
ജനക്കൂട്ടം അക്രമാസക്തമാകുമ്പോൾ പിരിച്ചുവിടാൻ പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജുമൊക്കെ നടത്തേണ്ടിവരും. കൂടുതൽ അക്രമങ്ങളും നാശനഷ്ടങ്ങളും ഒഴിവാക്കാൻ ഒഴിച്ചുകൂടാനാവാത്ത സന്ദർഭങ്ങളിൽ അത് അതാവശ്യമാണ്. അതുപോലെ കാണേണ്ടതല്ല ലോക്കപ്പ് മർദ്ദനം. അത് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനമാണ്. ഒരു വ്യക്തിയെ ഏതു കുറ്റത്തിന്റെ പേരിലായാലും ലോക്കപ്പിലിട്ട് മർദ്ദിക്കാൻ പൊലീസിന് ഭരണഘടനയും ക്രിമിനൽ നിയമങ്ങളും അനുവാദം നൽകിയിട്ടില്ല. എന്നാൽ കാലാകാലങ്ങളായി ആളുകളെ പിടികൂടി ലോക്കപ്പിലിട്ട് മർദ്ദിക്കുന്നത് പൊലീസ് ഒരു അവകാശം പോലെയാണ് നടപ്പാക്കിവരുന്നത്. ഇത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി ടിവി ക്യാമറ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. പലപ്പോഴും വളരെ ചെറിയ കുറ്റങ്ങൾക്ക് പോലും പൊലീസ് കൊടിയ മർദ്ദനം നൽകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസല്ല അവരുടെ ഈഗോയാണ് പ്രവർത്തിക്കുന്നത്.
മർദ്ദനമേൽക്കുന്നവരിൽ ഭൂരിപക്ഷവും പരാതിപ്പെടാൻ തയ്യാറാകാത്ത സാഹചര്യം പൊലീസ് മുതലെടുക്കുകയാണ് ചെയ്യുന്നത്. ഒരാളെ മർദ്ദിച്ചാൽ പൊലീസിനെതിരെ കേസുണ്ടാകുമെന്ന നില വന്നാൽ ഇത്തരം കാട്ടുനീതികളിൽ നിന്ന് മാറിനിൽക്കാൻ അവർ നിർബന്ധിതരാകും. പൊലീസിന്റെ ഇത്തരം രീതികൾക്ക് തടയിടാൻ ഉതകുന്ന വിധിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. റോഡരികിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിയെ പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ സർക്കാരിന് ഉത്തരവ് നൽകി. മൂന്നു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെഞ്ഞാറമൂട് എസ്.ഐയും പൊലീസുകാരും ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്.
ആറാഴ്ചയ്ക്കുള്ളിൽ സർക്കാർ നഷ്ടപരിഹാരം നൽകണം. ഇതിനു ശേഷം എസ്.ഐയിൽ നിന്ന് 1,60,000 രൂപയും പൊലീസുകാരിൽ നിന്ന് 10,000 രൂപ വീതവും തിരിച്ചുപിടിക്കാമെന്നും ഉത്തരവിൽ പറയുന്നു. പൊലീസ് മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ഇടതു കൈയിലും നെഞ്ചിലും വലതു തോളിലും പരിക്കേറ്റു. പൊതുമദ്ധ്യത്തിൽ തന്റെ അന്തസിനെ ചോദ്യം ചെയ്ത വിദ്യാർത്ഥിയുടെ പേരിൽ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് കമ്മിഷൻ മുമ്പാകെ എസ്.ഐ മൊഴി നൽകിയത്. എന്നാൽ സ്റ്റേഷനിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച കമ്മിഷനും ആഭ്യന്തരവകുപ്പിലെ ബന്ധപ്പെട്ടവരും എസ്.ഐ വിദ്യാർത്ഥിയെ ദേഹോപദ്രവം ഏൽപ്പിക്കുന്ന രംഗങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് മാതൃകാപരമായ ശിക്ഷ പൊലീസിന് ലഭിക്കാൻ ഇടയാക്കിയത്.
ജനങ്ങളോട് പൊലീസുകാർ കാണിക്കേണ്ട മര്യാദകളെയും ഉത്തരവാദിത്വങ്ങളെയും ഓർമ്മിപ്പിക്കുന്നതിനൊപ്പം അതിൽ വീഴ്ച വരുത്തിയാൽ ധനം നഷ്ടം വരുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ വിധി. പൊലീസിനെ കാണുമ്പോൾ ഭയമല്ല സുരക്ഷിതത്വബോധമാണ് ജനങ്ങളിൽ ഉണ്ടാവേണ്ടത്. ആ നിലയിൽ കാലഘട്ടത്തിന് അനുസരിച്ച് പൊലീസും മാറിയേ മതിയാവൂ. കലുങ്കിൽ ഇരുന്ന സമയത്ത് പൊലീസിനെ കണ്ട് ഓടാത്തതുകൊണ്ടാണ് തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥി പരാതിയിൽ പറഞ്ഞിരുന്നത്. വിലങ്ങ് വച്ചാണ് കൊണ്ടുപോയതെന്നും വിദ്യാർത്ഥിയുടെ പരാതിയിലുണ്ട്. ഇത്തരം ചെറിയ കുറ്റങ്ങൾക്ക് പൊലീസ് അവരുടെ വീര്യം മുഴുവൻ കാണിക്കേണ്ട കാര്യമില്ല. ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കേണ്ടെന്ന് അടുത്തിടെ സുപ്രീംകോടതി ഓർമ്മിപ്പിച്ചിട്ടുള്ളതാണ്. ഇത്തരം കുറ്റങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന രംഗത്തുനിന്ന് മാറ്റിനിറുത്താൻ ആഭ്യന്തര വകുപ്പും തയ്യാറാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |