SignIn
Kerala Kaumudi Online
Saturday, 03 October 2026 1.12 AM IST

വൈദ്യുതി അപകടത്തിന് ഇൻഷ്വറൻസ് വേണം

READ ENGLISH VERSION
k

വൈദ്യുതി അപകടങ്ങളിൽ പരിക്കും ജീവഹാനിയും മറ്റും സംഭവിക്കുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് കെ.എസ്.ഇ.ബിയോട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ആരാഞ്ഞിരിക്കുകയാണ്. മോട്ടോർ വാഹന ഇൻഷ്വറൻസ് പോലെ വൈദ്യുതി അപകടങ്ങളിലും ഇൻഷ്വറൻസ് പരിരക്ഷയുടെ അനിവാര്യതയും കമ്മിഷൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ സമീപകാലത്തായി വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ അങ്ങേയറ്റം പ്രസക്തമാണ് കമ്മിഷന്റെ ചോദ്യം. സംസ്ഥാനത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 2024 - 25 കാലയളവിൽ മാത്രം കേരളത്തിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത് 241 പേരാണ്.

റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളുടെ എണ്ണം വളരെ കൂടുതലുള്ള ഒരു നാടാണ് നമ്മുടേത്. കാലവർഷ സമയങ്ങളിൽ പൊട്ടിവീഴുന്ന ലൈനുകളും മറ്റും നിരപരാധികളുടെ ജീവനെടുക്കാൻ കാരണമാകുന്നു. വന്യമൃഗങ്ങളെ തടയാൻ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന വൈദ്യുതി വേലികളും മനുഷ്യർക്ക് ഭീഷണിയാണ്. അപകടങ്ങൾ പരമാവധി ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനൊപ്പം അപ്രതീക്ഷിതമായി ദുരന്തം സംഭവിച്ചാൽ കുടുംബത്തിന് താങ്ങാവുന്ന ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. വൈദ്യുതി മേഖലയിലെ കരാർ തൊഴിലാളികൾക്ക് ഇൻഷ്വറൻസ് വേണമെന്നാണ് നിബന്ധന എങ്കിലും കരാറെടുക്കുന്നവർ കൃത്യമായി ഇത് പാലിക്കാറില്ല. അവർ ഇത് പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട കെ.എസ്.ഇ.ബി ഇത് പരിശോധിക്കാറുമില്ല.

ലൈനിൽ പണി നടത്തിക്കൊണ്ടിരിക്കെ വൈദ്യുതി കടത്തിവിട്ട സംഭവങ്ങൾ പോലും ഇവിടെ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പോലും നഷ്ടപരിഹാരം നൽകുന്ന ഉത്തരവാദിത്വത്തിൽ നിന്ന് അധികാരികൾ ഒഴിയുകയാണ് ചെയ്യുന്നത്. അതിനാൽ വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഇൻഷ്വറൻസ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി ഒരു പദ്ധതി തയ്യാറാക്കി റഗുലേറ്ററി കമ്മിഷന് സമർപ്പിക്കുകയാണ് വേണ്ടത്. ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനുള്ള മനുഷ്യത്വപരമായ ഉത്തരവാദിത്വമാണ് ബോർഡിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടത്.

വൈദ്യുതാപകടം പലപ്പോഴും അതിനിരയാകുന്നവരെ മരണം സംഭവിച്ചില്ലെങ്കിൽ പോലും സ്ഥിരമായി ജീവച്ഛവമാക്കാൻ പര്യാപ്തമായതാണ്. അതോടെ ആ വ്യക്തിയെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന്റെ വരുമാന മാർഗമാണ് പൂർണമായും ഇല്ലാതാകുന്നത്. കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന വീഴ്ചയുടെ ഭാഗമായി അപകടം ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാനുള്ള ഏക മാർഗം കോടതിയെ സമീപിക്കുകയാണ്. ഇത് ഏറെ ചെലവേറിയതും വർഷങ്ങൾ നീളുന്നതുമാണ്. ഇൻഷ്വറൻസ് ഏർപ്പെടുത്തിയാൽ ഇത്തരം കേസുകൾ തന്നെ ഇല്ലാതാകാൻ അത് ഇടയാക്കും.

അതോടൊപ്പം തന്നെ വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കെ.എസ്.ഇ.ബി കൂടുതൽ സജീവമായി പ്രവർത്തിക്കേണ്ടതും ആവശ്യമാണ്. അപകടാവസ്ഥയിലുള്ള ലൈനുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബി ഇപ്പോൾ വളരെ ഉയർന്ന ഫീസാണ് വാങ്ങുന്നതെന്ന ആക്ഷേപം വ്യാപകമാണ്. അതിനാൽ അക്കാര്യം പുനഃപരിശോധിക്കുന്നതും പരിഗണിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION