
അറസ്റ്റിലായത് ബസിൽ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചതിന്
കൊച്ചി: സ്വകാര്യബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവുകൾ ഇല്ലാതിരുന്ന കേസിൽ കൊച്ചി പൊലീസ് നടത്തിയ വിദഗ്ധ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.
കലൂരിൽ സ്ത്രീകളുടെ സ്റ്റിച്ചിംഗ് യൂണിറ്റ് നടത്തുന്ന തലശേരി ന്യൂമാഹി പെരിങ്ങാടി കുമാരാലയത്തിൽ സി.ടി മിറോഷിനെയാണ് (42) എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 30ന് വൈകിട്ട് എറണാകുളത്ത് നിന്ന് എളമക്കരയിലെ വീട്ടിലേക്ക് സ്കൂൾ വിട്ട് പോയ വിദ്യാർത്ഥിനിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും പിന്തുടർന്ന് ശല്യപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സഹപാഠിയും പീഡനത്തിന് ഇരയായ വിദ്യാർത്ഥിനിയും വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് എളമക്കര പൊലീസിൽ പരാതി നൽകി. സംഭവം നടന്നത് എറണാകുളത്തായതിനാൽ പിന്നീട് നോർത്ത് പൊലീസിന് കൈമാറി.
സ്വകാര്യ ബസ് നിർത്തിയ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ച് സി.സി ടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് എളമക്കര പുതിയ റോഡിൽ ഇയാൾ ഇറങ്ങുന്നത് കണ്ടെത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല. ഇതിനിടെ എളമക്കര ഭാഗത്തെ സ്വകാര്യസ്ഥാപനത്തിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ കവറുമായി പ്രതി നിൽക്കുന്ന ദൃശ്യം കിട്ടിയത് നിർണായകമായി. കവറിലെ കടയുടെ ചിഹ്നം വലുതാക്കി നടത്തിയ പരിശോധനയിൽ വസ്ത്രവ്യാപാര സ്ഥാപനം തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ ക്യാമറ പരിശോധിച്ചപ്പോൾ ഇയാൾ ബില്ലടയ്‌ക്കുന്ന ദൃശ്യം കണ്ടെത്തിയതാണ് അറസ്റ്റിൽ കലാശിച്ചത്.
നോർത്ത് എസ്.എച്ച്.ഒ കെ.ഒ. സന്തോഷ്, എസ്.ഐമാരായ അനൂപ് ചാക്കോ, ഇ.എം ഷാജി, അസി. എസ്.ഐ സുനിൽ ജലീൽ, സീനിയർ സി.പി.ഒമാർ വിബിൻ, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |