SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

ഞങ്ങൾക്കും ഹാപ്പി ബർത്ത് ഡേ

st-thomas

പാലാ സെന്റ്. തോമസ് കോളേജിലെ വിദ്യാർത്ഥികളായ നവീൻ കെ. പ്രദീപും ഐറിൻ ജോസും ജെറിൽ ജേക്കബ് ലാലുവും എഡ്വിൻ സിബിയും നവംബർ ഒന്നിന് പിറന്നവരാണ് .കേരളത്തിനൊപ്പം ഹാപ്പി ബർത്ത്ഡേ ആഘോഷിക്കുന്നതിന്റെ സന്തോഷമുണ്ട് മുഖങ്ങളിൽ. നിലപാടുകളിലും കാഴ്ചപ്പാടുകളിലും ഏകാഭിപ്രായം. ഭദ്രമായ ഭാവിക്കായുള്ള തീർച്ചപ്പെടുത്തലുകളുണ്ട്,​ നിലവിലെ സമ്പ്രദായങ്ങൾക്കെതിരെയുള്ള തിരുത്തലുകളുണ്ട്, സൗമ്യമായ ഓർമ്മപ്പെടുത്തലുകളുണ്ട്. മറ്റുള്ളവരെ നോക്കാതെ സ്വന്തം ജീവിതം ജീവിക്കാൻ കടപ്പെട്ടിരിക്കുന്ന, താനെന്താണോ ആയിരിക്കുന്നതു അതുപോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറയെന്ന് ഇവരുടെ വാക്കുകളിൽ വ്യക്തം.

സമത്വം പുലരുന്ന ഒരു ജീവിതസമ്പ്രദായവും സ്വന്തം ഇഷ്ടമനുസരിച്ച് വേഷം ധരിക്കാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യവും അവരാഗ്രഹിക്കുന്നുണ്ട്. പക്ഷേ ആ സ്വാതന്ത്ര്യത്തിനൊപ്പം സുരക്ഷയും അവരുടെ അവകാശമാണ്. സുരക്ഷിതത്വം നല്കത്തക്കവിധം സാമൂഹികക്രമങ്ങളെ ആവിഷ്​ക്കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വെറുതേ വാടുന്ന തൊട്ടാവാടികളല്ല ജെൻസികൾ. ഉച്ചവെയിലിലും വാടാത്ത നില്ക്കുന്ന ആർത്തലച്ചുനില്ക്കുന്ന പച്ചിലക്കൂട്ടങ്ങളാണ്. ഇവരെ നാം ഭയക്കുകയോ തെറ്റിദ്ധരിക്കുകയോ അല്ല വേണ്ടത്. തിരിച്ചറിഞ്ഞ സ്വത്വബോധത്തിനും സ്വാതന്ത്ര്യത്തിനും അനുസരിച്ച് മുന്നോട്ടുപോകാൻ അവരുടെ വഴിയിൽ പ്രതിബന്ധം സൃഷ്ടിക്കാതിരിക്കുക മാത്രമാണ്.

 സദാചാരം ചമയൽ വേണ്ടേ വേണ്ട.

നവീൻ കെ പ്രദീപ് എം എസ് സി ഫുഡ് സയൻസ്, ( 21 വയസ്സ്, കടമ്പത്തേട്ട് താഴെ ചെത്തിമറ്റം)

കേരളം ഫയറാണ് ബ്രോ. അക്കാര്യത്തിൽ യാതൊരു ഡൗട്ടും ഇല്ല. പക്ഷേ പേഴ്‌​സണൽ സ്‌​പെയ്‌​സിലേക്കുള്ള കടന്നുകയറ്റവും സദാചാരം ചമയലുമാണ് ബുദ്ധിമുട്ട്. പക്ഷേ അതുകൊണ്ടൊന്നുമല്ല കേരളം വിട്ടുപോകാൻ ആഗ്രഹിക്കുന്നത്. ഇവിടെ എവിടെയാണ് ജോലി അവസരങ്ങൾ? ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും ജോലി വീതംവച്ചുകൊടുത്തതിനു ശേഷം ബാക്കിയുള്ളവർക്ക് എവിടെ ജോലി കിട്ടാനാണ്? ഉദ്യോഗാർത്ഥികൾ മനസും ആത്മാവും കൊടുത്തു വിശ്വാസമർപ്പിച്ചിരുന്ന പി.എസ്. സി പോലെയുള്ള ഇടങ്ങളെക്കുറിച്ചു പുറത്തുവരുന്ന വാർത്തകൾ പോലും ഷോക്കിംഗാണ്. ഇങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ കേരളത്തിൽ പുതുതലമുറയ്ക്ക് എവിടെ ജോലി കിട്ടാനാണ്? ജോലി കിട്ടിയാൽതന്നെ ജീവിതച്ചെലവ് വർദ്ധിച്ചുവരുന്ന ഇക്കാലത്ത് അതിനനുസരിച്ച് വരുമാനം കിട്ടണമെന്നുണ്ടോ? ലഭിക്കുന്ന ജോലിക്ക്,​ അനുസരിച്ച് വേതനവുമില്ല. ഇങ്ങനെയൊരു പ്രതിസന്ധിയിൽ കടൽകടക്കാതെ മറ്റ് മാർഗമില്ല. നല്ല വിദ്യാഭ്യാസമുണ്ടായിട്ട് അതനുസരിച്ചല്ലാതെയുള്ള ജോലി ചെയ്യാൻ യുവജനങ്ങൾ തയ്യാറാണെങ്കിൽപോലും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് സമൂഹത്തിന്റെ പരിഹാസവും കുത്തുവാക്കുകളുമാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ മുമ്പിലുളള ഒറ്റ വഴി മൈഗ്രേഷനാണ്. അവിടെ ചെന്ന് കല്ലും മണ്ണും ചുമന്നാലും ആരും അറിയില്ലല്ലോ. വൃദ്ധർ പെരുകുന്ന കേരളം എന്ന് കുറ്റപ്പെടുത്തും മുമ്പ് യുവജനങ്ങളെ പിടിച്ചുനിർത്താൻ തൊഴിൽസംരംഭങ്ങളും ജീവിതമാർഗങ്ങളും കൊണ്ടുവരട്ടെ.


ഔട്ട്ഫിറ്റ് ഇംപോർട്ടന്റ്.. ഐറിൻ ജോസ് ബികോം വിദ്യാർത്ഥിനി ( 21 വയസ്സ് ,കളപ്പുര ഇടപ്പാടി)

മറ്റുള്ളവരുടെ ഇഷ്ടം നോക്കി ഡ്രസ് ധരിക്കാൻ ഞങ്ങളെ കിട്ടില്ല. മറ്റുള്ളവർ എന്തു ധരിക്കുന്നുവെന്നതിനെക്കുറിച്ചോ മറ്റുള്ളവർ എന്തു ചിന്തിക്കുന്നുവെന്നതിനെക്കുറിച്ചോ തലപുകയ്ക്കാനുമാവില്ല. അവനവന് കംഫർട്ടാണെന്ന് തോന്നുന്ന വേഷം ധരിക്കുക. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ പുറമെയുള്ളവർ ഇടപെടേണ്ട കാര്യമില്ല. അനാവശ്യമായ ടോക്കുകളും വേണ്ട. എനിക്കിഷ്ടമില്ലാത്തത് നീയും ധരിക്കരുത് എന്ന നിലപാട് ശരിയല്ല. ഫാഷൻ വേണോ അപ്‌ഡേറ്റാവണോ പഴഞ്ചനാകണോ എന്നൊക്കെയുള്ളത് വ്യക്തിയുടെ ചോയ്സാണ്. പിന്നെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്നതാണോ ഇഷ്ടപ്പെടാത്തതാണോ എന്നതല്ല, തനിക്ക് എന്താണ് സൗകര്യപ്രദം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് നാം വായ് തോരാതെ സംസാരിക്കുമെങ്കിലും ഇനിയും അതു പല മണ്ഡലങ്ങളിലും പ്രാവർത്തികമാക്കിയിട്ടില്ല. ഒരുപക്ഷേ സ്ത്രീകൾക്ക് നല്ല വിദ്യാഭ്യാസമുണ്ടാവാം. സ്വന്തം കാലിൽ നില്ക്കാനുള്ള ജോലിയുമുണ്ടാവാം. അതുകൊണ്ടുമാത്രം സമത്വമാകുന്നില്ല. സമത്വത്തെക്കുറിച്ച് എഴുതിയതുകൊണ്ടോ സമത്വത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചതുകൊണ്ടോ കാര്യമില്ല കുടുംബസാഹചര്യങ്ങളിൽ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കുന്നതിൽ വരെ സമത്വം കൈവരിക്കേണ്ടതുണ്ട്. പുരുഷന്മാർക്ക് പാതിരാത്രിയിലും സഞ്ചരിക്കാൻ സ്വാതന്ത്ര്യം നല്കുന്ന സമൂഹം സ്ത്രീകൾക്ക് അത്തരമൊരു സ്വാതന്ത്ര്യം നല്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. പെൺകുട്ടികൾക്ക് ഏതു സമയവും അസമയമാണെന്ന വരട്ടുവാദങ്ങളാണ് മുതിർന്ന തലമുറയ്ക്കുള്ളത്. പകൽവെളിച്ചത്തിൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന കാലം മാറണം.


 പൊളിറ്റിക്‌​സ് ഈസ് എ റെസ്‌​പോൺസ് ജെറിൽ ജേക്കബ് ലാലു ബി.എ പൊളിറ്റിക്‌​സ്(19 വയസ്സ്, കൊച്ചിക്കുഴി, മല്ലപ്പള്ളി പത്തനംതിട്ട)

പുതുതലമുറ കൃത്യമായ രാഷ്ട്രീയബോധമുള്ളവരാണ്. അവർക്ക് രാഷ്ട്രീയത്തോട് താല്പര്യമില്ലെന്ന ധാരണ തെറ്റാണ്. എന്നാൽ നാം പൊതുവെ കരുതുന്നതുപോലെയുള്ള രാഷ്ട്രീയ വീക്ഷണമല്ല പ്രകടിപ്പിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയക്കൊടി പിടിക്കുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ അല്ല രാഷ്ട്രീയം. അനീതികളോടും അരാജക്വത്തോടുമുള്ള പ്രതികരണമാണ്. ചില രാഷ്ട്രീയാദർശങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതുകൊണ്ടോ ചിലതിനോട് വിയോജിപ്പുള്ളതുകൊണ്ടോ അതൊന്നും പുതിയ തലമുറയുടെ രാഷ്ട്രീയ വീക്ഷണമാണെന്ന് കരുതാനാവില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ ഭാഗമാവാതെ പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പൂർണമനസടെ ഇടപെടുന്നവരാണ് ജെൻസികൾ. എന്നാൽ ഏതുവിഷയത്തോടും പ്രതിഷേധിക്കുക എന്നതും അഭികാമ്യമല്ല. എന്തിനുവേണ്ടിയാണ് പ്രതിഷേധം, അതിന്റെ ആവശ്യമുണ്ടോ, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കി മാത്രമേ പ്രതിഷേധപ്രകടനങ്ങൾക്ക് ഇറങ്ങാറുള്ളൂ.

ഫിറ്റായിരിക്കണം എഡ്വിൻ സിബി ബി എ മലയാളം ( 19 വയസ്സ് ,കൂട്ടുങ്കൽ പയസ്മൗണ്ട് ഉഴവൂർ)

മൊബൈലിലേയ്ക്ക് മൂക്കുംകുത്തി വീണുകിടക്കുന്നവരാണ്, ഫാസ്റ്റ് ഫുഡിന് പിന്നാലെയാണ്,​ വ്യായാമം ചെയ്യാത്തവരാണ്.. ഇതൊക്കെയാണ് ജെൻസികളെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ. എന്നുവച്ച് ജെൻസികൾ മൊബൈൽ നോക്കുന്നില്ല എന്നോ ഫാസ്റ്റ് ഫുഡ് കഴിക്കുന്നില്ലെന്നോ എന്നല്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. കൂടുതൽ ബോഡി കോൺഷ്യസാണ്. ഫിറ്റ്‌​നസിന് അവർ ഏറെ പ്രാധാന്യം കൊടുക്കുന്നു. ഹെൽത്ത് ക്ലബുകളുടെ എണ്ണം ഒരുപാടുവർദ്ധിച്ചിട്ടുണ്ട്. അവിടെയൊക്കെ യൂത്തിന്റെ പ്രസൻസുമുണ്ട്. കുടവയറൊക്കെ പുരുഷന്മാരെ സംബന്ധിച്ചുള്ള പഴയ സൗന്ദര്യസങ്കല്പത്തിന്റെ ഭാഗമാണ്. ഫുൾ അടിക്കാതെ ഫിറ്റായിരിക്കാൻ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ഇന്ന് ജെൻസികളുടെ വിയർപ്പ് ഹെൽത്ത് ക്ലബുകളിൽ വീഴുന്നത്. ആരോഗ്യവും സൗന്ദര്യവും ഒരുമിച്ചുകൊണ്ടുപോകുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്. ആരോഗ്യം അപ്രധാനമാക്കിക്കൊണ്ട് ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ ജെൻസികളിൽ വളരെ കുറവാണ്. സാങ്കേതികകാര്യങ്ങളിൽ കൂടുതൽപ്രാവീണ്യം നേടിയിരിക്കുന്നു എന്നതുപോലെ തന്നെ ആരോഗ്യകാര്യങ്ങളിലും സൗന്ദര്യകാര്യങ്ങളിലും ജെൻസികൾ മുൻപന്തിയിലാണ്.

വിദ്യാഭ്യാസസമ്പ്രദായം പൂർണ്ണമാണെന്ന് പറയാനാവില്ല. ഡിഗ്രി പഠിച്ചതുകൊണ്ട് ഭാവി സുരക്ഷിതമാക്കാം എന്നും പറയാനാവില്ല, പഠനം മികച്ചരീതിയിൽ പൂർത്തിയാക്കിയിട്ടും ജോലികിട്ടാത്ത സാഹചര്യം യുവജനങ്ങളിൽ നിരാശാബോധം സൃഷ്ടിച്ചിട്ടുണ്ട് എന്ന് നിഷേധിക്കാനാവില്ല. പല കോഴ്‌​സുകളുടെയും പ്രസക്തി ചോദ്യം ചെയ്യേണ്ടതുതന്നെയാണ് എന്നാണ് വിശ്വാസം. തൊഴിൽവിപണിക്ക് ആവശ്യമായ രീതിയിൽ പാഠ്യപദ്ധതികൾ അടുത്തകാലത്തായി പരിഷ്​ക്കരിച്ചുവരുന്നത് സന്തോഷകരമാണ്. ഡിഗ്രി പഠിക്കുക എന്നതുപോലെ പ്രധാനമാണ് ജീവിതം പഠിക്കാൻ അവസരം കിട്ടണം എന്നതും. പ്രായോഗികഅറിവുകളും തൊഴിൽ നൈപുണ്യവും നേടാൻ കഴിയുന്നവിധത്തിൽ പാഠ്യപദ്ധതികൾ പരിഷ്​ക്കരിക്കേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ നേടിയെന്നതുകൊണ്ടുമാത്രം ജീവിതത്തിൽ വിജയിച്ചുവെന്നു പറയാൻ കഴിയില്ല. ഇപ്പോഴും മക്കളെ പരിധിയിൽകൂടുതൽ സുരക്ഷയും സംരക്ഷണവും നൽകി വളർത്തിക്കൊണ്ടുവരുന്നതാണ് ഭൂരിപക്ഷം മാതാപിതാക്കളുടെയും രീതി. മക്കൾ കഷ്ടപ്പെടരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ട് തങ്ങൾ കഷ്ടപ്പെട്ടാലും സാരമില്ല മക്കൾ കഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ അവരുടെ ഭാവി സുരക്ഷിതമാക്കാൻ അച്ഛനമ്മാർ പെടാപാട് പെടുന്നത്. പക്ഷേ ഇതിനൊരു മാറ്റമുണ്ടാക്കിയത് പഠനത്തിനും ജോലിക്കുമായി യുവതലമുറ അന്യരാജ്യങ്ങളിലേക്ക് കുടിയേറിയതുവഴിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COLLEGE, KERALAPIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION