SignIn
Kerala Kaumudi Online
Saturday, 04 July 2026 9.03 PM IST

ഭക്ഷ്യസുരക്ഷാ നടപടികൾ ശക്തമാക്കണം

food-poison

വർക്കല : വർക്കലയിലെയും പരിസര പ്രദേശങ്ങളിലെയും ഹോട്ടൽ ഭക്ഷണ നിലവാരം സംബന്ധിച്ചുള്ള പരാതികളുടെ എണ്ണം പെരുകുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെയും പരിശോധനകൾ കൃത്യമായ ഇടവേളകളിൽ നടക്കാറുണ്ടെങ്കിലും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഷവർമ്മ, ഷവായി, അൽഫാം, കുഴിമന്തി എന്നിങ്ങനെ നാവിൽ വെള്ളമൂറുന്ന ഫാസ്റ്റ് ഫുഡ് ഭക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. മസാലയും കളർ പൗഡറുകളും ചേർത്ത് കാഴ്ചയ്ക്ക് അതിമനോഹരമായൊരുക്കി കൊതിപ്പിക്കുന്ന മണവുംനൽകി ഹോട്ടലുകളിൽ വിളമ്പുന്ന ഭക്ഷണം ജീവനു തന്നെ ഭീഷണിയാകുന്ന സ്ഥിതിയാണ് നിലവിൽ. ചൂടോടെ വിളമ്പുന്ന ഭക്ഷണം പഴകിയതാണെന്ന് തോന്നാതിരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നു. കച്ചവടം പരമാവധി വർദ്ധിപ്പിച്ച് ലാഭം കൊയ്യുക എന്നതല്ലാതെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ ഇക്കൂട്ടർക്ക് ഉത്തരവാദിത്വമില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞദിവസം വർക്കലയിലുണ്ടായ ഭക്ഷ്യ വിഷബാധയേറ്റ സംഭവം. വിഷബാധയേറ്റവരിൽ നാല് വയസുള്ള കുട്ടികൾ മുതലുണ്ട്.

പാകം ചെയ്യുന്ന ഇടം

തൊഴിലാളികളുടെ കിടപ്പുമുറി

ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. വർക്കല നഗരത്തിന്റെ പ്രധാന പാതയിൽ സ്ഥിതിചെയ്യുന്ന സ്‌പൈസി എന്ന സ്ഥാപനത്തിൽ നിന്നുള്ള ആഹാരം കഴിച്ചതിൽ ഭക്ഷ്യവിഷബാധയേറ്റ 60 ൽ അധികം ആളുകളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്. ഈ ഹോട്ടലിന്റെ പാചകപ്പുരയിലാണ് തൊഴിലാളികൾ അന്തിയുറങ്ങുന്നത്. ഇവരുടെ കിടക്കയുടെ അടിയിൽ നിന്നും ഭക്ഷ്യസുരക്ഷാവിഭാഗം വലിയ അളവിൽ പഴകിയ ഭക്ഷണം കണ്ടെടുത്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുന്നതിനൊപ്പം തൊഴിലാളികൾ ജീവിക്കുന്നതും ഇതിനുള്ളിൽ തന്നെയാണെന്നത് തൊഴിൽ നിയമങ്ങളുടെ നഗ്നലംഘനമാണ്. സ്ഥിരപരിശോധന നടത്താറുള്ള ഹെൽത്ത് വിഭാഗം ഈ വസ്‌തുത അവഗണിക്കുകയും കണ്ണടയ്ക്കുകയും ചെയ്‌തത്‌ പൊതുജനങ്ങളോട് ചെയ്യുന്ന മാപ്പർഹിക്കാത്ത അപരാധമാണ്.

ബാക്ടീരിയകൾ അപകടകാരികൾ

ഷിഗെല്ല, ഇ-കോളി, സാൽമൊണെല്ല, ലിസ്റ്റീരിയ എന്നിങ്ങനെ പഴകിയ ഭക്ഷണത്തിൽ വളരുന്ന ബാക്ടീരിയകൾ അനവധിയുണ്ട്. ഇവ വളരെ അപകടകാരികളാണ്. ഒപ്പം വൈറസ് സാന്നിദ്ധ്യവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.

കരുതൽ വേണം

ഛർദ്ദി, മനംപിരട്ടൽ, ശരീരവേദന, ശരീരത്തിൽ തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഭക്ഷണംകഴിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലോ ചിലപ്പോൾ ഒരു ദിവസം വരെയോ നീണ്ടുനിൽക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാം.

പ്രതികരണം

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചുവന്നത്. പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിക്കാൻ ഭക്ഷ്യ വിഷബാധയേൽക്കുന്നതുവരെ നഗരസഭ ആരോഗ്യ വിഭാഗത്തിന് കാത്തിരിക്കേണ്ടിവന്നു എന്നത് ഗുരുതര വീഴ്ചയാണ്.

അഡ്വ. ആർ. അനിൽകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY