
രണ്ട് സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിൽ
കൊച്ചി: ബാറിലെ സെക്യൂരിറ്റി ജീവനക്കാരുമായുണ്ടായ വാക്കുതർക്കത്തിനിടെ നിലത്ത് തലയടിച്ച് വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. എറണാകുളം നെട്ടൂർ മേലേത്തട്ട് റോഡ് മടവാപ്പിള്ളി വീട്ടിൽ പുഷ്പനാണ് (54) മരിച്ചത്. തലയ്‌ക്ക് പിന്നിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഞായറാഴ്ച വൈകിട്ട് 3.45ന് നെട്ടൂരിലെ ഓജീസ് കാന്താരി ബാറിനു മുന്നിലായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരായ ഹൈദരാബാദ് സ്വദേശി റോസ് ലയണൽ (41), കൊല്ലം പത്തനാപുരം സ്വദേശി സുരേഷ് കുമാർ (45) എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂലിപ്പണിക്കാരനാണ് പുഷ്പൻ. മദ്യപിക്കാനെത്തിയ പുഷ്പനെ വാക്കുതർക്കത്തിനും കൈയാങ്കളിക്കുമിടെ സെക്യൂരിറ്റി ജീവനക്കാർ പിടിച്ചുതള്ളുകയായിരുന്നു. പിന്നിലേക്ക് തലയടിച്ചുവീണ പുഷ്പനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. തലയിലെ രക്തസ്രാവമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബാറിൽ എത്തുമ്പോൾ പുഷ്പൻ മദ്യലഹരിയിൽ ആയിരുന്നെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി.
മരട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്‌കാരം പിന്നീട്. ഭാര്യ: ഗൗരി. മകൻ: അനന്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |