SignIn
Kerala Kaumudi Online
Friday, 23 October 2026 3.04 AM IST

വിഴിഞ്ഞം കേരളത്തിന്റെ ധനയന്ത്രം

ss

മാരിടൈം നേട്ടങ്ങൾ ദീർഘകാലം നിലനിൽക്കുന്ന അഭിവൃദ്ധിയിലേക്കു പരിവർത്തിപ്പിക്കുന്നതു സംബന്ധിച്ചാകണം വിഴിഞ്ഞത്തിന്റെ അടുത്ത അദ്ധ്യായം.

വിഴിഞ്ഞത്തിലൂടെ കേരളം മാരിടൈം രംഗത്ത് സുപ്രധാന നാഴികക്കല്ല് സ്വന്തമാക്കിയിരിക്കുകയാണ്. ഇനി അതിനെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപങ്ങൾ ആകർഷിച്ചും കേരളത്തിന്റെ സാമ്പത്തിക ഭാവിക്കുതകുന്ന വ്യവസായ ആവാസ വ്യവസ്ഥയാക്കി മാറ്റുക എന്നതാണ് വെല്ലുവിളി.

കേരളത്തിന്റെ സമീപകാലത്തെ ഏറ്റവും പ്രധാന അടിസ്ഥാന സൗകര്യ നേട്ടമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം വഴി സാദ്ധ്യമായിരിക്കുന്നത്. സേവനങ്ങൾ,ടൂറിസം,പണമിടപാടുകൾ,പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ മാത്രം കാലങ്ങളായി ആശ്രയിച്ചുകൊണ്ടിരുന്ന കേരളത്തിന്, കൃത്യമായ മാറ്റങ്ങൾക്ക് സഹായകമായ അന്തരീക്ഷം കൈവന്നിരിക്കുകയാണ്. ആഗോള മാരിടൈം വ്യാപാരത്തിൽ വലിയ പങ്കാളിത്തം വഹിക്കാൻ കേരളത്തിന് അവസരം കൈവന്നിരിക്കുന്നു.

എന്നാലും, വിഴിഞ്ഞത്തിന്റെ യഥാർത്ഥ വിജയത്തെ അളക്കേണ്ടത് അവിടെയെത്തുന്ന കപ്പലുകളുടെ എണ്ണമോ, അവിടെ കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളുടെ വ്യാപ്തിയോ കൊണ്ടല്ല. തുറമുഖ കവാടങ്ങൾക്ക് അപ്പുറം നടക്കുന്ന സാമ്പത്തിക നടപടികൾ നോക്കിയാണ്. അതുകൊണ്ട് കേരളം വിഴിഞ്ഞത്തിന്റെ വിജയം ആഘോഷിക്കുന്നതിൽ നിന്ന് അതിനെ സമഗ്രമായ സാമ്പത്തിക ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്ന പദ്ധതിയായി കാണേണ്ടിയിരിക്കുന്നു.

മറ്റു പല തുറമുഖങ്ങളോടും താരതമ്യം ചെയ്യാൻ കഴിയാത്ത വണ്ണം വിഴിഞ്ഞത്തിന് ഭൂമിശാസ്ത്രപരമായ സവിശേഷതയുണ്ട്. അന്താരാഷ്ട്ര കപ്പൽ മാർഗത്തിന് വളരെ അടുത്തുസ്ഥിതിചെയ്യുന്ന ഇവിടെ വളരെ വലിയ കണ്ടെയ്നറുകൾക്ക് അടുക്കാൻ തക്ക ആഴമുണ്ട്. വിഴിഞ്ഞത്തിന്റെ വികസനം പരമ്പരാഗതമായി വിദേശ ഹബ്ബുകളിലേക്കു പൊയ്ക്കൊണ്ടിരുന്ന ചരക്കു നീക്കത്തിന്റെ ഗണ്യമായ ഭാഗം ഇന്ത്യക്ക് പിടിച്ചെടുക്കാൻ സഹായിക്കും. ഇത് വളരെ പ്രധാനപ്പെട്ട ഒരു ദേശീയ നേട്ടമാണ്. എന്നാൽ കേരളത്തിന് ഇത് അതിനെക്കാളേറെ അവസരമൊരുക്കും.

ലോകമെങ്ങും വിജയകരമായി പ്രവർത്തിക്കുന്ന തുറമുഖങ്ങൾ വ്യവസായ പുരോഗതിക്ക് വഴിയൊരുക്കിയിട്ടുണ്ട്. മാരിടൈം അടിസ്ഥാന സൗകര്യ വികസനം എങ്ങനെ ലോജിസ്റ്റിക്സ്, നിർമാണ മേഖല,സാമ്പത്തിക സേവനങ്ങൾ, വെയർ ഹൗസിംഗ്, അന്താരാഷ്ട്ര വാണിജ്യം എന്നിവയെ പിന്തുണയ്ക്കുന്നെന്ന് സിംഗപ്പൂരും,റോട്ടർഡാമും,ദുബായിയുമൊക്കെ പ്രകടമാക്കുന്നുണ്ട്. അവരുടെ അനുഭവങ്ങൾ നമുക്ക് ഒരു പാഠം സമ്മാനിക്കുന്നു. ഒരു തുറമുഖം സാമ്പത്തിക പരിവർത്തനത്തിനുതകുന്നത് ബിസിനസ് സംരംഭങ്ങൾ ആ തുറമുഖത്തെ ചുറ്റിപ്പറ്റി നടപ്പാക്കാൻ നിർബന്ധിതമാകുമ്പോഴാണ്.

 നേട്ടങ്ങൾ ഏറെ

കേരളം വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഇത് നടപ്പാക്കണം. ഉടൻ ചെയ്യേണ്ടത്, തെക്കൻ കേരളത്തിൽ ഒരു ഏകീകൃത ലോജിസ്റ്റിക്സ് - വ്യവസായ ആവാസ വ്യവസ്ഥയുണ്ടാക്കുക എന്നതാണ്. ആധുനിക വെയർഹൗസിംഗ് സൗകര്യങ്ങൾ, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനുകൾ, വിതരണ കേന്ദ്രങ്ങൾ, മികച്ച റോഡ് - റെയിൽ കണക്ടിവിറ്റി എന്നിവയ്ക്ക് തുറമുഖത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ആകർഷകമായ വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ കഴിയും. അത്തരം അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികൾക്ക് മാത്രമല്ല, കേരളത്തിലെ വ്യവസായങ്ങൾക്കും നേട്ടമാകും.

 കേരളത്തിലെ സീ ഫുഡ് വ്യവസായമെടുക്കുക. മെച്ചപ്പെട്ട ശീതീകരിച്ച സ്റ്റോറേജ്, വേഗത്തിലുള്ള കസ്റ്റംസ് നടപടികൾ, ആശ്രയിക്കാവുന്ന മാരിടൈം കണക്ഷനുകൾ എന്നിവയിലൂടെ മത്സരം ശക്തിപ്പെടുത്താനാവും. സുഗന്ധ വ്യഞ്ജനങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങൾ, റബർ ഉത്പന്നങ്ങൾ, മറ്റ് കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങൾ എന്നിവയ്ക്കും സമാനമായ സാദ്ധ്യതകളുണ്ട്. വിഴിഞ്ഞം മറ്റെവിടെയെങ്കിലും ഉണ്ടാക്കുന്ന സാധനങ്ങൾ കൈകാര്യം ചെയ്യുകയല്ല വേണ്ടത്, മറിച്ച്, കേരളത്തിൽത്തന്നെ സമ്പത്തുത്പാദനം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ട്, അടുത്ത ഘട്ടത്തിൽ പരമപ്രധാനം ഉത്പാദനമാണ്.

ഭൂമി ലഭ്യതക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി, ബിസിനസുകൾക്ക് വേണ്ടി വരുന്ന വലിയ ചെലവ് എന്നിവ മൂലം കേരളം ചരിത്രപരമായിത്തന്നെ വൻ തോതിലുള്ള നിർമാണ നിക്ഷേപങ്ങൾ ആകർഷിക്കാൻ പാടുപെടുന്നുണ്ട്. ഇവിടെ വിഴിഞ്ഞം ഒരു വ്യത്യസ്ത മാതൃക സൃഷ്ടിക്കുകയാണ്. ഇലക്ട്രോണിക് അസംബ്ളി, പ്രിസിഷൻ എഞ്ചിനിയറിംഗ്, ഭക്ഷ്യ സംസ്കരണം, മെഡിക്കൽ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് മാനുഫാക്ചറിംഗ് എന്നിവയെല്ലാം പ്രബലമായ മേഖലകൾ എന്ന നിലയിൽ കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കാര്യക്ഷമതയും വൈദഗ്ദ്ധ്യവും സാങ്കേതിക മികവും അന്താരാഷ്ട്ര വിപണിയുമായുള്ള അടുപ്പവും കൊണ്ട് കേരളത്തിന് മത്സരിക്കാനാവും.

അതുപോലെ പ്രധാനമാണ് മാരിടൈം സേവന വികസനവും. ആധുനിക തുറമുഖത്തിന് ക്രെയ്നുകളും കണ്ടെയ്നർ ടെർമിനലുകളും മാത്രം പോര. ഷിപ്പ് മെയ്ന്റനൻസ്, മറൈൻ എഞ്ചിനിയറിംഗ്, എക്വിപ്പ്മെന്റ് സർവീസിംഗ്, ബങ്കറിംഗ്,ലോജിസ്റ്റിക്സ് ടെക്നോളജി, മാരിടൈം ഇൻഷ്വറൻസ്,സ്പെഷ്യലൈസ്ഡ് പ്രൊഫഷണൽ സർവീസ് എന്നിവയെല്ലാം സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിന്റെ മാരിടൈം വിജ്ഞാനം ഇതിനെല്ലാം അടിത്തറയൊരുക്കുകയും ചെയ്യും.

സർവകലാശാലകൾ, സാങ്കേതിക സ്ഥാപനങ്ങൾ, ഷിപ്പിംഗ് കമ്പനികൾ സ്വകാര്യ നിക്ഷേപകർ എന്നിവരെ ഉൾപ്പെടുത്തി സർക്കാർ ഒരു മാരിടൈം സ്കിൽസ് ആൻഡ് ഇന്നൊവേഷൻ ആവാസ വ്യവസ്ഥ രൂപീകരിക്കുന്ന കാര്യം പരിഗണിക്കണം. ഇതിലൂടെ യുവജനങ്ങൾക്ക് പോർട്ട് ഓപ്പറേഷൻ,വിതരണ ശൃംഖലാ മാനേജ്മെന്റ്, മറൈൻ എഞ്ചിനിയറിംഗ്, ഓട്ടമേഷൻ, അന്താരാഷ്ട്ര വ്യാപാരം എന്നിവയിൽ തൊഴിൽ പരിശീലനം നൽകാൻ കഴിയും. വിദ്യാഭ്യാസ പുരോഗതി ഏറെയുള്ളതും എന്നാൽ അനുയോജ്യമായ തൊഴിലവസരങ്ങൾ വേണ്ടത്ര ഇല്ലാത്തതുമായ കേരളത്തെ സംബന്ധിച്ച് ഇതിന് വലിയ പ്രാധാന്യമുണ്ട്. വിഴിഞ്ഞം കേരളത്തിലെ യുവജനങ്ങൾക്ക് വിദഗ്ദ്ധ തൊഴിലിനുള്ള കേന്ദ്രമായി മാറണം. അല്ലാതെ, അന്താരാഷ്ട്ര ചരക്കു നീക്കം സാദ്ധ്യമാക്കുന്ന കവാടം മാത്രമാകരുത്.

ഈ നേട്ടങ്ങൾ തിരുവനന്തപുരത്തിനും അപ്പുറത്തേക്കു പോകണം. കേരളത്തിലങ്ങോളമിങ്ങോളവും തമിഴ് നാട്ടിലുമുള്ള വ്യവസായ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് തുറമുഖത്തിന്റെ വാണിജ്യ സാദ്ധ്യത വർധിപ്പിക്കണം. ഇത് ചെറുകിട ബിസിനസ്സുകൾക്കും അവസരമൊരുക്കും.

 പ്രധാന പങ്ക് വേറെയും

മെച്ചപ്പെട്ട റെയിൽ കണക്ടിവിറ്റി, ദേശീയപാതാ സംയോജനം, കസ്റ്റംസിന്റെ കാര്യശേഷി, മാരിടൈം നയ പിന്തുണ എന്നിവ ശക്തിപ്പെടുന്നത്, വിശാലാർത്ഥത്തിൽ, ഇന്ത്യയുടെ ലോജിസ്റ്റിക്സ് സ്വപ്നങ്ങൾക്ക് സംഭാവന നൽകും. ആത്യന്തികമായി ഇത് കേരളത്തിന്റെ സാമ്പത്തിക പ്രതീക്ഷകൾക്ക് മാറ്റമുണ്ടാക്കുമെന്നതാണ് പ്രസക്തം.ഇനി വരുന്ന ഒരു പതിറ്റാണ്ടിൽ വിഴിഞ്ഞത്തിന്റെ വിജയം അവിടുത്തെ ഷിപ്പിങ്ങിനെ അടിസ്ഥാനപ്പെടുത്തിയല്ല വേണ്ടത്. മറിച്ച്,അവിടെ എത്ര വ്യവസായങ്ങൾ സ്ഥാപിക്കുന്നു എന്നതും, എത്ര ബിസിനസ് വർദ്ധന ഉണ്ടാകുന്നു എന്നതും,എത്ര നിക്ഷേപം വരുന്നു എന്നതും എത്ര യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു എന്നതിനേയും അടിസ്ഥാനപ്പെടുത്തിയാകണം. കേരളം അതിനുള്ള പ്രവേശന കവാടം തുറന്നിരിക്കുകയാണ്. ഇനി അതിനു ചുറ്റും ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കണം. മാരിടൈം നേട്ടങ്ങൾ ദീർഘകാലം നിലനിൽക്കുന്ന അഭിവൃദ്ധിയിലേക്കു പരിവർത്തിപ്പിക്കുന്നതു സംബന്ധിച്ചാകണം വിഴിഞ്ഞത്തിന്റെ അടുത്ത അദ്ധ്യായം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION