SignIn
Kerala Kaumudi Online
Friday, 23 October 2026 3.04 AM IST

വഴിതടയൽ സമരരീതി വേണ്ട

rajeev-chandrasekhar

''മന്ത്രിമാരെയടക്കം വഴിതടയുന്ന സമരരീതി മാറണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അത് മാറുമെന്ന് വിശ്വാസമുണ്ട്. സാങ്കേതികവിദ്യയെയും ഭാവിയെയും കുറിച്ചുള്ള ചർച്ചകളാണ് ഇനി വേണ്ടത്

വികസന കാര്യത്തിൽ വളരെ വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുന്ന രാഷ്ട്രീയ നേതാവാണ് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന്:

?പാർട്ടിയിൽ ഗ്രൂപ്പിസം ഉണ്ടെന്നുള്ള വാദത്തെക്കുറിച്ച്

ഗ്രൂപ്പുണ്ടെങ്കിൽ അത് നരേന്ദ്രമോദിയുടെ ഗ്രൂപ്പ് മാത്രമാണ്. പാർട്ടിയിൽ മറ്റൊരു ഗ്രൂപ്പില്ല. പണ്ടുകാലത്ത് തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെങ്കിൽ ഗ്രൂപ്പുകളുണ്ടാകാമായിരുന്നു. ഈ പാർട്ടി ഇപ്പോൾ ജയിക്കുന്ന പാർട്ടിയല്ലേ, ഞങ്ങളെല്ലാം ഒരുമിച്ചു പോകുന്നത് പാർട്ടിയെ നന്നാക്കാനാണ്.

?ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി

നരേന്ദ്രമോദിയുടെ വളർച്ചയെ എങ്ങനെ കാണുന്നു

മോദിയുടെ വളർച്ച പഠിക്കേണ്ട വിഷയമാണ്. 2006ലാണ് എന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2011ലാണ് ഞാൻ ആദ്യമായി മോദിജിയെ കാണുന്നത്. അന്ന് അദ്ദേഹത്തെ കണ്ടപ്പോൾതന്നെ എന്നെ ആഴത്തിൽ സ്വാധീനിച്ചു. 12 വർഷത്തിലധികം ഗുജറാത്തിനെ നയിച്ച അദ്ദേഹം അവിടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. അതുപോലെ ഇന്ത്യയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. ഇതിനുപിന്നിൽ വാഗ്ദാനങ്ങളുടെ മായാജാലമൊന്നുമില്ല. അദ്ദേഹം കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ്. കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇന്നോ നാളെയോ മാത്രമല്ല, അഞ്ചുവർഷത്തിനപ്പുറം രാജ്യം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും ദീർഘവീക്ഷണമുണ്ട്. അതിനു പിന്നിലുള്ളത്‌ സമർപ്പണമാണ്. നിരവധി രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ടെങ്കിലും മോദിയെപ്പോലൊരാളെ ആദ്യമായാണ് കാണുന്നത്. ഇന്ത്യയിലെ ഇതര പാർട്ടികളുടെ നേതാക്കളെ നോക്കുകയാണെങ്കിൽ ആ വ്യത്യാസം മനസിലാക്കാം. ആ വ്യത്യസ്തത ജനങ്ങളും തിരിച്ചറിയുന്നുണ്ട്.

?ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും സെമികണ്ടക്ടർ നിർമ്മാണത്തിലും

കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് താങ്കൾചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തിടെയായി എ.ഐയുടെ

ആശങ്കകളെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്

2021 മന്ത്രിയായപ്പോൾ നരേന്ദ്രമോദിജിയെ കണ്ട്, സെമികണ്ടക്ടറിനെക്കുറിച്ച് സംസാരിച്ചു. അന്ന് ഇന്ത്യയ്ക്ക് ഇതുചെയ്യാൻ കഴിയില്ലെന്നും അമേരിക്ക, തായ്‌വാൻ,​ കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കു മാത്രമേ സാധിക്കൂവെന്നും പറഞ്ഞവരുണ്ടായിരുന്നു. പക്ഷേ നരേന്ദ്രമോദി പറഞ്ഞത്, ഇതുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി മുന്നോട്ട് പോകാനാണ്. 2021ൽ ഇന്ത്യയിൽ സെമി കണ്ടക്ടർ വ്യവസായം വികസിപ്പിക്കുന്നതിനുള്ള സാഹചര്യം വളരെ പരിമിതമായിരുന്നു. എ.ഐ മേഖലയിലും വലിയ മുന്നേറ്റമുണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയിൽ 12 സെമി കണ്ടക്ടർ പ്ലാന്റുകളായി. സെമി കണ്ടക്ടർ ഡിസൈൻ ചെയ്യുന്നതിന് തിരുവനന്തപുരത്ത് നേത്ര സെമി എന്നൊരു കമ്പനി പ്രവർത്തനം തുടങ്ങി. എ.ഐയിൽ ചൈനയും അമേരിക്കയുമൊക്കെയാണ് മുന്നിലെങ്കിലും ഇന്ത്യയും മുന്നോട്ടുപോകുന്നുണ്ട്. എല്ലാ ബിസിനസ് മേഖലയിലും വലിയ മാറ്റമുണ്ടാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. എ.ഐക്ക് നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റുമെങ്കിലും ദുരുപയോഗം ചെയ്യുന്നവരും ഏറെയാണ്. ഞാൻ മുന്നോട്ടുവയ്ക്കുന്നത് ഈ ടെക്‌നോളജി കൂടുതൽ സുരക്ഷിതത്വം ആകണമെങ്കിൽ അത് ഉണ്ടാക്കുന്നവരാണ് മുന്നിട്ടിറങ്ങേണ്ടത്. ഈ വിഷയത്തിൽ ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 'സേഫ് ആൻഡ് ട്രസ്റ്റഡ് എ.ഐ' എന്ന ആശയത്തിന് തുടക്കമിട്ടത് നരേന്ദ്രമോദി സർക്കാരാണ്.

?മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്തേക്ക് എ.ഐ കടന്നു പോകുന്നുണ്ട്
എ.ഐ രംഗത്തെ വലിയ കമ്പനിയായ, ആന്ത്രോപിക്കിന്റെ 154 പേജുള്ള റിപ്പോർട്ടുണ്ട്. ഇതനുസരിച്ച് ബംഗ്ലാദേശിൽ അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ 29 ഫേക്ക് അക്കൗണ്ടിനെക്കുറിച്ച് പറയുന്നുണ്ട്. ഒരു ഡെമോക്രസിയെ തകർക്കാനും വ്യാജ വിവരങ്ങൾ ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കാനും സാങ്കേതിക വിദ്യയ്ക്ക് കഴിയും. ജനാധിപത്യത്തിൽ എ.ഐ ഒരു വെല്ലുവിളിയായി കാണണം. അതിനൊപ്പം വ്യക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും വേണം. എന്തുചെയ്യാൻ സാധിക്കും, പാടില്ല എന്നൊക്കെ നിയമങ്ങൾ ഉണ്ടാക്കണം.

?വികസിത കേരളം എന്ന ആശയമാണ് താങ്കൾ എപ്പോഴും

മുന്നോട്ടുവയ്ക്കുന്നത്. ആഗ്രഹിക്കുന്ന രീതിയിലുള്ള

ഒരു രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടോ

നമ്മുടേത് നൂറുശതമാനം സാക്ഷര സമൂഹമാണ്. ഇവിടെ എല്ലാവരും പഠിക്കുകയും വായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പുതുയുഗ കേരളം എന്നൊരു സ്വപ്‌നം മുന്നോട്ടുവയ്ക്കുമ്പോൾ പുതിയ നിക്ഷേപങ്ങൾ വരുന്നില്ല. കാരണം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിമോശമാണ്. നിക്ഷേപം നടത്താനുള്ള സാമ്പത്തികശേഷി സർക്കാരിനുമില്ല. വിദ്യാഭ്യാസമേഖലയിൽ എന്തിനാണ് രാഷ്ട്രീയം? പി.എംശ്രീ നടപ്പാക്കാൻ കഴിയാത്തതും രാഷ്ട്രീയ കാരണങ്ങളാലാണ്. എല്ലാം രാഷ്ട്രീയമായി കണ്ടാൽ ഒന്നും നടക്കില്ല. ജനങ്ങൾക്കു വേണ്ടിയാണ് എന്ന ബോദ്ധ്യത്തിൽ ഒരുമിച്ച് നിന്നാൽ മാത്രമേ മാറ്റമുണ്ടാക്കാനാകൂ.

?പിണറായി സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിൽ

നിന്ന് വ്യത്യസ്തമായി വി.ഡി.സതീശൻ മുഖ്യമന്ത്രിയായപ്പോൾ

എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ
മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മാറ്റങ്ങളൊന്നും കാണുന്നില്ല. ഭരണരീതിയിലും വലിയ വ്യത്യാസമില്ല. വി.ഡി.സതീശൻ പുരോഗമന ചിന്താഗതിയുള്ള വ്യക്തിയാണ്. വായിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്യുന്നയാളാണ്. ഇക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമുണ്ട്. എന്നാൽ, അദ്ദേഹം എന്തൊക്കെയോ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നാണ് മനസിലാക്കുന്നത്. വികസനം കൊണ്ടുവരുമെന്നും പുതിയ കേരളം സൃഷ്ടിക്കുമെന്നുമാണ് അസംബ്ലിയിൽ പറയുന്നത്. പക്ഷേ 150 ദിവസം പിന്നിട്ടിട്ടും നമുക്ക് കിട്ടുന്നത് പവർകട്ടും മരുന്നുക്ഷാമം തുടങ്ങിയവയാണ്. ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ് കേരളം വികസിത സംസ്ഥാനമായി മാറുക? കേരളത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരണമെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പറയണം.

?കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി

മൂന്ന് സീറ്റുകൾ നേടിയെങ്കിലും തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ

ട്വന്റി20യുടെ ഒരു സീറ്റ് നിലനിറുത്തി എന്നല്ലാതെ ആ നേട്ടം തുടർന്നുവെന്ന് പറയാനാകുമോ

പരാജയപ്പെട്ടതൊന്നും ഞങ്ങളുടെ സീറ്റുകളായിരുന്നില്ല. പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കേരളത്തിൽ മറ്റൊരു സർക്കാർ ഭരിക്കുമ്പോൾ ആ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ജനവിധി ഉണ്ടാകുക സ്വാഭാവികമാണ്. ഇവിടെ തോറ്റത് കോൺഗ്രസ് പാർട്ടിയാണ്. വി.ഡി.സതീശൻ സർക്കാരിനെതിരെയുള്ള ഒരു ഹിതപരിശോധന നടന്നെന്ന് കരുതുന്നുണ്ട്.


?ബി.ജെ.പിയിൽ വി.മുരളീധരൻ പക്ഷവും രാജീവ് ചന്ദ്രശേഖർ

പക്ഷവും എന്ന നിലയിൽ വിഭാഗീയത ശക്തമാണെന്ന

ആരോപണമുണ്ട്. നിയമസഭാകക്ഷി നേതാവായി

പരിചയസമ്പന്നനായ വി.മുരളീധരനെ പരിഗണിക്കാത്തതും

വിമർശനത്തിന് ഇടയാക്കിയിരുന്നു
വി.മുരളീധരൻ സീനിയർ ലീഡറാണ്. മന്ത്രിയായും രാജ്യസഭ എം.പിയായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ മുഖങ്ങൾ വരുമ്പോൾ പാർട്ടിക്ക് അതിന്റേതായ മാറ്റങ്ങളുണ്ട്. ഇത് തീരുമാനിച്ചതും ഞാനല്ല. പാർട്ടി ഒരുമിച്ചെടുത്ത തീരുമാനമാണ്. ബി.ബി.ഗോപകുമാർ ഞങ്ങളുടെ പാർട്ടിയിലെ മാതൃകാ പ്രവർത്തകനാണ്. കാരണം, രണ്ടുതവണ മത്സരിച്ചു. അവിടെ പ്രവർത്തിച്ച് ജയിച്ചൊരു വ്യക്തിയാണ്. ഞങ്ങളുടെ പ്രവർത്തകർക്കെല്ലാം ഒരു മാതൃകാ ലീഡറാണ് ഗോപകുമാർജി. അങ്ങനെയൊരു അഭിപ്രായ വ്യത്യാസമൊന്നുമില്ല.

?കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ ഒരു ചടങ്ങിൽ

പങ്കെടുക്കാനെത്തിയപ്പോൾ യൂത്ത് കോൺഗ്രസുകാർ അദ്ദേഹത്തെ വഴിതടഞ്ഞു.

തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ ഒരു മന്ത്രിയുടെ

കാർ തടയുകയും ഓട്ടോയിൽ നിന്ന് ഇറക്കിവിട്ട സംഭവവുമുണ്ടായി.

വഴിതടയൽ സമരരീതി മാറ്റാൻ സമയമായില്ലേ

അമൃതാനന്ദമയിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിലെത്തിയത്. അന്ന് മറ്റൊരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. കൊല്ലത്ത് നടന്ന രണ്ട് മന്ത്രിമാരുടെ പരിപാടിയിൽ അദ്ദേഹം പറഞ്ഞത്,​ കേരളത്തിലെ മന്ത്രിമാരെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു എന്നാണ്. കേരളത്തിനുവേണ്ടി ഞങ്ങൾ നല്ല കാര്യങ്ങൾ ചെയ്യാൻ തയ്യാറാണെന്നും പറഞ്ഞു. എന്നിട്ടാണ് അദ്ദേഹത്തെ കരിങ്കൊടിയും സമരവുമായി ഇവിടെ സ്വീകരിച്ചത്. തീർച്ചയായും ഈ രീതി മാറണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അത് മാറുമെന്ന് വിശ്വാസമുണ്ട്. സാങ്കേതികവിദ്യയെയും ഭാവിയെയും കുറിച്ചുള്ള ചർച്ചകളാണ് വേണ്ടത്. തമിഴ്‌നാട്ടിലും കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും വലിയ രീതിയിലുള്ള നിക്ഷേപങ്ങൾ വരുമ്പോഴും കേരളത്തിൽ മാത്രം എന്തുകൊണ്ടാണ് വരാത്തത്. അടുത്ത നാലഞ്ച് കൊല്ലത്തേക്ക് കൃത്യമായൊരു ദിശാബോധം സംസ്ഥാന സർക്കാർ നൽകിയില്ലെങ്കിൽ നമ്മൾ അപ്രസക്തമായി പോകും.

(അഭിമുഖത്തിന്റെ പൂർണരൂപത്തിന് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION