
തിരുവനന്തപുരം: മോഷ്ടിച്ച മൊബൈൽ ഫോണുമായി യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി.കൊല്ലം പത്തനാപുരം ചന്ദനപ്പള്ളി തടത്തരികത്ത് വീട്ടിൽ ജ്യോതിഷ് കുമാറാണ് (28) പിടിയിലായത്.ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും മോഷണം വർദ്ധിക്കുന്നുവെന്ന പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ വിവിധ പ്ലാറ്റ്ഫോമുകളിൽ,റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് സംശയകരമായ സാഹചര്യത്തിൽ ഇയാളെ കണ്ടെത്തുന്നത്.
പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തപ്പോഴാണ് ഫോൺ കാണുന്നത്.അൺലോക്ക് ചെയ്യാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ,കോഡ് അറിയില്ലെന്നായിരുന്നു ജ്യോതിഷ് കുമാറിന്റെ മറുപടി.ഇതോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചത്.
ഒക്ടോബർ നാലിനും ആറിനും ഇടയിലാണ് പ്രതി മൊബൈൽ മോഷ്ടിച്ചത്.ഏത് ട്രെയിനിൽ യാത്ര ചെയ്തയാളുടെ ഫോണാണ് കവർന്നതെന്ന് പ്രതി വ്യക്തമാക്കിയിട്ടില്ല.ഇതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.പ്രതിയുടെ കൈവശം യാത്ര രേഖകളോ തിരിച്ചറിയൽ രേഖകളോ ഇല്ല.ഇയാളുടെ പോക്കറ്റിൽ നിന്ന് ഒരു സിംകാർഡ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.ഇതും മോഷണം മുതലാണെന്ന് സംശയിക്കുന്നു.പ്രതിക്കെതിരെ കല്ലമ്പലം സ്റ്റേഷനിൽ സമാനമായ ഒരു കേസുണ്ട്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.എസ്.ഐ സജിനിയുടെ നേതൃത്വത്തിൽ പാറശാല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എസ്.ജി.രഞ്ജിത്ത്,ഡാൻസാഫ് അംഗം വിപിൻ രാജ്,സി.പി.ഒ സരിൻ,ഗ്രേഡ് എസ്.സി.പി.ഒ ജിത്തു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |