
ദാവൂദ് ഇബ്രാഹിം. ലോകത്തെ കുപ്രസിദ്ധനും ക്രൂരനുമായ അധോലോക നേതാക്കളിലൊരാൾ. 1993ലെ മുംബയ് സ്ഫോടന പരമ്പരയിലും 2008ലെ മുംബയ് ഭീകരാക്രമണത്തിലും രാജ്യം തേടുന്ന കൊടുംഭീകരൻ. മദ്ധ്യപൂർവേഷ്യയിലും ദക്ഷിണേഷ്യയിലുടനീളവും അതിശക്തമായി തുടരുന്ന ഡി കമ്പനി എന്ന ക്രിമിനൽ സിൻഡിക്കേറ്റിന്റെ അന്താരാഷ്ട്ര ഡോൺ. 1980-90 കാലയളവിൽ ബോളിവുഡിനെ അടിമുടി നിയന്ത്രിച്ചത് ദാവൂദിന്റെ ഡി കമ്പനിയാണ്. സിനിമകളിൽ മുടക്കിയ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വമ്പൻ ഹിറ്റുകളായി പിറന്ന് വൈറ്റ് മണിയായി. ബോളിവുഡിനെ ദശകങ്ങളോളം ഭീതിയുടെ മുൾമുനയിൽ നിറുത്തി.
അൽ ക്വഇദ, ലഷ്കറെ ത്വയ്ബ എന്നീ ഭീകരസംഘടനകളുമായി ബന്ധമുണ്ട് ദാവൂദിന്. ആഗോള ഭീകരനായി 2003 ഒക്ടോബറിൽ അന്നത്തെ അമേരിക്കയിലെ ബുഷ് ഭരണകൂടം പ്രഖ്യാപിച്ചു. രണ്ടരക്കോടി യു.എസ് ഡോളറാണ് തലയ്ക്കു വിലയിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ലഹരിക്കടത്തുകാരിൽ പ്രധാനി. ഇയാൾക്കായി ഇന്റർപോളിന്റെ റോഡ് കോർണർ നോട്ടീസ് നിലവിലുള്ളപ്പോൾ തന്നെ പാകിസ്ഥാൻ സംരക്ഷിക്കുന്നു.
പാകിസ്ഥാനിൽ ഒൻപത് വീടുകളുണ്ടെന്നാണ് റിപ്പോർട്ട്. പിതാവ് കറാച്ചിയിലുണ്ടെന്ന് മകൾ മഖ്റൂഖ് ഇബ്രാഹിം 2010ൽ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. അവർക്ക് ദാവൂദ് ഭായ് ആണ്. നമുക്ക് ആഗോള ഭീകരനും. കൈവശമുള്ളത് 11 രാജ്യങ്ങളുടെ പാസ്പോർട്ട്. 2009ൽ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ലോകത്തെ ഏറ്റവും ശക്തരായ വ്യക്തികളിൽ ദാവൂദ് 50ാം സ്ഥാനത്തായിരുന്നു. 2010ൽ അതേ ഫോബ്സ് പുറത്തിറക്കിയ ലോകത്തെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ദാവൂദ് 3ാം സ്ഥാനത്തും.
കോൺസ്റ്റബിളിന്റെ മകൻ
1955 ഡിസംബർ 26ന് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ജനനം. പിതാവ് മുംബയ് പൊലീസിലെ കോൺസ്റ്റബിളായ ഇബ്രാഹിം കസ്കർ. ചെറുപ്പത്തിലേ മോഷണം തുടങ്ങി. ആ സമയത്ത് സജീവമായിരുന്ന ഹാജി മസ്താൻ, ബാഷൂ ദാദ എന്നിവരുടെ സംഘങ്ങളിൽ പ്രവർത്തിച്ചു. 1970ൽ സ്വന്തം കുറ്റകൃത്യ ശൃംഖലയായ ഡി കമ്പനി രൂപീകരിച്ചു. സംഘടിത കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ, കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനം എന്നിങ്ങനെ ഡി കമ്പനി വളർന്നു. 1986ൽ ദാവൂദ് മുംബയിലേക്ക് കടന്നു.
തങ്ങളുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്ത ബോളിവുഡിലെ പ്രമുഖരെ ഷാർപ്പ് ഷൂട്ടേഴ്സിനെ ഉപയോഗിച്ചു കൊലപ്പെടുത്താൻ ഡി കമ്പനി തെല്ലും മടിച്ചില്ല. 1997 ആഗസ്റ്റിൽ ഗായകനും ടി-സീരീസ് സ്ഥാപകനുമായ ഗുൽഷൻ കുമാറിനെ മുംബയിലെ ക്ഷേത്രത്തിന് സമീപം വെടിവച്ചു കൊന്നു. 1995ൽ നിർമ്മാതാവ് ജാവേദ് സിദ്ദിഖിയെ കൊലപ്പെടുത്തി. ദാവൂദുമായി ബന്ധമുള്ള അനിത അയൂബ് എന്ന മോഡലിന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതായിരുന്നു കാരണം. 2001ൽ നടി മനീഷ കൊയ്രാളയുടെ പേഴ്സണൽ സെക്രട്ടറി അജിത് ദീവാനിയെ വെടിവച്ചുകൊന്നു.
ബോളിവുഡിൽ
നടത്തിയ വധശ്രമങ്ങൾ
മുംബയിൽ ഹൃത്വിക് റോഷന്റെ പിതാവും നടനും സംവിധായകനുമായ രാകേഷ് റോഷനു നേരെ 2000 ജനുവരിയിൽ വധശ്രമം. കഹോ ഹോ നാ പ്യാർ ഹെ എന്ന സിനിമയുടെ രാജ്യാന്തര ഡിസ്ട്രിബ്യൂഷൻ അവകാശം ഡി കമ്പനിക്ക് കൊടുക്കാത്തതിന്റെ പകയിലായിരുന്നു ക്വട്ടേഷൻ. വെടിയേറ്രെങ്കിലും കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ രാകേഷ് റോഷൻ രക്ഷപ്പെട്ടു.
ത്രിദേവ്,മൊഹറ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ രാജീവ് റായിയെ 1997ൽ മുംബയിലെ ഓഫീസിൽ കയറി വെടിവച്ചു. പൊലീസ് സുരക്ഷയുണ്ടായിരുന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നാലെ രാജീവ് റായ് ഇന്ത്യ വിട്ടു യു.കെയിൽ കുടിയേറി.
2001ൽ ആമിർ ഖാൻ, അശുതോഷ് ഗോവാരിക്കർ,ജാമു സുഗന്ധ് എന്നിവരെ വധിക്കാനെത്തിയ അബു സലേം ഗ്യാംഗിലെ 4 പേർ ബാന്ദ്രയിൽ മുംബയ് പൊലീസിന്റെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു.
ഗായകൻ സോനു നിഗം, സംവിധായകൻ കരൺ ജോഹർ, നിർമ്മാതാവ് ബോണി കപൂർ, നടൻ ഫർഹാൻ അക്തർ എന്നിവർക്ക് നേരെയും വധഭീഷണികളുയർന്നിരുന്നു.
ദാവൂദിനെ
കണ്ടെന്ന് പറഞ്ഞവർ
1988ലും 89ലും ദാവൂദിനെ ദുബായിൽ നേരിൽ കണ്ടുവെന്ന് 'ഖുല്ലം ഖുല്ല' എന്ന ആത്മകഥയിൽ നടൻ ഋഷി കപൂർ വെളിപ്പെടുത്തിയിരുന്നു. 1988ൽ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയയുടൻ അപരിചിതൻ സമീപിച്ചെന്നും റോൾസ് റോയ്സ് കാറിൽ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നുമായിരുന്നു വെളിപ്പെടുത്തൽ. ചായയും ബിസ്കറ്റും തന്നു. ദാവൂദ് മദ്യപിക്കുകയോ, മദ്യം വിളമ്പുകയോ ചെയ്തില്ല. പണമടക്കം എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. 1989ൽ ഭാര്യ നീതു കപൂറുമായി ദുബായിൽ ഷോപ്പിംഗ് നടത്തവേ, പത്തോളം വരുന്ന ബോഡി ഗാർഡുകളുടെ അകമ്പടിയോടെ അവിടെയെത്തിയ ദാവൂദിനെ ആകസ്മികമായി കണ്ടു. അടുത്തുവന്നു പരിചയം പുതുക്കിയെന്നും നടൻ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
ദുബായിൽ ദാവൂദിന്റെ കുടുംബത്തിലെ ജന്മദിനാഘോഷത്തിന് പരിപാടി അവതരിപ്പിച്ചതായി ഗായകൻ കുമാർ സാനുവും സംഗീത സംവിധായകൻ അനു മാലികും അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡി കമ്പനിയുടെ കുടുംബാംഗങ്ങളുടെ ചടങ്ങുകളിൽ താരങ്ങളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നത് പതിവായിരുന്നുവെന്ന് മുൻ മുംബയ് ജോയിന്റ് പൊലീസ് കമ്മിഷണർ ഡി. ശിവാനന്ദൻ വെളിപ്പെടുത്തിയിരുന്നു. ദാവൂദിന്റെ മകളുടെ വിവാഹത്തിൽ താരനിശ വച്ചപ്പോൾ ഗോവിന്ദയെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ടായിരുന്നു. ദിലീപ് കുമാർ, അംജത് ഖാൻ എന്നിവരും ദുബായ് യാത്രകളിൽ ദാവൂദിനെ കണ്ടുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |