയ വീഴ്ചകളിൽ ഉന്നതതല അന്വേഷണം വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. ജില്ലയുടെ ചുമതലയുള്ള കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് കെ.രാജൻ ഉൾപ്പെടെ ആരോപിച്ചു.


 കൃത്യവിലോപമെന്ന് പ്രതിപക്ഷം

1. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിച്ചിരുന്ന കായികമേള അപ്രതീക്ഷിതമായി വികേന്ദ്രീകരിച്ചതിന് പിന്നിൽ ചിലരുടെ സാമ്പത്തിക താത്പര്യവും ഇടനിലക്കാരുടെ ഇടപെടലും

2. സംഘാടക സമിതി രൂപീകരിക്കാതെ വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ പ്ലാൻ ഫണ്ട് ദുരുപയോഗം ചെയ്യാൻ ശ്രമം

3. തൃശൂർ മേയർക്കോ ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കോ മേളയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു

4. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമെത്തിയ വിദ്യാർത്ഥികൾ യാതൊരു സംഘാടനവുമില്ലാതെ മത്സരിക്കാൻ കഴിയാതെ മടങ്ങിപ്പോയി

5. മേള നടന്ന സ്ഥലത്ത് ആസ്ബെസ്റ്റോസ് ഷീറ്റ് പറന്നുവീണ് വലിയൊരു അപകടം നടക്കാൻ സാദ്ധ്യതയുണ്ടായിട്ടും കാരണക്കാരായവർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION