
ഹൃദയത്തിൽ വരച്ചിട്ട സമദൂരത്തിന്റെ പൊരുളറിയാൻ ആർക്കും പിടികൊടുക്കാതെ എന്നും മനഃസാക്ഷിയുടെ ഒറ്റയടിപ്പാതയിലൂടെയായിരുന്നു കോതമംഗലത്തിന്റെ മാണിക്കുഞ്ഞിന്റെ രാഷ്ട്രീയ സഞ്ചാരം. ഇടത്-വലത് തന്ത്രങ്ങൾക്കൊപ്പം പയറ്റിത്തെളിഞ്ഞ പോരാളിയുടെ ജൈത്രയാത്രയ്ക്ക് അകമ്പടിയായി ആരവങ്ങളോ ആർഭാടങ്ങളുടെ 'മണികിലുക്കമോ" ഉണ്ടായിരുന്നില്ല. നേരും നെറിയുമുള്ള നിലപാടുകളായിരുന്നു കരുത്ത്. അതുകൊണ്ടുതന്നെ, തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും അടിയൊഴുക്കിലും തല ഉയർത്തിത്തന്നെ കരയിലെത്തി. എം.എൽ.എയായി; മൂന്നുതവണ. കേരളകോൺഗ്രസ് രാഷ്ട്രീയത്തിലെ കളവും കളരിയും കാലവും മാറിയപ്പോഴും നാടിനറിയാമായിരുന്നു, മാണിക്കുഞ്ഞിന്റെ തലപ്പൊക്കം. ഒരു ദുഃഖം മാത്രം- രണ്ടക്ഷരങ്ങൾ ചേർന്ന പേരിന്റെ പൊരുത്തമുള്ള കെ.എം.മാണി എന്ന പാഠപുസ്തകത്തെ തിരിച്ചറിയാൻ വൈകി. ഇഷ്ടമുള്ളവരെ ഹൃദയത്തിൽ കുടിയിരുത്തിയ കേരളത്തിന്റെ സ്വന്തം മാണിസാർ. കേരള രാഷ്ട്രീയത്തിലെ വലിയൊരു പാഠപുസ്തകം. ഒരിക്കൽ കൈകൊടുത്താൽ കരുതലോടെ നെഞ്ചോടു ചേർക്കും.പാലായിലെ പഴമക്കാരുടെ കുഞ്ഞുമാണിച്ചനും കോതമംഗലത്തിന്റെ മാണിക്കുഞ്ഞും തമ്മിൽ ഇത്തിരി മാറിപ്പോയ അക്ഷരങ്ങളുടെ അകലം മാത്രം. ഇടക്കാലത്ത് രാഷ്ട്രീയത്തിലുണ്ടായ അകലത്തിലും ജീവിതത്തിൽ മാണിക്കുഞ്ഞിന്റെ എല്ലാമായിരുന്നു മാണിസാർ. അതുകൊണ്ടുതന്നെ, വഴിമാറിപ്പോയെങ്കിലും ജോസ്മോൻ എന്ന കുഞ്ഞുമാണിയിൽ
പ്രതീക്ഷകൾ മാത്രം. സത്യമുള്ള പ്രസ്ഥാനത്തിന്റെ പുതിയ അമരക്കാരൻ ഒരു ചതിയിലും വീഴില്ലെന്നാണ് പ്രതീക്ഷ. കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ മാണിസാറിന് ഇന്നും സ്വീകാര്യതയേറെയാണ്.
86 വയസിന്റെ പൂമുഖത്തിരുന്ന് അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കി എം.വി.മാണി നിറവോടെ ചിരിക്കുന്നു. രാഷ്ട്രീയത്തിന് എന്തു നൽകി, എന്തു കിട്ടി എന്ന ഇരട്ടമുനയുള്ള ഒറ്റച്ചോദ്യത്തിന് ഉത്തരമിങ്ങനെ-ചങ്ക് പറിച്ചു നൽകി, പകരം കിട്ടി ഒരുപാടൊരുപാട് ചങ്കൻമാരെ.
മൂന്നു തവണ എം.എൽ.എ ആയ മാണിക്കുഞ്ഞ് എതിരാളികളെ മലർത്തിയടിച്ചത് പാർട്ടിയുടെ കരുത്തുകൊണ്ടുമാത്രമല്ല, നിർഭയത്വമുള്ള നിലപാടുകൾകൊണ്ടു കൂടിയാണെന്ന് സകലർക്കും അറിയാം. 1977ൽ കോതമംഗലത്തുനിന്നും 82, 87 വർഷങ്ങളിൽ അങ്കമാലിയിൽ നിന്നും അഭിമാനകരമായ വിജയം നേടി നിയമസഭയിലെത്തി.
ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്ന് ബി.എസ് സി ബിരുദം നേടിയ എം.വി. മാണി രാഷ്ട്രീയത്തിൽ എത്തിയത് കാലം നൽകിയ നിയോഗം. അന്ന് ഡൽഹി സ്കൂൾ ഒഫ് ബിസിനസിന്റെ ഡയറക്ടറായിരുന്ന വിദ്യാഭ്യാസ വിദഗ്ദ്ധൻ പരേതനായ ഡോ. എം.വി. പൈലിയാണ് പൈലിയാണ് കുഞ്ഞനുജനെ ഡൽഹിയിലെത്തിച്ചത്. പക്ഷേ, ബിരുദംനേടി നാട്ടിലേക്കു മടങ്ങി രാഷ്ട്രീയക്കാരനാകാനായിരുന്നു വിധി.
കേരള കോൺഗ്രസിലെ ദ്രോണാചാര്യരെന്നു വിശേഷിപ്പിക്കാവുന്ന കെ.എം. ജോർജാണ് രാഷ്ട്രീയക്കളരിയിൽ ഇറക്കിയത്. പാർട്ടി രൂപീകൃതമാപ്പോൾ പ്രതീക്ഷയുള്ള, വിദ്യാസമ്പന്നനായ ചെറുപ്പക്കാരനെ അദ്ദേഹം കണ്ടെത്തുകയായിരുന്നു. രാഷ്ട്രീയം കാശുണ്ടാക്കാനുള്ള കളിക്കളമായിരുന്നില്ല മാണിക്കുഞ്ഞിന്. നിലപാടുകളോട് നീതി പുലർത്തി. അന്നും രാഷ്ട്രീയത്തിലെ താരമായിരുന്നു കെ.എം.മാണി. അദ്ദേഹത്തിന്റെ നിലപാടുകളോട് ഒരുപാട് ഇഷ്ടം തോന്നി. കേരളകോൺഗ്രസ് മാണിഗ്രൂപ്പ് രൂപംകൊണ്ടപ്പോൾ അദ്ദേഹത്തോടൊപ്പം നിലയുറപ്പിച്ചു. രാഷ്ട്രീയക്കളരിയിൽ അദ്ദേഹം വഴികാട്ടിയായി.
ജയസാദ്ധ്യത കുറഞ്ഞ അങ്കമാലിയിൽ മത്സരിച്ചപ്പോൾ ധൈര്യംപകർന്ന് മാണിസാറും ലീഡർ കെ. കരുണാകരനും കൂടെനിന്നു. 'അതൊരു പൊട്ടസീറ്റാ, എങ്കിലും നമുക്ക് ഫൈറ്റ് ചെയ്യാം' എന്നാണ് മാണിസാർ പറഞ്ഞത്. ഒന്നും പേടിക്കേണ്ട എന്നായിരുന്നു ലീഡറുടെ പ്രതികരണം. എന്നിട്ട് എന്തോ ആലോചിച്ച് കണ്ണിറുക്കി പതിവുപോലെ ചിരിച്ചു. പലതവണ അദ്ദേഹം മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. ലീഡറാണ് ഞെട്ടിച്ചത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മണ്ഡലത്തിലെത്തിച്ച് വലിയൊരു സമ്മേളനം നടത്തി. ആളുകൾ ഇളകിമറിഞ്ഞു. തിരഞ്ഞെടുപ്പിൽ അഭിമാനകരമായ വിജയം നേടി. വിജയം ഉറപ്പിച്ചിരുന്ന സി.പി.എമ്മിന് ഇതു കടുത്ത ആഘാതമായി. സി.എച്ച്. മുഹമ്മദ് കോയയെയും മറക്കാനാവില്ല. ശുദ്ധഹൃദയനായ അദ്ദേഹം എല്ലാവരെയും ചേർത്തുനിറുത്തി. 82ൽ മത്സരിക്കുമ്പോൾ, 'തന്റെ മണ്ഡലത്തിൽ ഞാൻ വരുന്നുണ്ട്" എന്നു പറഞ്ഞു. വാക്കു പാലിച്ച സി.എച്ച്, തകർപ്പൻ പ്രസംഗം നടത്തിയാണ് മടങ്ങിയത്. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങളാണ് അന്നും ഇന്നും കരുത്ത്. സാഹചര്യങ്ങളുടെയും ചില നിലപാടുകളുടെയും പേരിൽ ഉറച്ച തീരുമാനങ്ങളെടുത്തപ്പോഴും പ്രിയപ്പെട്ട പലർക്കും വേദനച്ചെങ്കിലും ആരും ശത്രുക്കളായില്ല.
എം.എൽ.എ എന്ന നിലയിൽ ഒട്ടേറെ കാര്യങ്ങൾ കോതമംഗലത്തും അങ്കമാലിയിലും ചെയ്തു.
കോതമംഗലം പട്ടണത്തിനു നടുവിൽ നാലേക്കറിലേറെ സ്ഥലം വനംവകുപ്പിന് ഉണ്ടായിരുന്നു. നഗരവികസനത്തിന് അതിൽ ഒരേക്കർ എങ്കിലും വേണമായിരുന്നെങ്കിലും അവർ വിട്ടുതന്നില്ല. മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.എസ്. ശ്രീനിവാസനുമായി അടുത്ത സൗഹൃദമായിരുന്നു. അദ്ദേഹത്തിന്റെ സഹായം തേടി. അദ്ദേഹം വനംമന്ത്രി കാന്തലോട്ട് കുഞ്ഞമ്പുവുമായി ഇക്കാര്യം സംസാരിച്ചു. തടസങ്ങൾ നീങ്ങി. കോതമംഗലത്ത് വലിയൊരു സമ്മേളനം എം.വി.മാണി സംഘടിപ്പിച്ചു. ഒരേക്കറിലേറെ സ്ഥലം കോതമംഗലത്തിന്റെ വികസനത്തിന് വിട്ടുനൽകുന്നതായി മന്ത്രി പ്രഖ്യാപിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. ഫയർ സ്റ്റേഷൻ, റെസ്റ്റ് ഹൗസ് അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി. കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, സി.ഐ ഓഫീസ്, ഊന്നുകൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമഗ്ര വികസനം നടപ്പിലാക്കി. കോതമംഗലത്തിന്റെ വികസനത്തിന് വേണ്ടി ഒട്ടേറെ അടിസ്ഥാന പദ്ധതികൾക്ക് തുടക്കം കുറിച്ചു.
അങ്കമാലിയിലെ പല മേഖലയിലും നല്ല റോഡോ, വഴിവിളക്കുകളോ, കുടിവെള്ളമോ ഉണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ വൈദ്യുതി എത്തിയിരുന്നില്ല. ഇതിനായി മുന്നിട്ടിറങ്ങി. പുതിയ റോഡുകൾ നിർമ്മിക്കുകയും, നവീകരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. എല്ലായിടത്തും വൈദ്യുതിയും കുടിവെള്ളവും ഉറപ്പുവരുത്തി. മലയാറ്റൂർ മണപ്പാട്ടുചിറയുടെ സൗന്ദര്യ വത്കരണത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കി. അങ്കമാലി ഫയർ സ്റ്റേഷൻ, സിഐ ഓഫീസ് അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ തുടങ്ങി അങ്കമാലി നിയോജക മണ്ഡലത്തിലെ എല്ലാ കോണുകളിലും വൈദ്യുതിയും ജല ദൗർലഭ്യം നേരിട്ട പ്രദേശങ്ങളിൽ അത് പരിക്കുന്നതിനായി നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി റോഡുകളും പ്രാവർത്തികമാക്കി.
ഈ പോക്കുപോയാൽ സി.പി.എമ്മിന്റെ കഥകഴിയും
വോട്ടിനായി നിലപാടുകളിൽ വെള്ളം ചേർക്കുന്ന ഒരു പ്രസ്ഥാനത്തിനും നിലനിൽപ്പില്ല. സി.പി.എമ്മിന്റെ ക്ഷീണം ഗുണം ചെയ്യുന്നത് ബി.ജെ.പിക്കാണ്. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും ബി.ജെ.പിക്കു നേട്ടമായി. കേരളത്തിലെ ബി.ജെ.പി നേതാക്കളെക്കുറിച്ച് മതിപ്പില്ലെങ്കിലും സംഘടന ശക്തമാണ്. ഉറച്ചനിലപാടുകളുള്ള കേഡർ പാർട്ടി എന്നനിലയിൽ അവർ മുന്നേറുമ്പോൾ സി.പി.എം തളരുകയല്ല, തകരുകയാണ്.
പിണറായി വിജയൻ നന്മയും നിലപാടുമുള്ള നേതാവ്
കൂടെനിൽക്കുന്നവരെ ചേർത്തുനിറുത്തി സംരക്ഷിക്കുന്ന പിണറായി വിജയനുമായി വളരെ നല്ലബന്ധമാണ്. ഒരാവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞിട്ടില്ല. വാക്കുപറഞ്ഞാൽ വാക്കാണ്. പുറമേ പരുക്കനാണെങ്കിലും ഒരുപാട് നന്മകളുണ്ട്. കൂടെ നിന്നു ചതിച്ചാൽ ക്ഷമിക്കുകയുമില്ല. തെറ്റുകൾ ഏറ്റുപറഞ്ഞാൽ കൈവിടില്ല. ഈ സ്വഭാവഗുണമാണ് നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്.
പിണറായിയുടെ നിലപാടുകളാണ് പാർട്ടിയെ ഇപ്പോഴും കെട്ടുറപ്പോടെ നിലനിറുത്തത്. പെട്ടെന്നു തീരുമാനമെടുക്കാനുള്ള കഴിവാണ് പിണറായിയുടെ മറ്റൊരു പ്രത്യേകത. ഏതുവിഷയവും ആഴത്തിൽ പഠിക്കും. ശരിയെന്നു തോന്നിയാൽ അതു നടത്തിയിരിക്കും. എന്നാൽ വി.എസ്. അച്യുതാനന്ദനുമായി എം.വി. മാണിക്ക് ഒട്ടും അടുപ്പമുണ്ടായിരുന്നില്ല.
കൊടിനിറം കലരാതെ ഹൃദയബന്ധങ്ങൾ
കെ.കരുണാകരൻ, എ.കെ.ആന്റണി, പി.കെ.വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ, ബേബി ജോൺ, വക്കം പുരുഷോത്തമൻ, പി.പി. തങ്കച്ചൻ, ആര്യാടൻ മുഹമ്മദ് എന്നിവരോട് ഉറ്റസൗഹൃദം ഉണ്ടായിരുന്നു. അന്നും ഇന്നും ചീട്ടുകളിയാണ് മാണിക്കുഞ്ഞിന്റെ ഇഷ്ടവിനോദം. ബേബിജോൺ, വക്കം, ആര്യാടൻ, പി.പി.തങ്കച്ചൻ എന്നിവരായിരുന്നു ചീട്ടുകളി സംഘത്തിലെ പ്രധാനികൾ.
ചുറുചുറുക്കോടെ യാത്രകൾ
86 വയസിലും ചുറുചുറുക്കോടെ മാണിക്കുഞ്ഞ് യാത്രകൾ തുടരുന്നു. യാത്ര വളരെയിഷ്ടം. 33 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വൈകാതെ ഒരു വിദേശപര്യടനം ഉണ്ടാകും. യു.എസ്, സിംഗപ്പൂർ, ദുബായ് എന്നിവയോടാണ് ഇഷ്ടം കൂടുതൽ. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട്.
പുലർച്ചെ അഞ്ചരയ്ക്ക് ഉണരും. മുറിയിൽ ചില വ്യായാമ മുറകൾക്കു ശേഷം അരമണിക്കൂർ നടക്കും. തിരികെ വന്ന് പത്രവായന. അഞ്ചു പത്രങ്ങൾ വായിക്കും. തുടർന്ന് വിശാലമായ കുളി. പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലിയാണ് ഏറ്റവും ഇഷ്ടം. അകമ്പടിയായി സാമ്പാർ നിർബന്ധം. അപ്പം, പൂരി, കപ്പ എന്നിവയോടും ഇഷ്ടം. കപ്പയ്ക്ക് മീൻകറി വേണമെന്നുമാത്രം. കാളാഞ്ചി, കരിമീൻ, കണമ്പ് എന്നിവയാണ് ഇഷ്ടമത്സ്യങ്ങൾ. മാംസത്തോട് അത്ര പ്രതിപത്തിയില്ല. ധാരാളം പച്ചക്കറിയും പഴങ്ങളും കഴിക്കുന്നതാണ് മറ്റൊരു ആരോഗ്യ രഹസ്യം. പപ്പായ, പേരയ്ക്ക, ആപ്പിൾ എന്നിവ ദിവസവും കഴിക്കും. പാപ്പായ ചെറുനാരങ്ങ നീര് ചേർത്തു കഴിക്കുന്നതാണ് ശീലം. നെല്ലിക്ക നീരാണ് മറ്റൊരു ഒറ്റമൂലി. ചതവോ കേടോ ഇല്ലാത്ത നെല്ലിക്ക നന്നായി കഴുകി, നന്നായി തുടച്ച് വെള്ളം ഇല്ലാതെയാണ് തയ്യാറാക്കുക. മൂന്നാറിൽ നിന്നാണ് നെല്ലിക്ക വാങ്ങുക. വലിയ ഭരണിയിൽ നെല്ലിക്കയും മറയൂർ ശർക്കരയും പാളികളായി അടുക്കിവയ്ക്കുന്നു. ഒട്ടും വെള്ളം ചേർക്കില്ല. ഭരണി വായുകടക്കാതെ അടച്ച് വയ്ക്കുന്നു. 41 ദിവസം കഴിഞ്ഞാൽ നെല്ലിക്കാ വെള്ളം തയ്യാർ. അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുന്നു. നെല്ലിക്ക വെള്ളത്തിൽ അല്പം കാട്ടുതേൻ ചേർത്താൽ രുചിയും ഗുണവും കൂടും. സന്ദർശകരെ ഇതുനൽകിയാണ് സൽക്കരിക്കുക.കർഷകനായ മാണിക്ക് തേനും സ്വന്തം. റബർ തോട്ടത്തിൽ തേനീച്ചകളെ വളർത്തുന്നുണ്ട്. എങ്കിലും, രുചിയും ഗുണവും കൂടുതലുള്ള മൂന്നാർ കാട്ടുതേനാണ് ഇഷ്ടം.
ആ തീരുമാനം
മാണിസാറിനൊപ്പം നിലയുറപ്പിച്ചതായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം. അതിസങ്കീർണം എന്നു തോന്നാവുന്ന ഏതു പ്രശ്നത്തിനും അദ്ദേഹം നിസാരമായി പരിഹാരം കണ്ടെത്തി. അദ്ദേഹത്തെ വിട്ട് ജോസഫ് ഗ്രൂപ്പിൽ ചേർന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്. അദ്ദേഹത്തിന്റെ നിലപാടുകളോടുള്ള എതിർപ്പോ, മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ആയിരുന്നില്ല കാരണം. എന്തോ അങ്ങനെ സംഭവിച്ചുപോയി. പി.ജെ.ജോസഫ് മിക്കവാറും ദിവസങ്ങളിൽ കോതമംഗലത്തെ വീട്ടിൽ വരുമായിരുന്നു. കാർഷിക കാര്യങ്ങളും സംഗീതവുമൊക്കെയായിരുന്നു ഇഷ്ടവിഷയങ്ങൾ. അത്തരമൊരു സദസിലായിരുന്നു ആ തീരുമാനം. പിളർപ്പുണ്ടായാൽ കൂടെനിൽക്കാം എന്നു വാക്കുകൊടുത്തു. വിവരമറിഞ്ഞ് മാണി സാർ ചോദിച്ചു, 'മാണിക്കുഞ്ഞേ എന്നെ വിട്ടു പോവുകയാണോ'. സാറേ വാക്കുകൊടുത്തുപോയല്ലോ എന്നു പറഞ്ഞു. സാരമില്ല. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ തിരികെ വരണം എന്ന് അദ്ദേഹം സമാധാനിപ്പിക്കുകയും ചെയ്തു. അതിനുശേഷവും അദ്ദേഹം അടുപ്പം സൂക്ഷിച്ചു. ഒരിക്കൽപോലും കുറ്റപ്പെടുത്തിയില്ല. കേരള കോൺഗ്രസ് പാർട്ടി വിപ്പ്, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി സെനറ്റം അംഗം, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ സെക്രട്ടറി, കെ.ടി.യു.സി പ്രസിഡന്റ് , കെ.എഫ്.സി ഡയറക്ടർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.രാഷ്ട്രീയത്തിൽ നിന്ന് ഒന്നും സമ്പാദിച്ചിട്ടില്ല. കോതമംഗലത്തും മൂന്നാറിലുമായി റബർ, കുരുമുളക്, കൊക്കോ തോട്ടങ്ങളുണ്ടായിരുന്നു. 35 ടൺ കുരുമുളക് വിളവെടുത്തിരുന്ന കാലമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം ഈ വരുമാനമാണ് ഉപയോഗിച്ചിരുന്നത്. ഇന്നുമുണ്ട് 35 ഏക്കർ.
കോതമംഗലം ഊന്നുകല്ലിലെ മൂലമറ്റം തറവാട്ടിൽ ചാരുകസേരയിൽ ഇരിക്കുമ്പോൾ ഒരുകാര്യത്തിലും നഷ്ടബോധമില്ല. മനസാക്ഷിയെ വഞ്ചിച്ച് ഒരുകാര്യവും ചെയ്തിട്ടുമില്ല. പരേതയായ മേരിയമ്മയാണ് ഭാര്യ. മിനി, മീന, വിനു എന്നിവരാണു മക്കൾ.
Ph : 9447795248
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |