
തൃശൂർ: കുന്നംകുളം മാക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹം കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ചാവക്കാട് മല്ലാട് സ്വദേശി പുതുവീട്ടിൽ മനാഫിനെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ സാഗോക് ടീമും കുന്നംകുളം പൊലീസും ചേർന്ന് എറണാകുളം ചേന്ദമംഗലത്തുനിന്ന് പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന വാടകവീട്ടിൽ നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. സെപ്തംബർ 10ന് രാത്രിയാണ് മാക്കാലിക്കാവ് ക്ഷേത്രത്തിലെ 65 വർഷത്തോളം പഴക്കമുള്ള 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണംപോയത്. കവർച്ചയ്ക്കായി ഗുരുവായൂർ വാഴപ്പള്ളിയിലെ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിച്ച പ്രതി, ഈ വാഹനത്തിലാണ് ക്ഷേത്രത്തിലെത്തിയത്. മോഷണശേഷം ബൈക്ക് ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ മേൽനോട്ടത്തിൽ കുന്നംകുളം എ.സി.പി സജു കെ.അബ്രഹാം, സിറ്റി എ.സി.പി ബിജോയ്, ഇൻസ്‌പെക്ടർ അനിൽ ടി.മേപ്പിള്ളി, എസ്.ഐ രോഹിത്, സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ റെനീഷ്, സാഗോക് ടീം അംഗങ്ങളായ പി.കെ.പഴനിസ്വാമി, സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, കുന്നംകുളം സ്റ്റേഷനിലെ ലിജോൺ, അബീഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി മനാഫ്.
പൊലീസ് കണ്ടെടുത്ത പഞ്ചലോഹ വിഗ്രഹവും ശംഖും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |