SignIn
Kerala Kaumudi Online
Sunday, 20 September 2026 4.21 AM IST

വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, സിദ്ധാർത്ഥ് നേരിട്ടത് മൃഗീയ വിചാരണ, നിർണായക വിവരങ്ങൾ പുറത്ത്

READ ENGLISH VERSION
murder

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ച കാര്യം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയതായി വിദ്യാർത്ഥികളുടെ മൊഴി.

സർവകലാശാലയിൽ ഇത്തരം മൃഗീയ വിചാരണകൾ മുൻപും ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതികൾ മൂന്ന് മണിക്കൂർ തുടർച്ചയായി സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചിട്ടും ഒരു വിദ്യാർത്ഥി പോലും പ്രതികരിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.

ഹോസ്റ്റലിലെ അടി അവിടെ തീരണമെന്ന് തിട്ടൂരം

കോളേജ് ഹോസ്റ്റലിൽ അടിപിടികൾ ഇടയ്ക്കുണ്ടാകുമ്പോഴും ഒന്നും പുറത്തുപോകരുതെന്നാണത്രേ അലിഖിത നിയമം. സിദ്ധാർത്ഥിന്റെ ജീവനെടുക്കാനും വഴിയൊരുക്കിയത് ഇതുതന്നെയായിരുന്നു. ഹോസ്റ്റലിലെ നടുമുറ്റത്ത് വച്ച് വിദ്യാർത്ഥികൾ കണ്ടു നിൽക്കെയായിരുന്നു ക്രൂരമർദ്ദനം. അതുകഴിഞ്ഞ് പ്രതികളിലൊരാളായ സിൻജോ ജോൺസൻ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു ഭീഷണി. ഇതോടെ സിദ്ധാർത്ഥ് ശാരീരികമായും മാനസികമായും തളർന്നിരുന്നു.

സംഭവത്തിൽ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച എട്ടുപേരിൽ ആറു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ മരണത്തിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുൽത്താൻ ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ,​ ഇടുക്കി സ്വദേശി അഭിഷേക് എസ്,​ തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശി ആകാശ് എസ് ഡി,​ തൊടുപുഴ സ്വദേശി ഡോൺസ് ഡായി,​ തിരുവനന്തപുരം സ്വദേശി ബിനോയ്,​ തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ എന്നിവരാണ് അറസ്റ്റിലായത്.18 പേരാണ് കേസിലെ പ്രതികൾ. ഇതിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള 12 പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കെ അരുൺ, എൻ ആസിഫ് ഖാൻ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കെ അഖിൽ, ആർ എസ്. കാശിനാഥൻ, അമീൻ അക്ബർ അലി, സിൻജോ ജോൺസൺ, ജെ അജയ്, ഇ കെ. സൗദ് റിസാൽ, എ അൽത്താഫ്, വി ആദിത്യൻ, എം മുഹമ്മദ് ഡാനിഷ് എന്നിവരുടെ പേരിലാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. നാലുപേർ സിദ്ധാർത്ഥിന്റെ ക്ലാസിൽ പഠിക്കുന്നവരാണ്. 12 വിദ്യാർത്ഥികളെയും അന്വേഷണവിധേയമായി കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സിദ്ധാർത്ഥ് ക്രൂരമർദ്ദനത്തിന് ഇരയായെന്ന് തെളിഞ്ഞത്. സിദ്ധാർത്ഥിന്റെ ശരീരത്തിലാകെ മർദ്ദനമേറ്റ പാടുകളുണ്ട്. മരണത്തിന്റെ രണ്ടോ മൂന്നോ ദിവസം മുൻപുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതമേറ്റിട്ടുണ്ട്. അതേസമയം തൂങ്ങിമരണമാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SUICIDE, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY