
വാമനപുരം: വാമനപുരം പഞ്ചായത്തിലെ ഇരുളൂർ,ചിലമ്പുംകാണി,കാക്കക്കുന്ന്,പമ്മത്തിൻകീഴ് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക മോഷണം. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പത്തോളം വീടുകളിലും ഒരു ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇരുളൂർ കാക്കക്കുന്നിൽ ഹേമ ഹൗസിൽ ബാബുവിന്റെ വീട് കുത്തിത്തുറന്ന് മുപ്പത് കിലോയോളം റബർ ഷീറ്റും,ചാക്കിൽ കെട്ടിവെച്ചിരുന്ന പാത്രങ്ങളും കവർന്നു.
ഇതിനുപുറമെ,ഇരുളൂർ പത്മനാഭ വിലാസത്തിൽ ജയകുമാറിന്റെ വീട്ടിൽ നിന്ന് അമ്പത് കിലോഗ്രാമോളം റബർ ഷീറ്റും,ഒരു ചാക്ക് ഒട്ടുകറയും മോഷ്ടിച്ചു.പമ്മത്തിൻകീഴ് ശങ്കരവിലാസത്തിൽ ചക്രപാണി പിള്ളയുടെ കിണറ്റിൽ നിന്നും പമ്പ് സെറ്റ്,തൊട്ടടുത്തുള്ള മോഹനൻ നായരുടെയും ലളിതാമണിയുടെയും വീടുകളിലെ കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റുകളും കവർച്ച ചെയ്യപ്പെട്ടു.
ആളില്ലാത്ത ചില വീടുകളുടെ ഓട് പൊളിച്ച് മോഷണശ്രമം നടത്തിയിട്ടുണ്ട്. വീടുകൾക്ക് പുറമെ ചിലമ്പുംകാണി ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും കവർന്നു.പ്രദേശത്ത് സമാനമായ രീതിയിൽ തുടർച്ചയായി നടക്കുന്ന കവർച്ചകളിൽ ജനങ്ങൾ ആശങ്കയിലാണ്.സംഭവവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും തുടർനടപടികൾ വൈകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും,മോഷ്ടാക്കളെ ഉടൻ പിടികൂടണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |