SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.44 AM IST

പാലക്കാട് ഡിവിഷൻ വിഭജനം: നിലപാടിൽ മാറ്റമില്ലെന്ന് എം.പിമാരോട് കേന്ദ്രമന്ത്രി #മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാം

READ ENGLISH VERSION
1

ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖല വേർപെടുത്തി മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേയുടെ പ്രവർത്തനപരമായ ആവശ്യം കണക്കിലെടുത്താണെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണെന്നും യു.ഡി.എഫ് എം.പിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി എക്സിൽ വ്യക്തമാക്കി. തീരുമാനം പിൻവലിക്കാനോ മരവിപ്പിക്കാനോ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതായി എം.പിമാർ പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി.സതീശനുമായി പ്രത്യേക ചർച്ച നടത്താമെന്ന് മന്ത്രി സമ്മതിച്ചതായി അറിയിച്ചു.

പാലക്കാട് ഡിവിഷൻ വിഭജനം മരവിപ്പിക്കണമെന്ന ആവശ്യവുമായി ഒൻപത് യു.ഡി.എഫ് എം.പിമാരാണ് ഇന്നലെ മന്ത്രിയെ കണ്ടത്.

കേരളത്തിലെ എം.പിമാരുമായോ സംസ്ഥാന സർക്കാരുമായോ കൂടിയാലോചന നടത്തിയില്ലെന്ന് എം.പിമാർ മന്ത്രിയെ അറിയിച്ചു. ഒക്ടോബർ ഒന്നിന് മാറ്റം പ്രാബല്യത്തിൽ വരും മുമ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന ഉറപ്പാണ് ലഭിച്ചതെന്ന് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷും പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും അറിയിച്ചു. എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.രാഘവൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ജെബി മേത്തർ, കെ.ഫ്രാൻസിസ് ജോർജ്, അടൂർ പ്രകാശ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മംഗളൂരു മേഖല പാലക്കാട് ഡിവിഷന് സാമ്പത്തികമായി നിർണായകമാണെന്നും ഇത് വേർപെടുത്തുന്നത് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നിലപാട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പാലക്കാട് ഡിവിഷന്റെ പരിധി ഒക്ടോബർ ഒന്നുമുതൽ ഉള്ളാൾ വരെയായി ചുരുങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASWINI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA