SignIn
Kerala Kaumudi Online
Wednesday, 28 October 2026 2.10 AM IST

കാർ കളിക്കാനുള്ളതല്ല റോഡ് കളിസ്ഥലവുമല്ല

READ ENGLISH VERSION
a

പതിനാലുവയസുകാരൻ ഓടിച്ച കാറിടിച്ച് മൈസുരുവിൽ ദമ്പതികളും മകനുമടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ കർണാടക ഹൈക്കോടതി നടത്തിയ പരാമർശം കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. തന്റെ സമ്മതമില്ലാതെയാണ് പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ചതെന്നും തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. റോഡ് കളിസ്ഥലമല്ലെന്നും കാറുകൾ കുട്ടികൾക്കു കളിക്കാനുള്ളതല്ലെന്നും വ്യക്തമാക്കിയ കോടതി, പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കാൻ പാടില്ലെന്ന നിയമം സാഹചര്യമനുസരിച്ച് മാറ്റാൻ പറ്റില്ലെന്നും വ്യക്തമാക്കി പിതാവിന്റെ ഹർജി തള്ളുകയായിരുന്നു. കേരളത്തിൽ നിത്യേന റോഡപകടങ്ങളിൽ നിരവധിപേർ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. അപകടത്തിനിരയാകുന്നവരുടെ ഉറ്റവർക്ക് അതൊരു തീരാനഷ്ടമാണ്.

പുതിയ പുതിയ അപകടങ്ങൾ സംഭവിക്കുമ്പോൾ പഴയതെല്ലാം വിസ്‌മൃതിയിലാകുന്നു. അതേസമയം സമൂഹ മന:സാക്ഷിയെ നടുക്കുന്ന അപകടങ്ങൾ പരക്കെ ചർച്ചചെയ്യപ്പെടുകയും വാർത്താപ്രാധാന്യം നേടുകയും ചെയ്യും. നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിന് കാരണമായ മിനികൂപ്പർ അപകടവും ചേരാനെല്ലൂരിൽ തട്ടുകടയുടമയായ ജയബാലകൃഷ്ണന്റെ ജീവനെടുത്ത അപകടവും വലിയ പ്രതിഷേധം ഉയർത്തി. രണ്ടപകടങ്ങൾക്കും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. അപകടമുണ്ടാക്കിയ രണ്ടും ആഡംബര വാഹനങ്ങൾ. ഒന്നു മിനികൂപ്പറും രണ്ടാമത്തേത് ബെൻസ് കാറും. രണ്ടും അമിത വേഗതയിലായിരുന്നു. ചേരാനെല്ലൂരിൽ അപകടമുണ്ടാക്കിയ ബെൻസ് കാറോടിച്ചത് ജഡ്ജിയുടെ പുത്രനായ പതിനേഴുകാരൻ. നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത മിനികൂപ്പർ ഓടിച്ചിരുന്നത് സമ്പന്നകുമാരനായ സുഹൈൽ സജീവ് എന്ന പത്തൊമ്പതുകാരനും. അമിതമായി മദ്യപിച്ച് അമിതവേഗത്തിലാണ് ഇയാൾ വാഹനമോടിച്ചത്.

പറവൂർ മഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണനെന്ന അമ്പത്തഞ്ചുകാരനാണ് ഞായറാഴ്ച പുലർച്ചെ ചേരാനെല്ലൂർ അപകടത്തിൽ മരിച്ചത്. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച പതിനേഴുകാരൻ ജഡ്ജിയുടെ പുത്രനാണെന്നറിഞ്ഞതോടെ ചേരാനെല്ലൂർ പൊലീസ് താളം ചവിട്ടാൻ തുടങ്ങി. നിയമപരമായി കൈക്കൊള്ളേണ്ട പല നടപടികളിലും അലംഭാവം കാട്ടി. ഒടുവിൽ ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധം, മാദ്ധ്യമങ്ങളുടെ കർക്കശമായ ഇടപെടൽ, നിയമസഭയിൽ വിമർശനം, ആഭ്യന്തരമന്ത്രിയുടെ അതൃപ്തി എന്നിവ കാരണം പൊലീസ് നിയമപരമായി നീങ്ങാൻ തുടങ്ങി. അതനുസരിച്ചാണ് പതിനേഴുകാരനെതിരെ കേസെടുത്തതിന് പുറമേ പിതാവിനെതിരെയും കേസെടുത്തത്. മോട്ടോർ വാഹനാപകട നഷ്ടപരിഹാര കേസുകൾ പരിഗണിക്കുന്ന അഡിഷണൽ ജില്ലാ ജഡ്ജിയായ പിതാവിനെ രണ്ടാം പ്രതിയാക്കി എഫ്.ഐ.ആർ പരിഷ്കരിച്ചു. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാർ അറിയിച്ചിട്ടുണ്ട്. 17കാരൻ മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ കാറോടിച്ചതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്.

ഓർക്കാപ്പുറത്ത് അച്ഛൻ നഷ്ടപ്പെട്ട ദുഃഖം ഉള്ളിലൊതുക്കി ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും നീതിക്കുവേണ്ടി ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ ധർണ തിങ്കളാഴ്ച രാത്രി മുഖ്യമന്ത്രി വി.ഡി.സതീശൻ ബന്ധപ്പെട്ട ശേഷമാണ് അവസാനിപ്പിച്ചത്.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹന ഉടമ അല്ലെങ്കിൽ രക്ഷിതാവിനെതിരെ കേസെടുക്കണമെന്ന മോട്ടോർ വാഹന നിയമത്തിലെ 109 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അപകടമുണ്ടായി 32മണിക്കൂറിനു ശേഷമാണ് പൊലീസ് കേസെടുത്തത്. ജഡ്ജിയുടെ കാര്യത്തിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം വൈകാതെ ഉണ്ടാകും. അപകടസ്ഥലത്തെത്തിയ ചേരാനെല്ലൂർ പൊലീസ് യഥാസമയം നീതിപൂർവമായ നിയമ നടപടികൾ സ്വീകരിക്കാത്തതാണ് ഇത്രയും പ്രതിഷേധവും രോഷവും ക്ഷണിച്ചുവരുത്തിയത്. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യാൻ ഇനിയെങ്കിലും പൊലീസ് ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION