കയ്പമംഗലം: മതിലകം കൂളിമുട്ടം കിള്ളിക്കുളങ്ങര ശ്രീധർമ്മദൈവ നവഗ്രഹ ക്ഷേത്രത്തിൽ ശ്രീകോവിലുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും ഭണ്ഡാരപ്പണവും മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട് പേർ അറസ്റ്റിലായി. പ്രതികളെ റിമാൻഡ് ചെയ്തു. അസം നഗോർ കുവാരിറ്റോൾ ബോർ മസ്ജിദ് ജയന്തിപൂർ സ്വദേശി സുഹൈൽ അലി (19), അസം ദുംദുമ ഗാവ് സ്വദേശി അസൽ അലി (30) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാത്രി ഉറങ്ങാറുള്ള കൊച്ചി വൈറ്റില മേൽപ്പാലത്തിന് അടിയിൽ ഒളിപ്പിച്ച നിലയിൽ മോഷണമുതലുകൾ കണ്ടെടുത്തു. ഒക്ടോ. 24ന് പുലർച്ചെയായിരുന്നു മോഷണം. സംഭവത്തിൽ ക്ഷേത്രം സെക്രട്ടറിയുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സുഹൈൽ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പൊലീസ് സ്റ്റേഷൻ, അസാമിലെ കാലിബോർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി ഒരു മോഷണ കേസ് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും അസൽ അലി എറണാകുളം ജില്ലയിലെ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ ഒരു മോഷണ കേസിലും പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ.രതീഷ് കുമാർ, മതിലകം സി.ഐ വിമൽ, എസ്.എച്ച്.ഒ നസിയ എം. സാഹിബ്, എസ്.ഐമാരായ മുഹമ്മദ് റാഫി, സഞ്ജയ്, എ.എസ്.ഐ മിഥുൻ, ജി.എസ്.സി.പി.ഒമാരായ ഗോപകുമാർ, സുനിൽകുമാർ, ശരത്, സി.പി.ഒമാരായ ബിനിൽ, റിസ്വാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |