ഇംഫാൽ: മണിപ്പൂരിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികൾക്കുനേരെ സായുധസംഘം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് കാങ്‌പോക്പി ജില്ലാ അതിർത്തിയിൽ രാവിലെ ഏഴോടെയായിരുന്നു ആക്രമണം. മൂന്ന് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ രണ്ട് മൃതദേഹങ്ങളുമായി മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിംഗിന്റെ വസതിക്കു മുന്നിലെത്തിയിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീട് മൃതദേഹങ്ങൾ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി.
ഇംഫാൽ ഈസ്റ്റിലെ നോങ്ഷും ഗ്രാമത്തിന് സമീപമുള്ള കുന്നിൻപ്രദേശത്ത് വിറക് ശേഖരിക്കാനെത്തിയ 16 അംഗ സംഘത്തിനുനേരെയാണ് അക്രമികൾ വെടിയുതിർത്തത്. അരുബാം റോണിൽ (35), ലൈറെൻലക്പം ഇനാവോബി (51), ക്ഷേത്രിമയൂം സുശീൽ (32) എന്നിവരാണ് മരിച്ചത്. റോണിലും ഇനാവോബിയും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സുശീൽ ഇംഫാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ എൻ. സുരാജ് (19), മെയ്നാം സോമേന്ദ്രോ (53), കെ. ബോസൻ (45) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. വിറക് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായി വെടിവയ്പുണ്ടായതെന്ന് പരിക്കേറ്റ ഒരാൾ പറഞ്ഞു.
അതേസമയം ആക്രമണത്തിന് പിന്നാലെ ഇംഫാലിലെ വ്യാപാര കേന്ദ്രങ്ങൾ അടച്ചിട്ടു. മേഖലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശനിയാഴ്ചയും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാംജോങ് ജില്ലയിലെ ചസ്സാദ് ഗ്രാമത്തിൽ രാത്രിയിൽ കുക്കി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള 15 വീടുകളെങ്കിലും കത്തിച്ചതായി അധികൃതർ അറിയിച്ചു.
നോട്ടപ്പുള്ളികളായ സായുധസംഘമാണ് വീടുകൾക്ക് തീയിട്ടതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെത്തുടർന്ന് നിരവധി പേർ കാടുകളിലേക്കും സമീപത്തെ സൈനിക ക്യാമ്പിലേക്കും അഭയം തേടി. ഇന്നലെ ഗ്രാമത്തിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കുക്കി വിഭാഗത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെടുകയും നാലുപേർക്ക് വെടിയേൽക്കുകയും ചെയ്തതായും ഒരു ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു. 2023 മുതൽ മണിപ്പൂരിൽ തുടരുന്ന വംശീയ സംഘർഷങ്ങൾക്കിടയിലാണ് പുതിയ ആക്രമണങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നത്.
An armed group in Manipur attacked villagers collecting firewood near the Imphal East-Kangpokpi district border, resulting in three deaths, three injuries, and three missing persons. Villagers protested with two bodies at the Chief Minister's residence, where police used tear gas. The incident is part of ongoing ethnic conflicts, with further arson and killings also reported in the state.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |