
ചിറയിൻകീഴ്: ക്ഷേത്രങ്ങളിൽ ശാന്തിയായി നിന്ന് ക്ഷേത്ര മുതലുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ചിറയിൻകീഴ് പൊലീസ് പിടികൂടി.തൃശ്ശൂർ കണിമംഗലം ദേശത്ത് അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവനാണ് (58) പിടിയിലായത്.തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലിക്ക് കയറി,ക്ഷേത്ര ഭാരവാഹികളുടെ വിശ്വാസം പിടിച്ചുപറ്റിയാണ് മോഷണം നടത്തുന്നത്.
ആനത്തലവട്ടം പുട്ടുകട ജംഗ്ഷന് സമീപമുള്ള ഉള്ളാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായി ജോലി ചെയ്യുന്നതിനിടയിൽ വിഗ്രഹത്തിൽ ചാർത്താറുള്ള അരപ്പവൻ വീതം തൂക്കം വരുന്ന രണ്ട് മാലകൾ മോഷ്ടിച്ചു.തുടർന്ന് ഇവ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു.പിന്നീട് മറ്റൊരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിക്ക് കയറാൻ ശ്രമിക്കവേയാണ് ഇയാൾ അറസ്റ്റിലായത്.
പ്രതിയുടെ പേരിൽ അമ്പലപ്പുഴ,ചാലക്കുടി സ്റ്റേഷനുകളിൽ കേസുകളുണ്ട്.ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ ശ്രീകുമാർ,എ.എസ്.ഐ നാസർ.ജി.എസ്,സി.പി.ഒമാരായ രാംനാഥ്,നാദിർഷ,ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |