
നെടുമങ്ങാട് : റൂട്ട് കനാൽ ചികിത്സയ്ക്കിടെ ഡോക്ടറുടെ അശ്രദ്ധമൂലം സൂചി വിദ്യാർത്ഥിനിയുടെ തൊണ്ടയിൽ കുടുങ്ങി വയറ്റിൽ പോയി. എക്സ്റേയിൽ സൂചി ആമാശയത്തിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അരുവിക്കര വട്ടക്കുളം തെക്കനത്ത്മേലെ ലെയ്ൻ 'ശിവാത്മിക'യിൽ സീമയുടെ മകൾ ദേവിശ്രീക്കാണ് ദുരനുഭവം. പ്ലസ്ടു വിദ്യാർത്ഥിയാണ്. കഴിഞ്ഞ 31ന് വൈകിട്ട് അരുവിക്കരയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിലായിരുന്നു റൂട്ട് കനാൽ ചികിത്സ. സൂചി ഡോക്ടറുടെ കൈയിൽ നിന്ന് വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ ബൈക്കിൽ അരുവിക്കരയിലും കരകുളത്തുമുള്ള രണ്ടു സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് എക്സ്റേ എടുത്തു. സൂചി ആമാശയത്തിലുണ്ടെന്ന് കണ്ടതോടെ രക്ഷാകർത്താവിനെ അറിയിച്ചു. തുടർന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
പരാതിപ്പെട്ടിട്ടും കേസില്ല
ചികിത്സാപ്പിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മ അരുവിക്കര പൊലീസിനെ സമീപിച്ചിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് പരാതിയുണ്ട്. ഇതേസമയം,പെൺകുട്ടി സൂചി വിഴുങ്ങിയതാണെന്ന വിചിത്ര വാദമാണ് ഡെന്റൽ ക്ലിനിക് അധികൃതരുടേത്. അന്വേഷിച്ച് മേൽനടപടി സ്വീകരിക്കുമെന്ന് അരുവിക്കര പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |