
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം ആഘോഷിച്ച് രാജ്യം. ഇന്നലെ രാത്രി ഡൽഹിയിലെ കർത്തവ്യപഥിൽ 1.25 ലക്ഷം ചെരാതുകൾ തെളിച്ചു. ബി.ജെ.പിയുടെ 'ആശീർവാദ് കാ ദിയാ" പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ദീപം തെളിക്കൽ. ഭരണഘടനാ പദവികളിൽ ഒക്ടോബർ 7ന് മോദി 25 വർഷം പൂർത്തിയാക്കുന്നതും കൂടി ആഘോഷിക്കാൻ ഒരുമാസം നീണ്ടു നിൽക്കുന്ന 'സേവാ സങ്കൽപ് അഭിയാൻ' പരിപാടിക്കും പാർട്ടി ഇന്നലെ തുടക്കമിട്ടു. ഗുജറാത്തിൽ മോദി ജനിച്ച വഡ്നഗറിൽ നിന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസി വരെ നിശ്ചയിച്ച ബൈക്ക് റാലി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്‌തു.
ഗുജറാത്തിലെ പുണ്യ നദികളിലെ ജലം ശേഖരിച്ച് വിവിധ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്‌ത് ഒക്ടോബർ ഏഴോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. ഡൽഹിയിൽ മുഖ്യമന്ത്രി രേഖാ ഗുപ്‌തയുടെ നേതൃത്വത്തിൽ പ്രത്യേക പൂജകൾ നടത്തി. രക്തദാന ക്യാംപുകൾ അടക്കം സംഘടിപ്പിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഭാരത് വൻ" ഹരിതപദ്ധതി വൃക്ഷത്തൈ നട്ടുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്‌തു. മലയാളി പരിസ്ഥിതി പ്രവർത്തകൻ ആർ.കെ. നായരുടെ നേതൃത്വത്തിൽ ലോധി കോളനിയിലെ പാർക്കിൽ 10,000 തൈകൾ നടും. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. യോഗിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കാശി വിശ്വനാഥ ക്ഷേത്രത്തിൽ പൂജകൾ നടത്തി.
ആശംസ നേർന്ന് പുട്ടിനും മെലോനിയും, നന്ദി പറഞ്ഞ് മോദി
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ,ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു,ഇറ്രാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തുടങ്ങിയ ലോക നേതാക്കളും രാഷ്ട്രപതി ദ്രൗപദി മുർമു,ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ,കേന്ദ്രമന്ത്രിമാർ,ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,വിവിധ മുഖ്യമന്ത്രിമാർ എന്നിവരും മോദിക്ക് ആയുരാരോഗ്യവും ദീർഘായുസും നേർന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെ യു.എസ് എംബസി മുഖേന ആശംസയറിയിച്ചു. സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദിയെന്ന് മോദി പ്രതികരിച്ചു.
ജന്മദിനത്തിലും കർമ്മനിരതൻ
ജന്മദിനത്തിലും കർമ്മനിരതനായിരുന്നു മോദി. രാവിലെ ഡൽഹിയിൽ 'സെമികോൺ ഇന്ത്യ 2026" പരിപാടി ഉദ്ഘാടനം ചെയ്‌തു. സെമികണ്ടക്‌ടർ മിഷനുമായി ബന്ധപ്പെട്ട 1350 കോടി ഡോളറിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. ബ്രിക്‌സ് ഉച്ചകോടി വമ്പിച്ച നയതന്ത്ര വിജയമായിരുന്നുവെന്ന് പറഞ്ഞു. പശ്ചിമ ബംഗാളിലെ 'അന്നപൂർണ്ണ യോജന" പദ്ധതിയുടെ നാലാം ഗഡു വിതരണം ചെയ്യുന്ന ചടങ്ങിനെ വീഡിയോ കോൺഫറൻസ് മുഖേന അഭിസംബോധന ചെയ്‌തു. 1.5 കോടി വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 3,000 രൂപ വീതമാണ് കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |