
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യ മികച്ച സംഘാടന മികവാണ് ഉച്ചകോടിയിലൂടെ പ്രകടമാക്കിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആഗോള ധ്രുവീകരണവും സംഘർഷങ്ങളും ഉണ്ടായാലും സമവായം രൂപപ്പെടുത്താൻ കഴിയുമെന്ന് ഇന്ത്യ ആതിഥേയത്വം വഹിച്ച ബ്രിക്‌സ് ഉച്ചകോടി തെളിയിച്ചു.ഉച്ചകോടിയിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും രാഷ്ട്രത്തലവൻമാരായിരുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അടക്കം അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരുടെയും പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേതാക്കൾക്ക് തുറന്നതും സുഖകരവുമായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഉച്ചകോടി അവസരമൊരുക്കി. മോദിയുടെ സംഭാഷണം,നയതന്ത്രം,വികസനം എന്നീ സന്ദേശങ്ങളാണ് ഉച്ചകോടിയിൽ പ്രതിഫലിച്ചതെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. അത് സംഭവിക്കില്ലെന്ന് പലരും പറഞ്ഞു. എന്നാൽ,ഡൽഹിയിലത് സംഭവിച്ചു. മോദിയാണ് അതിന് നേതൃത്വം നൽകിയത്. ലോകത്ത് വലിയ സംഘർഷങ്ങളും ആഴത്തിലുള്ള ഭിന്നതകളും മൂലം ധ്രുവീകരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഉച്ചകോടി നടന്നത്. ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയങ്ങളിൽ സമവായമുണ്ടാക്കി. കഠിനമായ വിഷയം പശ്ചിമേഷ്യൻ സംഘർഷമായിരുന്നു. എല്ലാവരും അംഗീകരിച്ച ഒരു പ്രസ്താവന പുറത്തിറക്കി.
ആഗോള വ്യാപാരം, വിതരണ ശൃംഖലകൾ, ഊർജ്ജം എന്നിവയുടെ സുഗമമായ ഒഴുക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനും ഊന്നൽ നൽകി സമാധാനം, സുരക്ഷ, സ്ഥിരത, ദീർഘകാല ധാരണ എന്നിവയുടെ ആവശ്യകതയിൽ ബ്രിക്സ് നേതാക്കൾ ധാരണയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ അജൻഡ സമ്പദ്‌വ്യവസ്ഥ, വികസനം, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. വികസ്വര രാജ്യങ്ങൾക്കായി നിലകൊള്ളാൻ ഊന്നൽ നൽകി. പരിഷ്കരണത്തിലും പ്രതിരോധശേഷിയിലും ശ്രദ്ധ കേന്ദ്രീകരിച്ച ഉച്ചകോടിയുടെ രണ്ട് പ്രധാന സെക്ഷനുകളിലെ ചർച്ചകളിൽ ഭിന്നതകൾ മറന്ന് രാജ്യങ്ങളെ ഒന്നിപ്പിച്ചു. ഭീകരതയെയും പഹൽഗാം ആക്രമണത്തെയും ബ്രിക്‌സ് അപലപിച്ചതും ജയശങ്കർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |