SignIn
Kerala Kaumudi Online
Friday, 09 October 2026 9.46 PM IST

വൃക്കയ്ക്ക് 40 ലക്ഷം, കരളിന് അതിൽക്കൂടുതൽ, ഇരയാക്കിയത് അമ്പതോളം പേരെ; കണ്ണൂരിലെ യുവതിയുടെ വെളിപ്പെടുത്തൽ

READ ENGLISH VERSION
woman

കണ്ണൂർ: ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവക്കച്ചവടത്തിന് നിർബന്ധിക്കുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം കണ്ണൂർ നെടുംപൊയിൽ സ്വദേശിനി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അവരിപ്പോൾ.

തനിക്ക് അവയവം കൊടുക്കാൻ താത്പര്യമില്ലായിരുന്നുവെന്നും പേടിയായിരുന്നുവെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഇടനിലക്കാരനായ ബെന്നി അമ്പത് പേരെ അവയവക്കച്ചവടത്തിന് ഇരയാക്കിയെന്ന് യുവതി ആരോപിച്ചു.


വൃക്ക നൽകിയാൽ 40 ലക്ഷം വരെയും കരളിന് അതിൽ കൂടുതലും കിട്ടുമെന്ന് അവർ പറഞ്ഞു. എന്നാൽ ദാതാവിന് വെറും ഒൻപത് ലക്ഷം മാത്രം നൽകി ബാക്കി പണം ഇടനിലക്കാർ തട്ടുകയാണ് പതിവെന്നുമാണ് യുവതി പറയുന്നത്. അവരുടെ നിർബന്ധം മൂലം ഈ മാസം പതിനഞ്ചിന് പരിശോധനയ്ക്ക് വിധേയയായിരുന്നു. ഈ മാസം പതിനഞ്ചിന് ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചു. പിന്നീട് ഭയം മൂലം പിന്മാറിയെന്നും അവർ കൂട്ടിച്ചേർത്തു.


അവയവം നൽകാൻ തയ്യാറായില്ലെങ്കിൽ കൊല്ലുമെന്ന് ഭർത്താവും ബെന്നിയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, യുവതി അവയം നൽകുന്നതിൽ നിന്ന് പിന്മാറിയത് പണമിടപാട് സംബന്ധിച്ചുള്ള തർക്കത്തിലാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അവയവ വില്പനയ്ക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ തൃശൂർ എടമുട്ടം സ്വദേശി സാബിത്ത് നാസർ ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായിരുന്നു. ഇതിനുപിന്നാലെയാണ് ഒരിടവേളയ്ക്ക് ശേഷം അവയവക്കടത്ത് വീണ്ടും ചർച്ചയായത്. അവയവക്കടത്തിന് ഇരയായെന്ന് ആരോപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ഇതിനിടെ അവയവ മാഫിയയുടെ ഇടനിലക്കാരനടക്കം നാലുപേർ പീഡിപ്പിച്ചെന്ന് കാണിച്ച് വൃക്ക തട്ടിപ്പിനിരയായ ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മ പരാതി നൽകിയിരുന്നു. എന്നാൽ കേസിൽ അന്വേഷണം ഇഴയുന്നതായി ആരോപണമുയർന്നിട്ടുണ്ട്.

കേസിൽ പ്രതികളുടെ മൊഴിപോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രി ജീവനക്കാരിയായിരുന്ന പരാതിക്കാരി 2020ൽ എറണാകുളത്തുകാരനായ ഏജന്റിന്റെ പ്രേരണയിലാണ് വൃക്ക നൽകിയത്. 8.5 ലക്ഷം രൂപയായിരുന്നു വാഗ്ദാനമെങ്കിലും 3.5 ലക്ഷം രൂപ മാത്രമേ കൈമാറിയുള്ളു. ഇവർ ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് ഇതിനിടെ ഏജന്റ് കൈവശപ്പെടുത്തി. ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായി.

അവയവദാനത്തിന് തയ്യാറായവരെ കണ്ടെത്തി തങ്ങൾക്ക് മുൻപിലെത്തിച്ചാൽ പണം നൽകാമെന്നും പറഞ്ഞു. വീട്ടമ്മ ഏതാനും പേരെ സംഘവുമായി ബന്ധപ്പെടുത്തി നൽകി. അവരും കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചെക്കുപയോഗിച്ച് വീട്ടമ്മയെ കള്ളക്കേസിൽ കുടുക്കി. പിന്നാലെ ജോലി നഷ്ടപ്പെട്ടു. പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ഏജന്റും കൂട്ടരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നാണ് പരാതി.

2023 അവസാനമാണ് പൊലീസിന് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ അവയവക്കച്ചവടമാണ് കേസിലേക്ക് നയിച്ചതെന്ന് വ്യക്തമായി. ഈവർഷം ഫെബ്രുവരിയിൽ നാലുപേർക്കെതിരെ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ORGANTRAFFICKING, KERALA, WOMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY