
ബുള്ളറ്റിൽ മോഷണം നടത്തി വിലസിയത് നാലുവർഷം
ബാലരാമപുരം: ജില്ലയിൽ 30ലധികം വീടുകളിൽ മോഷണം നടത്തി നാലുവർഷത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലസിയ മോഷ്ടാവ് റിമാൻഡിൽ. റസൽപുരം ചരുവിള പുത്തൻവീട്ടിൽ മുരുകേശന്റെ മകൻ നിശാന്തിനെ (31) കഴിഞ്ഞ ദിവസമാണ് നരുവാമൂട് പൊലീസ് പിടികൂടിയത്.
നവംബർ രണ്ടിന് നരുവാമൂട് സ്റ്റേഷനിൽ ഊരൂട്ടമ്പലം സ്വദേശിയായ രതീഷ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നിശാന്ത് വലയിലാകുന്നത്. മരച്ചീനി എടുക്കാനും പശുവിന് തീറ്റപ്പുൽ തേടിയുമെത്തി രതീഷും ഭാര്യയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചിരുന്നു. രണ്ട് മോതിരം,കമ്മൽ എന്നിവ ഉൾപ്പെടെ രണ്ട് പവനാണ് രതീഷിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചത്. മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും സമാനരീതിയിലുള്ള മോഷണങ്ങൾ മാറനല്ലൂർ,കാട്ടാക്കട,മലയിൻകീഴ്, ആര്യൻകോട്,ബാലരാമപുരം സ്റ്റേഷൻ പരിധിയിൽ നടത്തിയതും നിശാന്തിനെ കുടുക്കാൻ സഹായിച്ചു.
റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ മലയിൻകീഴ് സി.ഐ ഉമേഷ്,നരുവാമൂട് സി.ഐ കിരൺ ശശിധരൻ,സി.പി.ഒ പീറ്റർ ദാസ്,എസ്.സി.പി.ഒ ശ്രീകാന്ത്, ഹോംഗാർഡ് രമേഷ്,ഗ്രേഡ് എസ്.ഐ രാജേഷ്,ബൈജു,മലയിൻകീഴ് സി.പി.ഒ പ്രവീൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരുമാസമായി ആര്യൻകോട്,കാട്ടാക്കട,മാറനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആൾപ്പാർപ്പില്ലാത്ത വീടുകളിൽ നടന്ന മോഷണങ്ങളെല്ലാം നടത്തിയത് താനാണെന്ന് നിശാന്ത് പൊലീസിനോട് സമ്മതിച്ചു. മുപ്പതോളം വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നാണ് പൊലീസിന്റെ കണക്ക്. മോഷ്ടിച്ചതിൽ 40 പവൻ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിശാന്തിനെ ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തി സ്വർണത്തിന്റെയും പണത്തിന്റെയും കണക്കെടുക്കുമെന്ന് നരുവാമൂട് പൊലീസ് അറിയിച്ചു.
മോഷണം നടത്തിയത് ഒറ്റയ്‌ക്ക്
---------------------------------------------------------------
റസൽപുരം ബിവറേജസ് ഔട്ട്ലെറ്റിലെ യൂണിയൻ തൊഴിലാളിയായ നിശാന്ത് പകൽ സമയങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം നടത്തിയത്. 2023 മുതൽ ഇത്തരത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടത്തിവരികയായിരുന്നു. കൈയിൽ ഗ്ലൗസ് ധരിച്ചെത്തി വീടുകളിലെ പിറകുവശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് തകർത്ത ശേഷം അലമാരകളിലുള്ള സ്വർണവും പണവും മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. എല്ലാ മോഷണങ്ങളും ബുള്ളറ്റിലെത്തി ഒറ്റയ്‌ക്കാണ് നടത്തിയതെന്നും നിശാന്ത് മൊഴി നൽകിയിട്ടുണ്ട്.
തീറ്റപ്പുൽതേടിയെത്തും പിന്നാലെ മോഷണം
--------------------------------------------------------------------------------
നിശാന്തിന്റെ വീട്ടിൽ പശുഫാമുണ്ട്. തീറ്റപ്പുൽതേടി പല ഭാഗങ്ങളിലും യാത്ര ചെയ്ത് പൂട്ടിക്കിടക്കുന്ന വീടുകൾ കണ്ടെത്തി രഹസ്യമായി അന്വേഷണം നടത്തും. പകൽ വീട്ടിൽ പ്രവേശിച്ച് ആഭരണവും പണവും കവർച്ച നടത്തി രാത്രിയിലാണ് പുറത്തുകടക്കുന്നത്. ആഡംബര വാഹനങ്ങൾ വാങ്ങുന്നതും ലോട്ടറി എടുക്കുന്നതും പതിവായിരുന്നു. സ്വന്തം നാട്ടിൽ തന്നെ മോഷണം നടത്തിയാണ് കവർച്ച തുടങ്ങിയത്. നാട്ടുകാരോട് സൗമ്യമായി ഇടപെട്ടിരുന്ന നിശാന്ത് അറസ്റ്റിലായതറിഞ്ഞ് നാട്ടുകാരും ഞെട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |