കൊച്ചി: പ്രമുഖ അബ്കാരി ബിസിനസുകാരനായിരുന്ന മിഥില മോഹൻ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ എറണാകുളം സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കി. തൃശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെയാണ് ജഡ്ജി പി.കെ. മോഹൻ ദാസ് വിചാരണ കൂടാതെ വെറുതേ വിട്ടത്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, പ്രതിക്കെതിരേ വിചാരണ തുടരാൻ മതിയായ അടിസ്ഥാനമില്ലെന്ന് വിലയിരുത്തി.
2006 ഏപ്രിൽ അഞ്ചിനാണ് അബ്കാരി കരാറുകാരനായ മിഥില മോഹൻ കൊച്ചി വെണ്ണലയിലെ വീട്ടിൽ വെടിയേറ്റ് മരിച്ചത്. അനധികൃത സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട കുടിപ്പകയെ തുടർന്ന് കണ്ണൻ തമിഴ്നാട്ടിൽ നിന്നുള്ള വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ക്വട്ടേഷനെടുത്ത ഡിണ്ടിഗൽ പാണ്ടി എന്ന ഗുണ്ടയെ തമിഴ്നാട് പൊലീസ് വെടിവച്ചു കൊന്നതോടെ പ്രധാന തെളിവുകൾ അടഞ്ഞു. മിഥില മോഹന്റെ കൊലപ്പെടുത്താൻ കൊച്ചിയിലെത്തിയിരുന്ന രണ്ടു പേരെ തിരിച്ചറിയാനുമായില്ല. കൊലയാളികളെ മുൻ പരിചയമില്ലെന്നാണ് കണ്ണനും മൊഴി നൽകിയത്. കേരള പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പിന്നീട് സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പ്രതിക്കെതിരേ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |