
തുറവൂർ:ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിനുകുറുകെ നിർമ്മിച്ച മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ നാടകീയ രംഗങ്ങൾ. ഉദ്ഘാടകനായ മുഖ്യമന്ത്രി വി.ഡി.സതീശൻ വേദിയിലിരിക്കേ മുൻ എം.പി എ.എം.ആരിഫിനെ പ്രസംഗവേളയിൽ ജനം കൂകിവിളിച്ചു. മുൻ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പാലം ഉദ്ഘാടനം ചെയ്യാൻ നേരത്തേ ക്ഷണിച്ചിരുന്നെന്നും അദ്ദേഹത്തിന് സമയം ലഭിക്കാത്തതിനാൽ നടന്നില്ലെന്നുമുള്ള ആരിഫിന്റെ പരാമർശമാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ സർക്കാർ പാലത്തിന്റെ 90ശതമാനം പണിയും പൂർത്തിയാക്കിയിരുന്നെന്നും ഉദ്ഘാടനം മാത്രമാണ് ഇപ്പോൾ നടന്നതെന്നും ആരിഫ് പറഞ്ഞതോടെ കൂവലുയർന്നു. മര്യാദ കാണിക്കണമെന്ന് ആരിഫ് തിരിച്ചടിച്ചു. പ്രസംഗിക്കാൻ അവസരംതരാതെ
വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് മുൻ വൈക്കം എം.എൽ.എ. സി.കെ.ആശ ഇറങ്ങിപ്പോയി. നാട മുറിക്കാനായി മുഖ്യമന്ത്രി തുറന്നജീപ്പിലേക്ക് പോയപ്പോഴായിരുന്നു പ്രതിഷേധം. സി.കെ.ആശയുടെ വാഹനം തടഞ്ഞതായും ആരോപണമുയർന്നു. ഉന്നതഉദ്യോഗസ്ഥർ ഇടപെട്ടാണ് വാഹനം കടത്തിവിട്ടത്. ആലപ്പുഴ എം.പി.കെ.സി.വേണുഗോപാലിന്റെ പേര് പരാമർശിക്കാത്തതിനെച്ചൊല്ലി പൊതുമരാമത്ത്മന്ത്രി പി.കെ.ബഷീറിനെതിരെയും പ്രതിഷേധമുയർന്നു. വേണുഗോപാലിന്റെ പേര് പറയണമെന്ന് ആവശ്യപ്പെട്ടപ്പോൾ കെ.സി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. താൻ ഏറനാട്ടുകാരനാണെന്നും സദസിന്റെ ശൗര്യം മനസിലാകുമെന്നും അതിന് അനുസരിച്ച് മറുപടി പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2017ൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത മുൻ പൊതുമരാമത്ത്മന്ത്രി ജി.സുധാകരനെ ഉദ്ഘാടനനോട്ടീസിലോ ക്ഷണക്കത്തിലോ ഉൾപ്പെടുത്താതിരുന്നതും മുൻപ് വിവാദമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |