
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ നടന്ന ആരോഗ്യ സർവകലാശാല ദക്ഷിണ മേഖല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 20 എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. 25 പേർക്കെതിരെ പാരിപ്പള്ളി പൊലീസ് വധശ്രമത്തിന് കേസെടുത്തു. പാരിപ്പള്ളി സ്വദേശികളായ നാല് പേരെ റിമാൻഡ് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണെന്ന് ആരോപണമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയും കോളേജ് യൂണിയൻ ചെയർമാനുമായ അമൽദേവ് (23), അവസാന വർഷ വിദ്യാർത്ഥി തൻവീർ (23), നാലാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് വിഷ്‌ണു (21), രണ്ടാം വർഷ വിദ്യാർത്ഥികളായ അഹമ്മദ് (21), മുഹമ്മദ് റാസിൽ (21), മൂന്നാം വർഷ വിദ്യാർത്ഥികളായ ആബേൽ (21),മുഹമ്മദ് നിഹാൽ (23), ചിന്മയശിവ (21),സ്റ്റീവ് അരുൺ ഫിലിപ്പ് (20), രണ്ടാം വർഷ വിദ്യാർത്ഥി ഹാദ്ധി (20),അമൽദേവ് ( 23) എന്നിവർ അടക്കം ഇരുപത് പേർക്കാണ് പരിക്കേറ്റത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലാണ്.
പാരിപ്പള്ളി കോട്ടയ്ക്കേറം വിഷ്ണു നിവാസിൽ വിഷ്ണു,
കോട്ടയ്ക്കേറം ജവഹർ ജംഗ്ഷൻ രമ്യ ഭവനിൽ എ. രാജേഷ്, കോട്ടയ്ക്കേറം ധന്യഭവനിൽ ദീപുകൃഷ്ണൻ (34),പാമ്പുറം ഇ.എസ്.ഐ ജംഗ്ഷൻ വാഴവിള വീട്ടിൽ ആരോമൽ (29) എന്നിവരെ പാരിപ്പള്ളി പൊലീസ് ഇന്നലെ പിടികൂടി റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ചാമ്പ്യൻമാരായ തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ സമാപന സമ്മേളനത്തിന് മുൻപേ ആഹ്ലാദ പ്രകടനം ആരംഭിച്ചതിനെ ചൊല്ലി തർക്കമുണ്ടായി. സമാപന സമ്മേളനം ആരംഭിക്കുന്നതിനിടെ വേദിയിൽ തിരു. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളും സംഘാടകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തിരുവനന്തപുരം കോളേജ് യൂണിയൻ ഭാരവാഹികൾ കെ.എസ്.യുക്കാരാണ്. 'ആരാടാ കെ.എസ്.യു' എന്ന് ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരിൽ ചിലർ പറയുന്നു.
ആരോഗ്യ സർവകലാശാല യൂണിയൻ എസ്.എഫ്.ഐക്ക് ആയതിനാൽ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കലോത്സവ നടത്തിപ്പിൽ മുന്നിലുണ്ടായിരുന്നു. കൂടുതൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. സംഘർഷം അവസാനിച്ചതിന് പിന്നാലെ സമാപന സമ്മേളനം നടത്തിയെങ്കിലും ഓവറാൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി വിതരണം ചെയ്തില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |