
കണ്ണൂർ: നടൻ മമ്മൂട്ടിക്കും അദ്ദേഹത്തെ സന്ദർശിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾക്കുമെതിരെ ഇടതു സൈബർ അണികൾ ആക്രമണം അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. മമ്മൂട്ടി നാടിന്റെയാകെ പൊതുസ്വത്താണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നാൽ, ഇതിനെതിരെയും ഒരു വിഭാഗത്തിന്റെ വിമർശനം തുടരുകയാണ്. 'സഖാവെ, അങ്ങയോടുള്ള ബഹുമാനം കളയരുത്. രക്തസാക്ഷികളാണ് യഥാർത്ഥ ഹീറോകൾ. സെലിബ്രിറ്റികളോട് നേതാക്കൾ വിധേയത്വം കാണിക്കേണ്ടതില്ല' എന്നൊക്കെയാണ് കമന്റുകൾ.
കഴിഞ്ഞ മാർച്ചിൽ വയനാട്ടിൽ ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പ് മമ്മൂട്ടി അപ്രതീക്ഷിതമായി സന്ദർശിച്ചിരുന്നു. കൂടെയുണ്ടായിരുന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് തനിക്കരികിൽ നിൽക്കേണ്ടതില്ലെന്ന് പറഞ്ഞതാണ് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണത്തിന് കാരണം. അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് മമ്മൂട്ടി അറിയിച്ചതായും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് പിറ്റേന്ന് പ്രതികരിച്ചു. അനാവശ്യ വിമർശനമെന്ന് പിണറായിയും പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ എം.എൽ.എയടക്കം മമ്മൂട്ടിയെ സന്ദർശിച്ച ചിത്രം പുറത്തുവന്നതോടെയാണ് സൈബർ ആക്രമണം വീണ്ടും തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |