
കൊച്ചി: സൈബർതട്ടിപ്പ് സംഘങ്ങൾ മ്യൂൾ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുന്ന ചെറിയ തുകകൾ തിരിച്ചെടുക്കാൻ ഇനി കോടതി കയറേണ്ടതില്ല. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം പെരുകുന്നത് കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി ലഘൂകരിച്ചത്. പുതുക്കിയ മാനദണ്ഡ പ്രകാരം, മ്യൂൾ അക്കൗണ്ടുകളിൽ മരവിപ്പിച്ച് നിറുത്തിയ 50,000 രൂപ വരെയുള്ള തുക പരാതിക്കാരന് ബോണ്ട് ഹാജരാക്കി തിരിച്ചെടുക്കാം. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മണി റെസ്റ്റോറേഷൻ മോഡ്യൂളിൽ (എം.ആർ.എം പോർട്ടൽ) ലോഗിൻ ചെയ്ത് ബോണ്ടും പാൻ നമ്പരും നൽകിയാൽ മതി.
നിരവധി അക്കൗണ്ടുകളിലേക്ക് 50000 രൂപ വീതം കൈമാറ്റം ചെയ്യപ്പെടുന്ന സംഭവങ്ങളിലും പണം തിരിച്ചെടുക്കാൻ പുതിയ സംവിധാനം സഹായകരമാണ്. പല അക്കൗണ്ടുകളിൽ നിന്ന് പണം തിരിച്ചെടുക്കാൻ ഒരു ബോണ്ട് മതിയാകും.
വലിയ തുകയാണെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.
നടപടി ലഘൂകരിച്ചതോടെ ഇരകൾക്ക് കോടതിച്ചെലവും വക്കീൽ ഫീസും സമയവും ലാഭിക്കാനാകും. സൈബർ തട്ടിപ്പ് സംഘങ്ങൾ പലരിൽ നിന്നായി വിലയ്ക്കു വാങ്ങുന്ന ബാങ്ക് അക്കൗണ്ടുകളാണ് ( മ്യൂൾ അക്കൗണ്ടുകൾ) തട്ടിയെടുക്കുന്ന പണം സ്വീകരിക്കാൻ ഉപയോഗിക്കുന്നത്.
നടപടിക്രമം ഇങ്ങനെ
നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (എൻ.സി.ആർ.പി) രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് പരാതികളിൽ, പണം കൈമാറ്റം ചെയ്യപ്പെട്ട മ്യൂൾ അക്കൗണ്ടുകൾ, ഓരോ അക്കൗണ്ടിലുമുള്ള പണം എന്നിവയെപ്പറ്റി ബാങ്കുകൾ തന്നെ പൊലീസിന് വിവരം കൈമാറും. തുടർന്ന് പരാതിക്കാരൻ 500 രൂപയുടെ മുദ്രപ്പത്രത്തിൽ ബോണ്ട് തയ്യാറാക്കി നോട്ടറി അറ്റസ്റ്റ് ചെയ്ത് മണി റെസ്റ്റോറേഷൻ മോഡ്യൂളിലെ വിക്ടിം പോർട്ടലിൽ ലോഗിൻ ചെയ്ത് അപ്പ്ലോഡ് ചെയ്യണം. പാൻ നമ്പരും നൽകണം. എൻ.സി.ആർ.പിയിൽ പരാതിപ്പെട്ടപ്പോൾ ലഭിച്ച അക്നോളജ്മെന്റ് നമ്പർ ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. പണം ദിവസങ്ങൾക്കുള്ളിൽ സ്വന്തം അക്കൗണ്ടിൽ തിരിച്ചെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |