
എൺപതാം സ്വാതന്ത്ര്യദിനത്തിൽ, ചെങ്കോട്ടയിൽ തുടർച്ചയായി പതിമൂന്നാം തവണയും ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവാക്കൾക്കായി ഒട്ടേറെ പ്രഖ്യാപനങ്ങൾ നടത്തുകയുണ്ടായി. സമഗ്ര വികസനത്തിന് ഏഴു മേഖലകളെ കോർത്തിണക്കി കൊണ്ടുള്ള സപ്തധാര പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യത്തെ ജെൻസികളുടെ വർദ്ധിച്ചു വരുന്ന പ്രാധാന്യം ഉൾക്കൊള്ളുന്നതും അംഗീകരിക്കുന്നതുമായ പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടായത്. ഒരു കോടി യുവതീയുവാക്കൾക്ക് സൗജന്യ എ.ഐ പരിശീലനം നൽകുമെന്ന പ്രഖ്യാപനം യുവജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതിനൊപ്പം ഈ കാലഘട്ടത്തിലെ പുതിയ തൊഴിലുകൾക്ക് അവരെ സജ്ജരാക്കി മാറ്റാൻ ഉതകുന്നതുമാണ്. മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ അതിനേക്കാൾ ഭംഗിയായും ഫലപ്രദമായും എ.ഐ ചെയ്യുമ്പോൾ സ്വാഭാവികമായും ആ മേഖലയിലാവും ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഇനി ഉണ്ടായി വരിക. ഇതിനുള്ള പരിശീലനം സർക്കാർ യുവജനങ്ങൾക്ക് സൗജന്യമായി നൽകാൻ തീരുമാനിച്ചത് ഒട്ടേറെ ചെറുപ്പക്കാരുടെ കർമ്മശേഷിയെ പുതിയ മാർഗത്തിലേക്ക് കടത്തിവിടാൻ പ്രേരിപ്പിക്കുന്നതാണ്.
നീറ്റ് - യു.ജി ചോദ്യക്കടലാസ് ചോർച്ച വിഷയത്തിൽ ജന്തർ മന്ദറിൽ യുവാക്കളുടെ നേതൃത്വത്തിൽ നടന്ന വിജയകരമായ പ്രക്ഷോഭം സർക്കാരിന്റെ ചിന്തയെ തന്നെ സ്വാധീനിച്ചിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. മത്സര പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ ക്ളാസുകൾ നടത്തുമെന്ന പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. സ്വകാര്യ കോച്ചിംഗ് ക്ളാസുകളുടെ ആധിക്യവും മത്സരവും ഈ മേഖലയെ അത്യന്തം വഷളാക്കുന്നതിന് കാരണമായിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഓൺലൈൻ ക്ളാസുകൾ ഈ രംഗത്തെ ദുഷ്‌പ്രവണതകളെ തടുക്കാൻ വലിയൊരു പരിധിവരെ ഇടയാക്കുമെന്ന് കരുതാം. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ സപ്‌തധാര പദ്ധതിയിൽ കൃഷി, ഉത്‌പന്നങ്ങൾ, പ്രതിരോധം, നൂതന സംരംഭകത്വം, കണക്ടിവിറ്റി, ബ്ളൂ ഇക്കോണമി, സോഫ്‌റ്റ് പവർ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്.
നിയമ നിർമ്മാണ സഭകളിൽ സ്‌ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പിക്കാൻ രാഷ്ട്രീയ കക്ഷികൾ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം ഉയർന്ന് ഒരുമിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്തെ വനങ്ങളിൽ നിന്ന് ആയുധമേന്തിയ നക്സലിസത്തെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും മസ്‌തിഷ്‌കത്തിൽ നക്‌സലിസം സൂക്ഷിക്കുന്നവർ രാജ്യത്ത് ഇപ്പോഴും തുടരുന്നെന്നും അവരെക്കുറിച്ച് ജാഗ്രത വേണമെന്നും യുവാക്കളെ ഉദ്‌ബോധിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. ആഗോളീകരണം ലോകത്ത് അവസാനിച്ചിരിക്കുകയാണെന്നും ഇന്നിപ്പോൾ സ്വന്തം താത്‌പര്യങ്ങൾക്കാണ് ഓരോ രാജ്യവും മുൻതൂക്കം നൽകുന്നതെന്ന നിരീക്ഷണവും പ്രധാനമന്ത്രി നടത്തി. ഈ നൂറ്റാണ്ടിന്റെ പകുതിയോടെ വികസിത ഭാരതമെന്ന ലക്ഷ്യം നേടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
രാജ്യം വേഗം എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകേണ്ടതുണ്ട്. ഇതൊക്കെ മുന്നിൽക്കണ്ടാണ് ഇന്ത്യ നാൽപ്പതിലധികം രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടിരിക്കുന്നത്. ഇത് സംരംഭക മേഖലയ്ക്ക് ഉത്തേജകമായിട്ടുണ്ടെന്നും കേരളത്തിലെ ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്ര വിഭവങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി എടുത്തു പറയുകയുണ്ടായി. യോഗ, കരകൗശലം, സിനിമ, ഡിജിറ്റൽ ഉള്ളടക്കങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകർഷിക്കാനായി ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും സംസ്ഥാനങ്ങളിലെ ടൂറിസം വകുപ്പുകൾ പരിഗണിക്കേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |