
തിരുവനന്തപുരം: എയിംസ് സ്ഥാപിക്കാനായി കാസർകോട്, തൃശൂർ, കോട്ടയം എന്നിവിടങ്ങൾ പരിഗണനയിൽ. കേന്ദ്രത്തിന് ശുപാർശ ചെയ്യാനുള്ള കളക്ടർമാരുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു.
കാസർകോട് പെരിയ പനയാലിലെ പ്ലാന്റേഷൻ കോർപറേഷന്റെ 274.69ഏക്കർ, തൃശൂരിൽ ചാലക്കുടിയിലെ സർക്കാർ പ്രസ്, വൈഗ ത്രെഡ്‌സ്, കൊരട്ടി സർക്കാർ ആശുപത്രി എന്നിവയുടെ ഭൂമി, കോട്ടയത്ത് വെള്ളൂരിൽ കെ.പി.പി.എല്ലിന്റെ 487.31ഏക്കർ എന്നിവയാണ് പരിഗണനയിൽ.
തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിനോട് ചേർന്ന ഭൂമിയിൽ 75%ബ്രഹ്മോസിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനാൽ അവിടം പരിഗണനയിലില്ല.
ആലപ്പുഴ പുറക്കാടുള്ള 630 ഏക്കർ മണക്കൽ പാടശേഖരവും പരിഗണനയിലില്ല. കളക്ടർ റിപ്പോർട്ട് നൽകിയാൽ പരിഗണിക്കും. കുറഞ്ഞത് 200 ഏക്കറാണ് വേണ്ടത്. കേന്ദ്രത്തിന്റെ അനുകൂലതീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ജി.സുധാകരന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
കോഴിക്കോടിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെ.കെ.രമയും പ്രവീൺകുമാറും എഴുന്നേറ്റു. കിനാലൂരിനെ പരിഗണിക്കാത്തത് എന്താണെന്ന് പ്രവീൺകുമാറും കോഴിക്കോട് പരിഗണനയിൽ ഇല്ലേയെന്ന് രമയും ചോദിച്ചു. ജി.സുധാകരന്റെ ശ്രദ്ധക്ഷണിക്കൽ ആലപ്പുഴയിലെ ആവശ്യമുന്നയിച്ചാണെന്നും മറ്റിടങ്ങളിലേത് പിന്നീട് പരിഗണിക്കാമെന്നും സ്പീക്കർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |