
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് 11 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമബംഗാളിലെ ഷാലിമാറിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ സ്റ്റേഷൻ വിട്ടയുടൻ ആർ.പി.എഫ് ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ച് ഇൻസ്‌പെക്‌ടർ എ.ജെ ജിപിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ ആറാം നമ്പർ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്തെ നടപ്പാലത്തിന് അടിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ഷോൾഡർ ബാഗുകളിൽ ആറ് പൊതികളിലായാണ് ഒളിപ്പിച്ചിരുന്നത്. ആർ.പി.എഫിന്റെ പരിശോധന കണ്ട് ബാഗ് ഉപേക്ഷിച്ച് കടന്നതാണെന്നാണ് സൂചന.
എ.എസ്.ഐമാരായ ജെ.പി. അനിൽകുമാർ, സിജോ സേവ്യർ, വിജയകുമാർ, എച്ച്.സി വിപിൻ, കോൺസ്റ്റബിൾമാരായ മനോജ്, കെ.സുനീഷ്, കലൈസെൽവൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവ് റെയിൽവേ പൊലീസിന് കൈമാറി. കഴിഞ്ഞ 30 ദിവസത്തിനിടെ ട്രെയിനുകളിൽ കടത്തിയ 150 കിലോ കഞ്ചാവ് പിടികൂടിയതായി ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫ് പറഞ്ഞു. 10 പ്രതികൾ പിടിയിലായി. നിരീക്ഷണവും പരിശോധനയും ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |