
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജൂനാഥിന് തുടർനിയമനത്തിന് ഗവർണറോട് ശുപാർശ ചെയ്യാൻ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ സമിതി തീരുമാനിച്ചു. 2021ൽ കൽപ്പറ്റ ജില്ലാ ആന്റ് സെഷൻസ് ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമായ കെ. ബൈജൂനാഥിന്റെ മൂന്നു കൊല്ലത്തെ സേവന കാലാവധി മാർച്ച് 2 ന് പൂർത്തിയാകും.
ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ബൈജൂനാഥിനെ ആക്ടിംഗ് ചെയർ പേഴ്സണായി ഗവർണർ നിയമിച്ചിരുന്നു. വി.കെ.ബീനാകുമാരിയാണ് മറ്റൊരു അംഗം.
ഹൈക്കോടതി ജഡ്ജിയുടെ പദവിക്ക് തുല്യമാണ് കമ്മിഷൻ അംഗത്തിന്റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ. ബൈജൂനാഥ് 1987 ൽ അഭിഭാഷകനായി. 1992 ൽ മജിസ്ട്രേട്ടും പിന്നീട് ജില്ല ജഡ്ജിയുമായി. കേരള ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു. കോഴിക്കോട് കുതിരവട്ടം ശബരീ തീർത്ഥത്തിൽ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും മകനാണ്. ഭാര്യ യു.കെ. ദീപ. മക്കൾ : അരുൺ കെ. നാഥ് (വിജിലൻസ് പ്രോസിക്യൂട്ടർ ), ഡോ. അമ്യത് കെ. നാഥ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |