
ദിവസവും രണ്ടു നേരം കുളിക്കുന്ന മലയാളിയുടെ വ്യക്തിശുചിത്വ ശീലത്തിനു മുന്നിൽ നമസ്കരിക്കുന്നവരാണ് ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികൾ എന്നത് നേരുതന്നെ. പക്ഷേ, പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്ന വിഷയത്തിലാകുമ്പോൾ ഇതേ നമസ്കാരം മൂക്കുപൊത്തലായി മാറും! വീട്ടിൽ നിന്നുള്ള അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെ അയലത്തെ ഒഴിഞ്ഞ പുരയിടത്തിലും, അതിനു സൗകര്യമില്ലെങ്കിൽ പൊതിഞ്ഞുകെട്ടി വഴിയോരത്തും നിക്ഷേപിക്കുവാൻ നമ്മളിൽ പലർക്കും ഒരു മടിയുമില്ല. തിങ്ങിനിറഞ്ഞ ആൾത്താമസം കാരണം കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് സാദ്ധ്യത കുറവായ സംസ്ഥാനത്ത് വികേന്ദ്രീകൃത മാതൃകകൾ പലതും പരീക്ഷിച്ചിട്ടും ബാക്കിയാകുന്ന മാലിന്യക്കൂനകൾ കാരണം പൊറുതിമുട്ടുകയാണ് നഗരമേഖലകൾ ഉൾപ്പെടെ പലയിടങ്ങളും. വീടുകളിലെത്തി മാലിന്യം നേരിട്ട് ശേഖരിക്കുന്ന നാല്പതിനായിരത്തോളം ഹരിതകർമ്മ സേനാംഗങ്ങളാണ് ഇപ്പോഴും നമ്മുടെ പ്രധാന ആശ്വാസം.
ഉറവിട മാലിന്യ സംസ്കരണത്തിന് ആവിഷ്കരിച്ച പദ്ധതികൾ പലതും ഇതേവരെ പൂർണമായും ഫലപ്രദമാകാത്ത സാഹചര്യത്തിൽ മാലിന്യ സംസ്കരണത്തിന് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന ഏതു പദ്ധതിയെയും സ്വാഗതം ചെയ്യുകയും അതുമായി സഹകരിക്കുകയും ചെയ്യേണ്ടതാണ്. അടുത്ത അഞ്ചുവർഷംകൊണ്ട് കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ ലക്ഷ്യമിട്ട് 'നിർമ്മലം- പുതുയുഗ ശുചിത്വ കേരളം' എന്ന പേരിൽ സംസ്ഥാന സർക്കാർ പുതിയൊരു മാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഒരു വർഷത്തിനകം 30 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്കരണവും, 20 ശതമാനം സ്ഥാപനങ്ങളിൽ ഉറവിട സംസ്കരണവും വിഭാവനം ചെയ്യുന്ന പദ്ധതിയുടെ നിർവഹണത്തിന് പൂർണമായും ശാസ്ത്രീയരീതികൾ അവലംബിക്കുമെന്ന് പ്രതീക്ഷിക്കാം. പ്രധാനമായും ഭക്ഷണാവശിഷ്ടം ഉൾപ്പെടുന്ന ജൈവമാല്യത്തിന്റെ തോത് നിയന്ത്രിക്കുവാൻ ആവശ്യമായ ബോധവത്കരണം നടത്തുകയെന്നതും പ്രധാനമാണ്. അതിവേഗം നഗരവത്കരിക്കപ്പെടുന്ന സംസ്ഥാനത്ത് ഉറവിട സംസ്കരണത്തിനുള്ള സ്ഥലവും സൗകര്യവും കുറവായതാണ് പ്രധാന പ്രശ്നം.
അജൈവ മാലിന്യങ്ങളുടെ സംസ്കരണം വീടുകളിലും മറ്രും നിർവഹിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു കാരണം, അത്തരം മാലിന്യം നേരിട്ട് വീടുകളിലെത്തി ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ ഏർപ്പെടുത്തുവാനാണ് സർക്കാരിന്റെ ആലോചന. സംസ്ഥാനത്ത് ഒരു ദിവസം ഉത്പാദിപ്പിക്കപ്പെടുന്ന ആകെ ഖരമാലിന്യത്തിന്റെ അളവുതന്നെ 11,000 ടണ്ണിൽ അധികമാണ്. ഇതിൽ 30 ശതമാനത്തോളവും പ്ളാസ്റ്രിക്കും ഇ-മാലിന്യവും ആയതിനാൽ ഇവയുടെ സംസ്കരണം തുറസ്സായ സ്ഥലങ്ങളിലും മറ്റും സാദ്ധ്യമാകില്ല. മാത്രമല്ല, കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷമയമായ പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് അജൈവ മാലിന്യ സംസ്കരണത്തിന് വിദേശരാജ്യങ്ങൾ അവലംബിക്കുന്ന ആധുനിക സംവിധാനങ്ങളെ മാതൃകയാക്കുകയേ മാർഗമുള്ളൂ. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്തുന്നതിനായി സർക്കാർ തലത്തിൽ പ്രത്യേക പദ്ധതി ഇതുവരെയില്ല. 'നിർമ്മലം' പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സ്വകാര്യ നിക്ഷേപകരുടെ കൂടി പങ്കാളിത്തത്തോടെ റീസൈക്ളിംഗ് പ്ളാന്റുകൾ സ്ഥാപിക്കാനുള്ള തീരുമാനം അതുകൊണ്ടുതന്നെ ഉചിതവും പ്രധാനവുമായി മാറുന്നു.
ജൈവമാലിന്യത്തിൽ നിന്ന് വ്യത്യസ്തമായി ഇ- വേസ്റ്ര് ഉൾപ്പെടെ അജൈവ മാലിന്യത്തിന്റെ ശേഖരണം രണ്ടാംഘട്ടത്തിൽ നൂറുശതമാനവും ഉറപ്പാക്കുവാൻ വിഭാവനം ചെയ്യുന്നുണ്ടെങ്കിലും ഇവയുടെ ശേഖരണത്തിന് ഹരിതകർമ്മ സേനാംഗങ്ങൾ മതിയാകില്ലെന്നതുകൊണ്ട് പ്രത്യേക സംവിധാനവും സംസ്കരണ പ്ളാന്റുകളിലേക്ക് ഇവ എത്തിക്കുന്നതിന് പ്രത്യേക വാഹനങ്ങളും മറ്റും വേണ്ടിവരും. വീടുകളിൽ നിന്നുള്ള ഇ- മാലിന്യം ഓരോ ദിവസവും വർദ്ധിച്ചുവരുന്നതു കൂടി പരിഗണിക്കുമ്പോൾ പ്രത്യേക ഫീസ് ഈടാക്കാതെ ഇത് നടപ്പാക്കാനാകുമോ എന്നതും ആലോചിക്കണം. കെട്ടിടം പൊളിക്കൽ മാലിന്യമാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മറ്രൊരു പ്രശ്നം. അഞ്ചുവർഷത്തെ 'നിർമ്മലം" പദ്ധതിയിൽ ഇത്തരം മാലിന്യത്തിന്റെ സംസ്കരണത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നുണ്ട് എന്നതും മികച്ച നീക്കം തന്നെ. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പ്രത്യേക അതോറിട്ടി രൂപീകരിക്കാനുള്ള ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഈ അതോറിട്ടി കൂടി യാഥാർത്ഥ്യമാകുന്നതോടെ പദ്ധതിയുടെ സമയബന്ധിതവും ഫലപ്രദവുമായ നിർവഹണം സാദ്ധ്യമാകുന്നുവെന്ന് ഉറപ്പാക്കാനും സർക്കാരിന് കഴിയണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |