
പീരുമേട്: വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ഒരാഴ്ചക്കിടയിൽ മോഷണപരമ്പരനടത്തിയ കേസിൽ പ്രതിയെ പിടികൂടി. മൂന്ന് വ്യാപാര സ്ഥാപനങ്ങളിൽ മേൽക്കൂര പൊളിച്ച് മോഷണം നടത്തിയ തങ്കമല മാട്ടുപ്പെട്ടി സ്വദേശി മണികണ്ഠനാണ് ( 34 ) പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നാം തീയതിയാണ് പശുമല ജംഗ്ഷനിലെ ആര്യ ഹോട്ടലിൽ മോഷണം നടത്തി എണ്ണായിരം രൂപയും ടേബിളിൽ വച്ചിരുന്ന വിദേശ കറൻസിയും മോഷണം നടത്തി. ഇവിടുത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി ടൗണിലെ ദീനസിഡി ഹൗസിലും തൊട്ടടുത്ത തയ്യൽക്കടയിലും മോഷണം നടക്കുന്നത്.സി.ഡി. ഷോപ്പിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തിനാലായിരം രൂപ മോഷ്ടാവ്എടുത്തു കൊണ്ടുപോയി. . സിഡി കടയിലെ സി.സി.ടി.വി ക്യാമറ തല്ലിപ്പൊട്ടിച്ച് കൊണ്ടുപോയെങ്കിലും റെക്കോർഡിംഗ് യൂണിറ്റിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പിടിയിലാകുന്നത്. പുലർച്ചേ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും സിഡി ഷോപ്പിൽ നിന്നും മോഷ്ടിച്ച മുഴുവൻ തുകയും ആര്യ ഹോട്ടലിൽ നിന്നും മോഷ്ടിച്ച തുകയിൽ 4000 രൂപയും കണ്ടെടുത്തു. 7 മോഷണക്കേസിലും ഒരു കഞ്ചാവ് കേസിലും ഉൾപ്പെട്ട സ്ഥിരം മോഷ്ടാവാണ് ഇയാളെന്ന് പീരുമേട് ഡിവൈ.എസ്.പി ഷിജു പി.എസ് പറഞ്ഞു. കുമളി സി.ഐ പ്രശാന്ത്, വണ്ടിപ്പെരിയാർ എസ്.ഐ മാരായ അക്ബർ സാദത്ത്, ജയ് ജോൺ വർഗീസ്, അനിൽകുമാർ വി.ആർ, എ.എസ്.ഐ ബിനോയ്, സി.പി.ഒ മാരായ പ്രവീൺ സുഭാഷ്, ഫസൽ അനൻസിയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |