
പ്രേക്ഷകരുടെ ഇഷ്ടവും സ്നേഹവും നല്ല സമയത്ത് വാരിക്കൂട്ടുകയാണ് വിനയ് ഫോർട്ട്. ബെത് ലഹേം കുടുംബയൂണിറ്റിലെ അലക്സ് അങ്കിളും അവറാച്ചനിലെ അനിയും ആവോളം ചിരിപ്പിച്ചു. നിറഞ്ഞാടുകയായിരുന്നു മോഹിനിയാട്ടത്തിലെയും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെയും പൊലീസ് വേഷങ്ങൾ . ദ തേർഡ് മർഡറിൽ പാവത്തനായി എത്തി ചിരിപ്പിക്കുകയും ക്ളൈമാക്സിൽ ഞെട്ടിക്കുകയും ചെയ്തു. ഇനി, വരാൻ പോകുന്നതും പ്രതീക്ഷ നൽകുന്ന സിനിമകൾ. സിനിമയിലെ പുതിയ യാത്രയുടെ വിശേഷങ്ങൾ വിനയ് ഫോർട്ട് സംസാരിക്കുന്നു.
സ്‌ക്രീനിൽ കുറച്ചു നേരം മാത്രം വന്ന് സിനിമയെ വഴിതിരിച്ചുവിടുന്ന മാസ് ഇംപാക്ട് ആയി മാറുന്ന കഥാപാത്രങ്ങൾ സമീപകാലത്ത് അവതരിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതിന് എന്തായിരിക്കും കാരണം ?
ഒരു സിനിമയുടെ നിർണായക ഘട്ടത്തിൽ പ്രത്യക്ഷപ്പെടുന്ന നാടകീയതയുള്ള കഥാപാത്രങ്ങളെ വിവേകശാലികളായ സംവിധായകരും എഴുത്തുകാരും എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു എന്നതാണ് വലിയ സന്തോഷം. ‘ഐ ആം ഗെയിമിൽ ആറ് ഏഴ് മാസം താടിവച്ചു . പിന്നീട് അതേ താടിയിൽ രണ്ട് പൊലീസ് വേഷങ്ങൾ ചെയ്തു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റിൽ’ ബാങ്ക് മാനേജരുടെ വേഷം അവതരിപ്പിച്ചു. ഇതെല്ലാം ചെയ്തത് ആ ഒരേ ലുക്കിലാണ്. പ്രേക്ഷകർ കാണുന്ന തിയേറ്ററിൽ വിജയിക്കുന്ന സിനിമകളിലെ കഥാപാത്രങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച സംവിധായകർക്കാണ് അതിന്റെ ക്രെഡിറ്റ്. കാരണം, അത്തരം വേഷങ്ങൾ ലഭിക്കുകയും അത് എന്റെ ആത്മാർഥമായ സമീപനത്തിലൂടെ വർക്ക് ആകുകയും ചെയ്യുന്നു. പിന്നെ സമയത്തിന്റെ കൂടി കാര്യമുണ്ട്. കാരണം, ഇപ്പോൾ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾക്ക് അപ്പുറം നല്ല വേഷങ്ങൾ അവതരിപ്പിച്ച സിനിമകൾ മുൻപും ഉണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും സാധാരണ പ്രേക്ഷകരിലേക്ക് എത്തിയില്ല. ഇപ്പോൾ നല്ല സിനിമയിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പറ്റിയതിനാൽ ഒരുപാട് ആളുകളിലേക്ക് എത്താൻ സാധിച്ചു എന്നാണ് വിശ്വസിക്കുന്നത്.
കൊമേഴ്‌സ്യൽ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിച്ചു എന്ന് കരുതുന്നുണ്ടോ ?
ഫിലിം സ്കൂളിൽ പഠിച്ചിറങ്ങിയതിന് ശേഷം സിനിമയല്ലാതെ വേറെ പരിപാടിയൊന്നും ചെയ്തില്ല. കുറച്ചുനാൾ മുൻപ് ആർട്ടിസ്റ്റിക് സമീപനം പുലർത്തുന്ന സിനിമകൾ ചെയ്യുമായിരുന്നു. ഇപ്പോൾ മനസിലാക്കിയ ഒരു കാര്യം സിനിമയോ നാടകമോ അങ്ങനെ എന്ത് കലയായാലും ആളുകൾ കാണുക എന്നതാണ് അതിന്റെ അത്യന്തികമായ പൂർണത. അപ്പോൾ ഒരു പ്രൊഫഷണൽ അല്ലെങ്കിൽ കൊമേഴ്‌സ്യൽ ആക്ടറായി നിലനിൽക്കുമ്പോൾ എന്റെ ഇപ്പോഴത്തെ ഒരു ശ്രമം കൂടുതൽ ആളുകളിലേക്ക് എത്തുക, അവർക്ക് ആസ്വാദനം നൽകുക എന്നതാണ്. അതേസമയം സിനിമയിൽ ഇതുവരെ ചെയ്യാത്ത പരിപാടികൾ പിടിക്കുക എന്നതുമാണ് . ഇതൊരു ബ്രേക്കിങ് സമയമായി കരുതുന്നു. കാരണം കഴിഞ്ഞ പതിനേഴ് വർഷം പണിയെടുത്തപ്പോൾ ഏറ്റവും തിരക്കേറിയ ആളുകൾ സിനിമയ്ക്കുവേണ്ടി സമീപിക്കുകയും കഥ പറയുകയും ചെയ്യുന്നുണ്ട്. ഇത്തരം സിനിമകൾ വേറൊരു തരത്തിൽ പ്രശസ്തി തന്നു. അതിൽ അതിയായ സന്തോഷമുണ്ട്. ഇപ്പോൾ വേറൊന്നും കണക്കിലെടുക്കുന്നില്ല. ഇതുവരെ ചെയ്ത സിനിമയേക്കാൾ ഭേദപ്പെട്ടവയിലേക്കും മുൻപ് അവതരിപ്പിച്ച കഥാപാത്രത്തേക്കാൾ മെച്ചപ്പെട്ടവയിലേക്കും എത്തിച്ചേരുന്നതിന് ഇപ്പോൾ ചെയ്ത സിനിമകളുടെ കൊമേഴ്‌സ്യൽ വിജയങ്ങൾ സഹായിക്കും എന്നാണ് വിചാരിക്കുന്നത്.
സിനിമയിൽ നിലനിൽക്കാനും പ്രശസ്തി കൈവരിക്കാനും കൊമേഴ്‌സ്യൽ സിനിമകൾ തന്നെയല്ലേ അഭിനേതാവിന് അഭികാമ്യം?
ഏത് തൊഴിൽ ചെയ്യുമ്പോഴും അപ്ഡേഷൻ എന്ന ഘടകമുണ്ട്. നമ്മുടെ പ്രവർത്തനമേഖലയിൽ എന്ത് നടക്കുന്നു, ഏതൊക്കെ പുതിയ അഭിനേതാക്കൾ വന്നു, എന്തെല്ലാം ഗംഭീര പെർഫോമൻസും സിനിമകളും വന്നു, പുതിയ അഭിനയസമ്പ്രദായങ്ങൾ എന്തൊക്കെ എന്നീ കാര്യത്തിലൊക്കെ അപ്ഡേറ്റഡ് ആയിരുന്നാൽ മതി. പിന്നെ എപ്പോഴും ആളുകളിലേക്ക് എത്തിച്ചേരാൻ വഴി ഒന്നുതന്നെയാണ്. അത് പുതിയതോ പഴയതോ ആയിക്കോട്ടെ. സത്യസന്ധമായി സിനിമയെയും കഥാപാത്രത്തെയും സമീപിക്കുമ്പോഴാണ് ആളുകളിലേക്ക് എത്താൻ പറ്റുന്നത്. അതിന് നമ്മുടെ പ്രായമോ പുതിയതോ പഴയതോ എന്നൊന്നുമില്ല. ആത്മാർഥതയോടുകൂടി കലയെ സമീപിക്കുക എന്നതിലാണ് വിശ്വസിക്കുന്നത്. എന്റെ താഴെയുള്ള തലമുറയോടൊപ്പം പ്രവർത്തിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കുക. ഒന്ന്, കാലത്തിനനുസരിച്ച് അറിവ് പുതുക്കുക. അവർ എന്ത് ആവശ്യപ്പെടുന്നോ അതിന്റെ മുകളിൽ ഒരു സാധനം കൊടുക്കാൻ പറ്റണം എന്ന് ആഗ്രഹിക്കാറുണ്ട്.
ഫെസ്റ്റിവൽ സിനിമകളിലെ നടൻ എന്ന വിലാസത്തിൽ മുമ്പ് കണ്ടിരുന്നു എന്ന് കരുതുന്നുണ്ടോ?
അങ്ങനെയില്ല. പത്ത് പതിനേഴ് വർഷമായി ജീവിക്കുന്നത് സിനിമ ചെയ്താണ്. കരിയർ നോക്കിയാൽ ‘ഋതു’വിൽ നിന്നാണ് തുടക്കം . എടുത്തുപറയാൻ പറ്റുന്ന സിനിമകൾ അപൂർവരാഗം’, ഷട്ടർ’, ‘പ്രേമം , കിസ്മത്ത് , തമാശ , ഉറുമ്പുകൾ ഉറങ്ങാറില്ല , ‘മാലിക്’, ‘ചുരുളി’, ‘കനകം കാമിനി കലഹം’ എന്നിവയാണ്. അടുത്തിടെ ഇറങ്ങിയ കുറച്ച് സിനിമകൾ നോക്കിയാൽ ഇവയിൽ ഭൂരിഭാഗവും കൊമേഴ്‌സ്യൽ ചിത്രങ്ങൾ. അതിനിടെ നടൻ എന്ന നിലയിൽ തൃപ്തിപ്പെടുത്തുന്ന ആർട്ട് സിനിമകൾ വരുമ്പോൾ ഭാഗമാകുന്നതാണ്. ഭൂരിഭാഗവും കൊമേഴ്‌സ്യൽ അല്ലെങ്കിൽ പ്രേക്ഷകരിലേക്ക് ഏറ്റവും കൂടുതൽ എത്തുന്ന സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത്.
ക്യാരക്ടർ റോളുകൾ നായകവേഷം പോലെ ഉത്തരവാദിത്വം നൽകാറുണ്ടോ ?
ഒരേ പോലെയാണ് ഉത്തരവാദിത്വം. നായകവേഷം, ക്യാരക്ടർ റോൾ എന്നീ വേർതിരിവുകളില്ലാതെ ചെയ്യുന്ന പരിപാടികൾ എല്ലാം വർക്ക് ആവാൻ കാരണം സിനിമകളുടെ ഗുണനിലവാരമാണ് എന്ന് വിശ്വസിക്കുന്നു. ‘തമാശ’ ‘ഉറുമ്പുകൾ ഉറങ്ങാറില്ല’, ‘ഹലോ നമസ്തേ’ അങ്ങനെ ഒരുപാട് സിനിമകൾ സാമ്പത്തിക വിജയം കൈവരിച്ചു. അതുപോലെ ലീഡ് റോൾ ചെയ്ത സിനിമകളും നേട്ടം തന്നു. കഥാപാത്രത്തെ സമീപിക്കുമ്പോൾ നായകവേഷം ഒരിക്കലും മുൻഗണനയല്ല. എന്നിരുന്നാലും എന്റേതായ സിനിമകൾ ചെയ്യണം എന്നുമുണ്ട്. അപ്പോൾ നല്ല സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം. സിനിമ ഓടി കഴിഞ്ഞാൽ ഗുണം ചെയ്യുന്നതും അത്തരം കഥാപാത്രങ്ങൾക്കായിരിക്കും. ഒരു സിനിമയിലെ അഞ്ചാറ് സീനിൽ അഭിനയിച്ചുപോകുമ്പോൾ ഒരു നായകന് കിട്ടുന്നതുപോലെ അവസരങ്ങളോസാമ്പത്തിക നേട്ടമോ ഒന്നും ഉണ്ടാവുന്നില്ല. നമ്മുടേതെന്ന് പറയാൻ പറ്റുന്ന മികച്ച സിനിമകൾ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.
ഡിസ്കോ
ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോ പ്രദർശനത്തിന് എത്തി. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ , ദേവ് മോഹൻ , ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ് ,ഗായത്രി സുരേഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു . രചന ചെമ്പൻ വിനോദ് . ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും സംയ്കതമായാണ് നിർമ്മാണം.
ഭൗമ
വിനീത് , ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ഭൗമ നവംബർ 12ന് തിയേറ്രറിൽ . രേവതി ശർമ്മ, അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ സെൻഗുപ്ത, മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങി നീണ്ടതാരനിരയുണ്ട് . ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം. വിതരണം ഭാവന റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |