SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.10 AM IST

നായയെ ചവിട്ടിയതിനെച്ചൊല്ലി സംഘ‌ർഷം: വടിവാൾ വീശിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

peter-biju

കൊച്ചി: നായയെ ചവിട്ടിയതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ചായക്കടയിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി വഴേക്കാട്ട് നികർത്തിൽ വീട്ടിൽ പീറ്റർ ബിജുവിനെയാണ് (44) എറണാകുളം സൗത്ത് പൊലീസ് പിടികൂടിയത്. പ്രതി ഓടിക്കുന്ന ഓട്ടോയും കസ്റ്റഡിയിലെടുത്തു.

എറണാകുളം പള്ളിമുക്കിലെ കഫേ ടീ ഷോപ്പിൽ ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ പ്രതി കടയ്ക്ക് മുന്നിൽ കിടന്ന നായയെ ചവിട്ടിയത് ജീവനക്കാരൻ ചോദ്യം ചെയ്തതാണ് പ്രകോപന കാരണം. വാക്കേറ്റത്തിനിടെ അക്രമാസക്തനായ പീറ്റർ ഓട്ടോയ്ക്കുള്ളിൽ നിന്ന് വടിവാളുമായി കടയിൽ കടന്ന് ജീവനക്കാരൻ ചങ്ങനാശേരി കുറിച്ചി സ്വദേശി രാജേഷിന്റെ (27) ഷർട്ടിന്റെ കോളറിൽ പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന്, കൈകൊണ്ട് നെഞ്ചിലിടിച്ച് പരിക്കേൽപ്പിച്ചു. ഇത് ചെറുക്കുന്നതിനിടെയാണ് വടിവാൾ കഴുത്തിന് നേരെ വീശിയത്.

സംഭവത്തിന്റെ സി.സി ടിവി ദൃശ്യം പൊലീസ് ശേഖരിച്ചു. പി.വി.സി പൈപ്പ് ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളുണ്ട്. ഓട്ടോ നമ്പർ തിരിച്ചറിഞ്ഞുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഓട്ടോയിൽ നിന്ന് ആക്രമണത്തിന് ഉപയോഗിച്ച പൈപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രതി മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല. വടിവാൾ ഉപയോഗിച്ചോ എന്നറിയാൻ കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. സൗത്ത് എസ്.എച്ച്.ഒ ഒ.എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY