SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പത്തനാപുരത്ത് കൊമ്പുകോർത്ത് കൊമ്പന്മാർ

fdd

പത്തനാപുരം: കാടിറങ്ങിയ കൊമ്പന്മാരെപ്പോലെ കൊമ്പുകോർക്കുകയാണ് പത്തനാപുരത്തെ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും. മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ കെ.ബി.ഗണേശ് കുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല യു.ഡി.എഫ് സ്ഥാനാർത്ഥി. ട്വന്റി20 നേതാവും മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ അനിൽ പിള്ളയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. സ്ഥാനാർത്ഥികളേക്കാൾ വാശിയോടെ അണികൾ ആരോപണ പ്രത്യാരോപണങ്ങൾകൊണ്ട് മത്സരച്ചൂട് ഉയർത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടം മുതൽ ഗണേശ് കുമാറും ജ്യോതികുമാർ ചാമക്കാലയും വാക് പോര് തുടങ്ങിയിരുന്നു. പഴയ പല വിവാദങ്ങളും തലപൊക്കി. അടുത്തിടെ ഗണേശ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ യു.ഡി.എഫ് മൂർച്ചയുള്ള ആയുധമാക്കി. കോൺഗ്രസിലെ പടലപ്പിണക്കവും തനിക്ക് മണ്ഡലത്തിലുള്ള ജനകീയ ബന്ധങ്ങളും ഉയർത്തിക്കാട്ടി ഗണേശ് കുമാർ പ്രതിരോധിച്ചു. ഇതിനിടയിലാണ് രണ്ട് മുന്നണികളെയും ഒരുപോലെ കടന്നാക്രമിച്ച് അനിൽ പിള്ള എത്തിയത്.

കാൽനൂറ്റാണ്ടായി പത്തനാപുരത്തുകാർ കെ.ബി.ഗണേശ് കുമാറിനെയാണ് വിജയിപ്പിക്കുന്നത്. ആദ്യമായി അങ്കത്തിനിറങ്ങിയ 2001 മുതലുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും വിജയിച്ചു. കഴിഞ്ഞ തവണ 14336 വോട്ടിന് പരാജയപ്പെട്ടശേഷവും ജ്യോതികുമാർ ചാമക്കാല പത്തനാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. സ്വന്തം നാടല്ലെങ്കിലും അനിൽപിള്ളയ്ക്ക് പത്തനാപുരത്ത് ബന്ധു, സുഹൃത്ത് വലയങ്ങളുണ്ട്. വ്യക്തികേന്ദ്രീകൃതമായ ആരോപണ പ്രത്യാരോപണങ്ങൾക്ക് പുറമേ വന്യജീവി ആക്രമണം, കുടിവെള്ള ക്ഷാമം തുടങ്ങിയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് ചർച്ചയിൽ നിറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ

മേൽക്കോയ്മ നഷ്ടപ്പെട്ടു

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ് തരംഗം പത്തനാപുരത്തും എൽ.ഡി.എഫിനെ ബാധിച്ചു. 2020ൽ യു.ഡി.എഫിന് രണ്ട് പഞ്ചായത്തുകളിലേ ഭരണം ഉണ്ടായിരുന്നുള്ളു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറിലും യു.ഡി.എഫ് ഭരണം പിടിച്ചു. കെ.ബി.ഗണേശ് കുമാറിന്റെ ഭൂരിപക്ഷം 2016ലെ 24562ൽ നിന്ന് 2021ൽ 14336 ആയി കുറഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞ് എൽ.ഡി.എഫും ഗണേശ് കുമാറും അടിത്തട്ടിൽ പ്രവർത്തനം ഉഷാറാക്കി. 2021ൽ 12398 വോട്ട് മാത്രമുണ്ടായിരുന്ന ബി.ജെ.പി അഞ്ച് വർഷത്തിനിടയിൽ വേരോട്ടം ശക്തമാക്കി. രാഷ്ട്രീയക്കാറ്റിനൊപ്പം വിവിധ സമുദായങ്ങളുടെ നിലപാടും പത്തനാപുരത്തെ വിധിയിൽ നിർണായകമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA