
ഭരിച്ച മുഖ്യമന്ത്രിമാരെല്ലാം സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചവരാണ്. ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക് ടെക്നോപാർക്കിൽ ആരംഭിച്ചതും കേരളത്തിന്റെ ഐ.ടി തലസ്ഥാനമായി തിരുവനന്തപുരം മാറിയതുമെല്ലാം കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോഴാണ്. ചിത്രാഞ്ജലി സ്റ്റുഡിയോ വന്നു. പിന്നീട് കാലം ആവശ്യപ്പെടുന്ന വിധത്തിൽ കൂടുതൽ വികസനം അവിടെയുണ്ടായില്ല. കേരളത്തിൽ ടെലിവിഷനുകളിൽ സിനിമ പ്രദർശിപ്പിച്ചു. കെൽട്രോൺ വഴി റഷ്യൻ സാറ്റലൈറ്റ് ഉപയോഗിച്ച് സിനിമകൾ സംപ്രേക്ഷണം ചെയ്തു. അന്ന് അതൊരു അദ്ഭുതമായിരുന്നു. 1985ൽ ദൂരദർശൻ തിരുവനന്തപുരത്ത് തുടങ്ങുന്നതിനു മുമ്പായിരുന്നു അത്. കൊച്ചിയിൽ ആദ്യത്തെ സ്വകാര്യ സർക്കാർ പങ്കാളിത്ത വിമാനത്താവളം തുടങ്ങി. ഇതെല്ലാം കരുണാകരന്റെ ഇച്ഛാശക്തിയുടെ ഫലമായതിനാൽ അദ്ദേഹമാണ് എന്റെ മനസിൽ മികച്ച മുഖ്യമന്ത്രി.
മധു
ചലച്ചിത്രതാരം
ഏഴു പതിറ്റാണ്ടുകൾ സാമൂഹികമായ വികസനത്തിന്റെയും വളർച്ചയുടേതുമായിരുന്നു. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും തിളക്കമേറിയ നേട്ടം സാർവത്രിക വിദ്യാഭ്യാസരംഗത്ത് കൈവരിച്ച മുന്നേറ്റമാണ്. ജാതി, മത, വർഗ, വർണവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ കൂരയ്ക്ക് കീഴെ. പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും അഭിമാനകരമായ നേട്ടമാണ് 70 വർഷങ്ങൾക്കുള്ളിൽ കൈവരിക്കാനായത്. അതേസമയം, വിദ്യാഭ്യാസകാര്യത്തിൽ കാലഘട്ടത്തിനനുസരിച്ച് മാറ്റങ്ങളും വന്നേ തീരൂ. പാഠ്യപദ്ധതികളിൽ സമൂല മാറ്റമുണ്ടാവണം. പരമ്പരാഗത ശൈലിയിൽ നിന്ന് മാറി പുതിയ കോഴ്സ് വരണം. കേരളം വിട്ടുപോകാനുള്ള പുതുതലമുറയുടെ പ്രവണതയ്ക്ക് തടയിടാനാകണം.
-എ.കെ ആന്റണി
മുതിർന്ന കോൺഗ്രസ് നേതാവ്
ഇപ്പോഴും 16 വയസുള്ള പെണ്ണാണ് കേരളം. നല്ല സുന്ദരിയായ എല്ലാവിധ സൗകര്യങ്ങളും ദൈവം അറിഞ്ഞുകൊടുത്ത നാട്. പല നാട്ടിലും വെള്ളമുണ്ടാകില്ല, സമ്പത്തുണ്ടാകില്ല, പഠിപ്പുള്ള ആളുകളുണ്ടാകില്ല. പക്ഷേ കേരളത്തിൽ ഏറ്റവും വിദ്യാഭ്യാസമുള്ളത് സ്ത്രീകൾക്കാണ്. തമിഴ്നാട്ടിലൊക്കെ കേരളത്തിൽ നിന്നുള്ള സുന്ദരിമാരായ നടിമാരല്ലേ കൂടുതൽ. അംബിക, രാധ ഇപ്പോൾ നയൻതാര വരെ ഇല്ലേ... തൃശൂരിലാണ് ഞാൻ ജനിക്കുന്നത്, പേരെടുത്തത് ഊട്ടിയിലായപ്പോഴാണ്. ഇപ്പോഴും എവിടെ പോയാലും കാണുന്നവർ ചോദിക്കും. നീങ്ക മലയാള നടി ഷീല താനേ... ഇത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. എന്നെ ഈ നിലയ്ക്ക് എത്തിച്ചത് കേരളമാണ്. സാധാരണക്കാരിയായ ഷീലയെ ഈ നിലയ്ക്ക് എത്തിച്ചു, വലിയ വീട്ടിൽ താമസിക്കുന്നു. ഇതെല്ലാം മലയാളികൾ കാരണമാണ്. എന്നെ അവർ ഇഷ്ടപ്പെട്ടു, ഇപ്പോഴും ഇഷ്ടപ്പെടുന്നു. എന്റെ പുണ്യമാണ് അവിടെ ജനിക്കാനായത്.....
-ഷീല
നടി
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇംഗ്ളീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നാണെന്നും അതിനെ അനുകരിച്ചാണെന്നും ഒക്കെ പറയാറുണ്ട്. പക്ഷേ എന്നെ രൂപപ്പെടുത്തിയത് ആ കാലഘട്ടമാണ്. എന്റെ സുവർണകാലഘട്ടം. കലാകാരനെന്ന നിലയിലും അദ്ധ്യാപകനെന്ന നിലയിലും സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിലും പൗരനെന്ന നിലയിലും ആത്മവിശ്വാസവും പ്രേരണയും നൽകിയത് ആ കാലഘട്ടമായിരുന്നു. ആത്മവിശ്വാസത്തോടെ കലാരംഗത്തേക്ക് വരാനും അദ്ധ്യാപനരംഗത്തേക്ക് കടന്നുവരാനും പ്രേരിപ്പിച്ച കാര്യങ്ങളെല്ലാം സംഭവിച്ചത് അന്നാണ്. മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിലും ഹൈസ്കൂൾ ഹെഡ്മാസ്റ്ററായ അച്ഛന്റെ ഗൈഡൻസിലുമെല്ലാമാണ് ഞാൻ രൂപപ്പെട്ടത്. അമ്മയും സഹോദരങ്ങളും ശിഷ്യരുമെല്ലാം എന്നെ രൂപപ്പെടുന്നതിൽ വലിയ പങ്കുവഹിച്ചു. ആർട്സ് കോളേജിൽ പഠിക്കുമ്പോൾ എൻ.എൻ.പിള്ളയുടെയും കാലടി ഗോപിയുടെയും നാടകങ്ങൾഅവതരിപ്പിച്ചു. ബെസ്റ്റ് ആക്ടറായി. കോളേജ് ചെയർമാനായി. ഡ്രാമാ ഗ്രൂപ്പിൽ, മ്യൂസിക് ഗ്രൂപ്പിൽ അംഗമായി. കുട്ടികൾക്ക് ആത്മവിശ്വാസവും പ്രേരണയും നൽകുന്ന
വിദ്യാഭ്യാസ രീതിയുണ്ടാകണം.
ജഗദീഷ്
ചലച്ചിത്രതാരം
സി. രാധാകൃഷ്ണൻ
കേരളത്തിലെ ആളുകളെക്കുറിച്ച് ഒരു നരവംശ ശാസ്ത്രജ്ഞ പണ്ട് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനം ഓർക്കുന്നു. ലോകത്തുള്ള എല്ലാ നാടുകളിലെയും നരവംശവിഭാഗങ്ങളുടെയും മിശ്രണം കേരളത്തിൽ കാണാമെന്നാണ് അവർ പറഞ്ഞത്. ലോകത്ത് എവിടെപ്പോയാലും ഇത് എന്റെ കൂടെ സ്ഥലമാണ് എന്ന തോന്നൽ കേരളീയനുണ്ട്. പക്ഷേ കേരളപ്പിറവിദിനത്തിൽ നമ്മുടെ ഭാഷയെ കുറിച്ചാണ് കൂടുതൽ ചിന്തിക്കാനുള്ളത്. ഭാഷയാണ് നമ്മുടെ സംസ്കാരത്തിന്റെ പാത്രവും ഇടപഴകാനുള്ള ഉപകരണവും. തന്ത്രപരമായ ചില നീക്കങ്ങൾ ഭാഷയുടെ ഉന്നമനത്തിനായി നടത്തിയേ തീരൂ. ഇന്ത്യ രാജ്യത്ത് മാതൃഭാഷ ആധികാരികമായി പഠിച്ച് പരീക്ഷ എഴുതി വിജയിക്കാതെ പത്താംതരം കടന്നുപോകാൻ കഴിയില്ലെന്ന വ്യവസ്ഥയില്ലാത്ത ഒരേയൊരു സംസ്ഥാനം കേരളമാണ്. മലയാളിക്ക് ഭൂഷണമായ ഒരു സത്യമാണോ ഇത് എന്ന് തിരിഞ്ഞുനിന്ന് ആലോചിക്കേണ്ട ദിവസമാണിത്.
-സി. രാധാകൃഷ്ണൻ
എഴുത്തുകാരൻ
പണ്ട് ആറ്, ഏഴ് ക്ളാസുകളിലെ പഠിത്തം കഴിഞ്ഞാൽ അവരെ ഗൾഫിലേക്ക് 'നാടു കടത്തും." പേർഷ്യ എന്നാണ് അന്ന് പറയാറ്. പക്ഷേ ലോകമെമ്പാടും സ്ഥിതി മാറി. അന്നാട്ടുകാർക്ക് തന്നെ തൊഴിൽ നൽകണമെന്ന വാദം ശക്തമായതോടെ തൊഴിൽനിയമങ്ങളിൽ മാറ്റമായി. എന്റെ ചെറുപ്പത്തിൽ കണ്ണൂർ പള്ളിക്കുന്നിൽ നിന്നും പേർഷ്യയിൽ പോകുന്നവരുണ്ടായിരുന്നു. ഒരു വീട്ടിൽ നിന്നും തന്നെ നാലും അഞ്ചും പേർ. വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കിട്ടിയാൽ പിന്നെ നാട്ടിൽ നിന്നും പണം വരുത്തേണ്ട സാഹചര്യം ഇല്ലായിരുന്നു. പഠിത്തത്തോടൊപ്പം ജോലിയും ചെയ്യും. ഇപ്പോൾ അമേരിക്കയിൽ ജോലിയുള്ളവർ പോലും ഏത് സമയമാണ് ജോലി നഷ്ടപ്പെടുകയെന്ന ആശങ്കയിലാണ്. ലോകമെമ്പാടും അശാന്തി. വിദ്യാർത്ഥികളെ കുത്തിക്കൊല്ലാൻ പോലും മടിക്കുന്നില്ല. ഇവിടെ പഠിച്ചു വളർന്ന് ഇവിടെ തന്നെ ജോലി ചെയ്ത് ജീവിക്കാനാകണം. അതിനാണ് ഭരണകർത്താക്കൾ ശ്രമിക്കേണ്ടത്. ഇവിടെ പഠിക്കാനും തൊഴിൽ നേടാനും ജീവിക്കാനും പറ്റിയ കേരളം ഉണ്ടാകണം. ഒപ്പം കൃഷിയെ അവഗണിക്കരുത്. അങ്ങനെയായാൽ ഭാവി ഇരുളടയും.
ടി. പത്മനാഭൻ
എഴുത്തുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |